മമ്മൂട്ടി ആരാധകരുടെ ആക്രമണത്തില്‍ മനംനൊന്ത് ഫെയ്‌സ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് നടി അന്ന രാജന്‍ ക്ഷമാപണം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി മറ്റു താരങ്ങള്‍. വിഷയത്തില്‍ കുറ്റക്കാര്‍ മാധ്യമങ്ങളാണെന്ന് യുവ നടന്‍ ടൊവിനോ തോമസ് പ്രതികരിച്ചു.

‘ആ കുട്ടി ഇന്നലെ ലൈവില്‍ കരയുന്നത് കണ്ടിരുന്നു. സത്യത്തില്‍ ഫാന്‍സിനെ അല്ല ഇവിടുത്തെ മാധ്യമങ്ങളെയാണ് ഞാന്‍ കുറ്റം പറയുക. ഒരു ചെറിയ വിഷയത്തെ ഇത്രയേറെ പെരുപ്പിച്ച് വാര്‍ത്തയാക്കിയത് മാധ്യമങ്ങളാണ്. പിന്നെ അന്ന പറഞ്ഞ കാര്യത്തെ വളച്ചൊടിച്ചാണ് മിക്ക റിപ്പോര്‍ട്ടുകളും പ്രത്യക്ഷപ്പെട്ടത്. ടോയ്‌ലറ്റ് പേപ്പര്‍ ജേര്‍ണലിസം എന്താണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. പ്രത്യേകിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍. ചില വാര്‍ത്തകള്‍ക്ക് കൊടുക്കുന്ന തലക്കെട്ടുകള്‍ വായിച്ച് വാര്‍ത്തയിലേക്ക് പോകുമ്പോള്‍ പരസ്പരം ഒരു ബന്ധവും ഉണ്ടാകില്ല. ഇത്തരം അവസ്ഥകളിലൂടെയൊക്കെ ഞാനും കടന്നു പോയിട്ടുണ്ട്. ഇവിടെ എന്തുകൊടുത്താല്‍ വാര്‍ത്തയാകും വിവാദമാകും എന്ന് മാധ്യമങ്ങള്‍ക്ക് നന്നായി അറിയാം.’

ഭയങ്കരമായ ആരാധനയുളളവരാണ് മിക്കപ്പോഴും താരസംഘടനകളില്‍ അംഗത്വം എടുക്കുന്നതെന്നും അവരുടെ മനഃശാസ്ത്രം എന്തെന്ന് അറിയാവുന്ന മാധ്യമങ്ങള്‍ ഇത്തരം അവസരങ്ങളെ ദുരുപയോഗം ചെയ്യുകയാണെന്നും ടൊവിനോ തോമസ് കൂട്ടിച്ചേര്‍ത്തു. ‘എന്തു കാര്യത്തിന്റെ പേരിലായാലും ഒരാളെ വ്യക്തിത്വഹത്യ ചെയ്യുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. അതേസമയം ഇതൊക്കെയാണ് സംഭവിക്കുക എന്നറിഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ വാര്‍ത്തകളെ വളച്ചൊടിക്കുന്നത് തീര്‍ത്തും മോശമായൊരു പ്രവണതയാണ്. പിന്നെ നമ്മുടെ നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടേണ്ട ഇതിനേക്കാൾ ഗുരുതരമായ ധാരാളം പ്രശ്‌നങ്ങളുണ്ട്.’ ടൊവിനോ വ്യക്തമാക്കി.

Read More: എന്തിനാണ് ലിച്ചി ക്ഷമ ചോദിക്കുന്നത്? റിമ കല്ലിങ്കൽ

പ്രായം കൊണ്ടും അനുഭവം കൊണ്ടും വളരെ ചെറിയ കുട്ടിയാണ് അന്ന രാജന്‍ എന്നും അവരെ തെറി വിളിച്ചത് അനാവശ്യമായ നടപടിയാണെന്നും നടി സജിത മഠത്തില്‍ പ്രതികരിച്ചു.

‘ഒരു അഭിനേതാവ് എന്ന നിലയിൽ വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ച്, എല്ലാവരാലും അംഗീകരിക്കപ്പെട്ട നടനാണ് മമ്മുട്ടി. പല പ്രായത്തിലുള്ള കഥാപാത്രങ്ങളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. അവൾക്ക് അദ്ദേഹത്തിന്റെ മകളായി അഭിനയിക്കണം എന്നാഗ്രഹം തോന്നുന്നത് എങ്ങിനെ മോശം കാര്യമാകും? അവളെ ഇത്തരത്തിൽ കരഞ്ഞു മാപ്പു പറയിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത് മലയാളിയുടെ ആൺ കാഴ്ചാ ബോധം തന്നെയാണ്. തെറ്റായി പോയി എന്നു പറയുവാൻ തക്ക ഉയർന്ന സ്ത്രീപക്ഷ ചിന്ത മഹാനടൻമാരിൽ നിന്നോ ഫാൻസിൽ നിന്നോ നമുക്ക് പ്രതീക്ഷിക്കാനാവുമോ? ഫാന്‍സിന്റെ ഈ തെറി വിളിയുടെ അവസാനത്തെ ഇരയാണ് ലിച്ചി.’

Read More: ‘മമ്മൂക്കയേയും കുഞ്ഞിക്കയേയും ബഹുമാനിക്കുന്നു’; ലൈവായി കരഞ്ഞ് ലിച്ചി

എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളെയെല്ലാം അത് അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാന്‍ പഠിക്കണം എന്നായിരുന്നു നടന്‍ അലന്‍സിയറിന്റെ പ്രതികരണം.

‘ഇങ്ങനെയുള്ള ഒരുപാട് പ്രശ്‌നങ്ങള്‍ വരും കാലങ്ങളില്‍ നേരിടേണ്ടി വരും. ഇതിനെയെല്ലാം അവഗണിച്ച് മുന്നോട്ടു പോയാലേ ജീവിക്കാന്‍ പറ്റൂ. ആ കുട്ടി ഒരു പുതുമുഖം ആയതുകൊണ്ടു കൂടി ആയിരിക്കും ഇത്രയധികം ബാധിച്ചത്. മമ്മൂക്ക ഇതൊന്നും ഒരു പ്രശ്‌നമായി പോലും എടുക്കുന്ന ആളാണെന്ന് കരുതുന്നില്ല. ഫാന്‍സിന്റെ വിവരമില്ലായ്മയാണിത്. ഫാന്‍സ് അസോസിയേഷനുകളെ ഞാന്‍ കുറ്റം പറയുന്നില്ല. കാരണം അവര്‍ ഒരുപാട് നല്ല കാര്യങ്ങള്‍ നാട്ടില്‍ ചെയ്യുന്നുണ്ടെന്നത് മറന്നകൂട. എന്നാല്‍ ഇത്തരം അന്ധമായ ആരാധനയോടു യോജിക്കുന്നില്ല.’ അലന്‍സിയര്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ