ആഫ്രിക്കൻ ട്രിപ്പിലാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടൻ ടൊവിനോ തോമസ്. കഴിഞ്ഞ ദിവസം ആഫ്രിക്കൻ അവധി ആഘോഷത്തിനിടെ ടൊവിനോ പകർത്തിയ പെൺ സിംഹത്തിന്റെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു സാഹസിക വീഡിയോ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് താരം.
ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിൽ ഒന്നായ വിക്റ്റോറിയ ഫാൾസിനു മുകളിൽ നിന്ന് ചാടുകയാണ് ടൊവിനോ. വിദഗ്ധരുടെ സഹായത്തോടെ ബഞ്ചി ജമ്പിങ് ചെയ്യുകയാണ് താരം. ഒരുപാട് ഉയരമുള്ള സ്ഥലത്തിനു നിന്ന് സുരക്ഷാക്രമീകരണങ്ങളോടെ ചാടുന്ന വിനോദമാണ് ബഞ്ചി ജമ്പിങ്. വളരെയധികം ഉയരത്തിൽ നിന്നാണ് ചാടുന്നതെങ്കിലും ടൊവിനോയുടെ മുഖത്ത് അതിന്റേതായ യാതൊരു പേടിയുമില്ല. ആ നിമിഷം നല്ലരീതിയിലാണ് ആസ്വദിക്കുകയാണ് ടൊവിനോ. മിന്നൽ മുരളി ചിത്രത്തിലെ തീം സോങ്ങാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി നൽകിയത്.
“ഒരു വീഴ്ചയിൽ നിന്നാണ് ഉയർച്ചയുടെ തുടക്കമെന്ന് ബുദ്ധിമാനായ ആരോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇപ്പോൾ ഞാൻ വീഴ്ച എന്ന ആർട്ട് പഠിക്കുകയാണ്, ഒരിക്കൽ എനിക്ക് പറക്കാൻ കഴിയും എന്ന വിശ്വാസത്തിൽ. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ വിക്റ്റോറിയ ഫാൾസിൽ നിന്നുള്ള ചാട്ടം. സിംബാബ്‌വെ യിൽ നിന്ന് ചാടി സാബിയയിൽ പൊങ്ങി” ടൊവിനോ കുറിച്ചു.
മിന്നൽ മുരളിയ്ക്ക് ഇതൊക്കെ നിസ്സാരം എന്നാണ് ആരാധകർ വീഡിയോയ്ക്ക് താഴെ കുറിക്കുന്നത്. ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘നീലവെളിച്ചം’ ആണ് ടൊവിനോയുടെ പുതിയ ചിത്രം. ഏപ്രിൽ 20 ന് റിലീസിനെത്തുന്ന ചിത്രം വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം ചെറുകഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ജൂഡ് ആന്റണിയുടെ ‘2018’ ലും ടൊവിനോ വേഷമിടുന്നുണ്ട്. ചിത്രം ഏപ്രിൽ 21 ന് തിയേറ്ററുകളിലെത്തും.