മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം.’ ചിത്രത്തിലെ ടൊവിനോയുടെ ലുക്ക് ഏറെ വൈറലായിരുന്നു. ഷൂട്ടിങ്ങ് പൂർത്തിയായതിനു ശേഷം തന്റെ അനുഭവങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ചിത്രത്തിലെ താരത്തിന്റെ ലുക്കിലുള്ള ചിത്രങ്ങൾക്കൊപ്പമാണ് കുറിപ്പ് ഷെയർ ചെയ്തത്.
“ഒരു ഇതിഹാസ അനുഭവം അവസാനിക്കുന്നു.110 ദിവസത്തെ ഷൂട്ടിംഗിന് ശേഷം, അജയന്റെ രണ്ടാം മോഷണത്തിന്റെ ഷെഡ്യൂൾ അവസാനിക്കുകയാണ്. ഒരു തുടക്കകാരൻ എന്ന നിലയിൽ ഇതൊരു ഇതിഹാസ സിനിമ തന്നെയാണ്. ഈ ചിത്രം എനിക്കു സമ്മാനിച്ച അനുഭവങ്ങൾ വളരെ വലുതാണ്. മറ്റൊരു യുഗത്തിൽ നിന്ന് ഉയർന്നു വന്ന ആളെ പോലെയാണ് എനിക്ക് സ്വയം തോന്നിയത്. 2017 മുതൽ ഈ ചിത്രം ഞങ്ങളെ ആവേശം കൊള്ളിച്ചിരുന്നു, എന്നാൽ ചില കാരണങ്ങളാൽ ഷൂട്ടിങ്ങ് ആരംഭിക്കുന്നതിന് കാലതാമസം അനുഭവപ്പെട്ടു. ഒടുവിൽ ഒരുപാട് സന്തോഷവും സംതൃപ്തിയുമൊക്കെ സമ്മാനിച്ച ഷൂട്ടിങ്ങ് അനുഭവം ഇവിടെ അവസാനിക്കുകയാണ്. കളരിപ്പയറ്റും കുതിരസവാരിയ്ക്കുമൊപ്പം അഭിനയത്തിന്റെ പുതിയ പാഠങ്ങളും ഞാൻ പഠിച്ചു.”
“ചിത്രത്തിൽ മൂന്നു വ്യത്യസ്ത കഥാപാത്രങ്ങളായി ഞാൻ വേഷമിടുന്നുണ്ട്. ഏറ്റവും ബുദ്ധിമുട്ടേറിയ ഷൂട്ടിങ്ങ് സമയങ്ങളിൽ എന്റെ ചുറ്റുമുണ്ടായിരുന്നവർ അത് ധൈര്യത്തോടെ നേരിടാൻ സഹായിച്ചു. ഷൂട്ടിനു ശേഷം ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നത് കാസർകോടിനോടാണ്. ഞാൻ ഇങ്ങോട് തിരിച്ചുവരുന്നതായിരിക്കും. ഇനി കാത്തിരിപ്പിന്റെ നാളുകളാണ്, ചിത്രം തിയേറ്ററിലെത്തിയ ശേഷമുള്ള നിങ്ങളുടെ പ്രതികരണങ്ങൾക്കായി കാത്തിരിക്കുന്നു” ടൊവിനോ കുറിച്ചു.
പോരാളിയുടെ വേഷത്തിലുള്ള ചിത്രമാണ് ടൊവിനോ പങ്കുവച്ചത്. മാത്രമല്ല മറ്റു വ്യത്യസ്ത ലുക്കിലുള്ള ഫൊട്ടൊകളും താരം ഷെയർ ചെയ്തിട്ടുണ്ട്. ചിത്രത്തിനായി തങ്ങളും കാത്തിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്.
ചിയോത്തികാവ് എന്ന പ്രദേശത്തെ കള്ളന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിൽ കുഞ്ഞികേളു എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്. ജിതിൻ ലാൽ ആണ് സംവിധായകൻ. ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങളായാണ് ടൊവിനോ വേഷമിടുന്നത്. സുജിത്ത് നമ്പ്യാർ തിരകഥ എഴുതുന്ന ചിത്രത്തിന്റെ നിർമാണം ഡോക്ടർ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.