സാഹസികതയോട് ഏറെ താൽപ്പര്യമുള്ള താരമാണ് യുവതാരം ടൊവിനോ തോമസ്. ‘മിന്നൽ മുരളി’ പോലുള്ള ചിത്രങ്ങളുടെ സംഘടന സീനുകളിലും മറ്റും ഡ്യൂപ്പില്ലാതെ അഭിനയിച്ച ടൊവിനോയുടെ വീഡിയോകൾ മുൻപ് വൈറലാവുകയും ചെയ്തിരുന്നു.സോഷ്യൽ മീഡിയയിൽ സജീവമായ ടൊവിനോ ഇടയ്ക്ക് രസകരമായ വീഡിയോകളും പങ്കുവയ്ക്കാറുണ്ട്. പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ വച്ച് പകർത്തിയ ദൃശ്യങ്ങളാണ് താരം ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.
ഉദിച്ചു വരുന്ന സൂര്യനെ കഴിക്കുന്നതു പോലെയുള്ള ആക്ഷൻ കാണിക്കുന്ന ടൊവിനോയെ വീഡിയോയിൽ കാണാം.’ലൈറ്റ് ബ്രേക്ക്ഫാസ്റ്റ്’ എന്നാണ് ചിത്രത്തിനു അടികുറിപ്പായി നൽകിയത്.
വളരെ രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ നിറയുന്നത്. വെറുതെയല്ല കേരളത്തിൽ നല്ല തണുപ്പ്, കൊള്ളാം നല്ല ടേസ്റ്റുണ്ടല്ലേ അങ്ങനെ നീളുന്നു കമന്റുകൾ. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോൾ താരം.
ജിതിൻ ലാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങളായാണ് ടൊവിനോ വേഷമിടുന്നത്. സുജിത്ത് നമ്പ്യാർ തിരകഥ എഴുതുന്ന ചിത്രത്തിന്റെ നിർമാണം ഡോക്ടർ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.