scorecardresearch

പ്രണയം വീട്ടിൽ പിടിക്കപ്പെട്ടപ്പോൾ, അപ്പൻ ജഡ്ജ്, ചേട്ടൻ വക്കീൽ, ഞാൻ പ്രതി; രസകരമായ ഓർമ പങ്കുവെച്ച് ടൊവിനോ

“പ്രേമം വീട്ടിൽ അറിഞ്ഞപ്പോൾ അപ്പൻ ആദ്യം കുറച്ചു കലിപ്പായിരുന്നു. അന്നെനിക്ക് 19 വയസ്സാണ് പ്രായം”

പ്രണയം വീട്ടിൽ പിടിക്കപ്പെട്ടപ്പോൾ, അപ്പൻ ജഡ്ജ്, ചേട്ടൻ വക്കീൽ, ഞാൻ പ്രതി; രസകരമായ ഓർമ പങ്കുവെച്ച് ടൊവിനോ

വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ടൊവിനോ ലിഡിയയെ ജീവിതസഖിയാക്കുന്നത്. പ്ലസ് ടു കാലത്താണ് ഇരുവരും തമ്മിലുള്ള പ്രണയം തുടങ്ങിയത്. ഒരുപാട് കാലം പിറകെ നടന്നിട്ടാണ് ലിഡിയ തന്നോട് ഇഷ്ടമാണെന്ന് പറഞ്ഞതെന്ന് ടൊവിനോ തന്നെ നിരവധി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 2012 ൽ സിനിമയിൽ അരങ്ങേറ്റം കുറിച്ച ടൊവിനോ 2014 ലാണ് ലിഡിയയെ വിവാഹം ചെയ്യുന്നത്.

തന്റെ പ്രണയം വീട്ടിലറിഞ്ഞ ദിവസങ്ങളെ കുറിച്ച് ടൊവിനോ പറഞ്ഞ രസകരമായ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്, ധന്യ വർമ്മയ്ക്ക് ഒപ്പമുള്ള ടോക് ഷോയിലായിരുന്നു ടൊവിനോ അനുഭവം പങ്കിട്ടത്.

“എനിക്ക് വേണ്ടി എപ്പോഴും സംസാരിച്ചിരുന്നത് ചേട്ടനാണ്. എന്റെ പ്രണയകാര്യം പോലും വീട്ടിൽ പപ്പയോട് സംസാരിച്ചത് ചേട്ടനാണ്. അവനിഷ്ടമുള്ള ആളെയല്ലേ അവൻ കല്യാണം കഴിക്കേണ്ടത്? എന്നൊക്കെ ചോദിച്ചു. അതും ഏത് പ്രായത്തിലാണെന്ന് ആലോചിക്കണം, എന്നേക്കാൾ ഒരു വയസ്സേ അവനു മൂപ്പുള്ളൂ.”

“പ്രേമം വീട്ടിൽ അറിഞ്ഞപ്പോൾ അപ്പൻ ആദ്യം കുറച്ചു കലിപ്പായിരുന്നു. അന്നെനിക്ക് 19 വയസ്സാണ് പ്രായം. ഞാൻ പറഞ്ഞിട്ട് അറിഞ്ഞതല്ല, വേറൊരു വഴിയ്ക്ക് അറിഞ്ഞതാണ്. അന്ന് കോടതി മുറി പോലെയായിരുന്നു. അപ്പൻ അവിടെ ഇരിക്കുന്നു, ചേട്ടൻ ഒരു സൈഡിലിരിക്കുന്നു, അമ്മയും ചേച്ചിയും അപ്പുറത്തെ വശത്ത്. അവര് കോടതിയിലെ കാഴ്ചക്കാര്, അപ്പൻ ജഡ്ജി, ചേട്ടൻ എന്റെ വക്കീൽ. ഞാൻ മറ്റേ പ്രതി. അപ്പന്റെ ഓഫീസ് റൂമാണ് രംഗം.”

“എനിക്ക് അവളില്ലാതെ പറ്റില്ല എന്നൊക്കെ പറഞ്ഞ് ഞാൻ സങ്കടപ്പെടുന്നു. നോക്കട്ടെ, പഠനമൊക്കെ കഴിഞ്ഞ് അന്നും ഇതു നിലനിൽക്കുന്നുണ്ടെങ്കിൽ നമുക്ക് ആലോചിക്കാം എന്നൊക്കെ പറഞ്ഞു. അതും കഴിഞ്ഞ് എന്നെ മാറ്റി നിർത്തിയിട്ട് പുള്ളി വേറൊരു കാര്യം കൂടി പറഞ്ഞു. ഇഷ്ടമുള്ള പെണ്ണിനെ കല്യാണം കഴിച്ചു കഴിഞ്ഞാൽ നിന്നെ വീട്ടിൽ നിന്ന് പുറത്താക്കി പാതി സ്വത്ത് തരില്ല എന്നു പറയുന്ന സിനിമയിലെ അപ്പന്മാരെ പോലെയൊന്നുമല്ല ഞാൻ. നീ ആരെ കല്യാണം കഴിച്ചാലും കല്യാണം കഴിക്കുന്ന അന്നു മുതൽ അവളെന്റെ മോളാണ്. അതിൽ മാറ്റമൊന്നുമില്ല. പക്ഷേ നിന്റെ പ്രായം ഇതായതോണ്ട് നിനക്കൊരു തീരുമാനമെടുക്കാനുള്ള പക്വതയുണ്ടോ എന്നനിക്കറിയില്ല. ഇങ്ങനത്തെ ഒരു അപ്പനാണ് അദ്ദേഹം,” ടൊവിനോ പറയുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas shares his love story parents response