മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ടൊവിനോ തോമസും ബേസിൽ ജോസഫും. ഇരുവരും തമ്മിലുള്ള സൗഹൃദവും ആരാധകർ ഏറെ ആഘോഷിക്കാറുണ്ട്. ബേസിലിന് അനവധി അംഗീകാരങ്ങൾ നേടി കൊടുത്ത ‘മിന്നൽ മുരളി’ എന്ന ചിത്രത്തിൽ നായകനായെത്തിയത് ടൊവിനോയായിരുന്നു. സംവിധായകൻ – നടൻ എന്ന ഹിറ്റ് കോമ്പോ ജീവിതത്തിലും ഇവർ പകർത്തി.
ഇരുവരുടെയും പിറന്നാൾ ദിനത്തിൽ രസകരമായ വീഡിയോകൾ താരങ്ങൾ പങ്കുവയ്ക്കാറുണ്ട്. പരസ്പരം ട്രോൾ ചെയ്യാനുള്ള അവസരങ്ങളൊന്നും തന്നെ സുഹൃത്തുക്കൾ പാഴാക്കാറില്ലെന്നാണ് ആരാധകർ പറയുന്നത്. ടൊവിനോയുടെ പിറന്നാൾ ദിവസം പ്രത്യേക രീതിൽ കിടന്നുറങ്ങുന്ന സൂപ്പർ ഹീറോ എന്ന തരത്തിൽ ബേസിൽ ചിത്രം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ അതേ അളവിൽ തന്നെയുള്ള ഒരു അടിപൊളി ആശംസ വീഡിയോയാണ് ടൊവിനോയും ഷെയർ ചെയ്തിരിക്കുന്നത്.
എആർ സാങ്കേതിക വിദ്യ പരീക്ഷിക്കുകയാണ് ബേസിൽ. ആദ്യം നിസ്സാരമെന്ന് തോന്നിയെങ്കിലും പിന്നീട് സംഭവം ബേസിലിനെ കുഴപ്പത്തിലാക്കുകയാണ്. ‘തലകറങ്ങുന്നെടാ’ എന്നു പറഞ്ഞാണ് ബേസിൽ ഉപകരണം മുഖത്തു നിന്ന് അഴിച്ചു മാറ്റുന്നത്. വീഡിയോയയുടെ പശ്ചാത്തലത്തിൽ ബേസിലിന്റെ സംസാരം കേട്ട് പൊട്ടിച്ചിരിക്കുന്ന ടൊവിനോയുടെ ശബ്ദം കേൾക്കാം.
ബേസിലിന്റെ ഭാര്യ എലിസബത്തും രസകരമായ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. താരത്തിന്റെ എല്ലാ പിറന്നാളിനും പ്രിയതമ ഇത്തരത്തിലുള്ള പൊട്ടിച്ചിരി ഉണർത്തുന്ന ദൃശ്യങ്ങൾ പങ്കുവയ്ക്കാറുണ്ട്.
രണ്ടു വീഡിയോയ്ക്ക് താഴെയും ആരാധകരുടെ രസകരമായ കമന്റുകളും നിറയുന്നുണ്ട്. ടൊവിനോയുടെ അടുത്ത് ഇത്തരത്തിൽ ഒരുപാട് വീഡിയോ സ്റ്റോക്കുണ്ടല്ലേയെന്നാണ് ആരാധകർ ചോദിക്കുന്നത്.
ബേസിലിന്റെ കരിയറിലും ജീവിതത്തിലും ഒരുപോലെ സന്തോഷം നിറഞ്ഞ വർഷമാണ് കടന്നു പോയത്. മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ് ബേസിൽ സ്വന്തമാക്കിയിരുന്നു. ‘മിന്നൽ മുരളി’ എന്ന ചിത്രത്തിനാണ് അംഗീകാരം നേടിയത്. ബേസിലിന്റെ കരിയർ ബെസ്റ്റ് ചിത്രവും 2022 ലെ ഹിറ്റുമായി ‘ജയജയജയജയഹേ’യിലെ നായകനായെത്തി. 2023 ഫെബ്രുവരിയാണ് ബേസിലിനും ഭാര്യ എലിസബത്തിനും മകൾ ജനിച്ചത്. സന്തോഷ വാർത്ത ബേസിൽ ആരാധകരുമായി പങ്കുവച്ചിരുന്നു.