ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘നീലവെളിച്ചം.’ വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുക്കഥ നീലവെളിച്ചത്തെ അടിസ്ഥാനമാക്കി നിർമിച്ച ചിത്രം 1964ൽ പുറതിറങ്ങിയ ‘ഭാർഗ്ഗവീ നിലയ’ത്തിന്റെ റീമേക്കാണ്. റിമ കല്ലിങ്കൽ, റോഷൻ മാത്യൂ, ടൊവിനോ തോമസ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒപിഎം സിനിമാസിന്റെ യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
താരങ്ങളായ റോഷൻ മാത്യൂ, ടൊവിനോ എന്നിവരെ വീഡിയോയിൽ കാണാം. ഇരുവരും തങ്ങളുടെ സിനിമാവിശേഷങ്ങളും മറ്റും പങ്കുവയ്ക്കുകയാണ്. എന്നാൽ ഇവിടെ ടൊവിനോയായി സംസാരിക്കുന്നത് റോഷനും, റോഷന്റെ വിശേഷങ്ങൾ പറയുന്നത് ടൊവിനോയുമാണ്. അതുകൊണ്ട് തന്നെ തലമാറട്ടെ എന്നാണ് അഭിമുഖത്തിനു നൽകിയ പേര്.
മാസ്ക്ക് ധരിച്ചാണ് ടൊവിനോ അഭിമുഖത്തിനെത്തുന്നത്. എന്തിനാണ് മാസ്ക്ക് വച്ചിരിക്കുന്നതെന്ന് റോഷൻ ചോദിക്കുമ്പോൾ താടിയെടുത്തു അതുകൊണ്ടാണെന്നാണ് ടൊവിനോയുടെ മറുപടി. അല്ലെങ്കിലും താടിയെടുത്താൽ നിനക്ക് ചപ്ലാച്ചി ലുക്കാണെന്ന് പറയുന്നത് ചിരിയുണർത്തുന്ന നിമിഷമാണ്. വളരെ രസകരമായ കാര്യമെന്തെന്നാൽ ഇവിടെ റോഷൻ സ്വന്തം ലുക്കിനെ തന്നെയാണ് കളിയാക്കുന്നതെന്നതാണ്.
റോഷന്റെ ബോളിവുഡ് സിനിമാബന്ധങ്ങളെ കുറിച്ചും മിന്നൽ മുരളി രണ്ടാം ഭാഗത്തെ പറ്റിയൊക്കെ ഇരുവരും സംസാരിക്കുന്നുണ്ട്. ഇടയ്ക്ക് റോഷന്റെ ഫോൺ റിങ്ങ് ചെയ്യുമ്പോൾ എന്റെ തത്ത വിളിക്കുകയാണെന്ന് പറയുകയാണ്. ടൊവിനോയുടെ വീട്ടിൽ ഒരുപാട് പക്ഷിയും മൃഗങ്ങളുമുണ്ട്. ഇതിനെ വളരെ രസകരമായി അവതരിപ്പിക്കുകയാണ് റോഷൻ. ടൊവിനോയുടെ ആഫ്രിക്കൻ ട്രിപ്പിലെ സാഹസിക കാര്യങ്ങളെ കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്.
ഒപിഎം സിനിമാസ് നിർമിച്ച ‘നീലവെളിച്ചം’ ഏപ്രിൽ 20 നാണ് തിയേറ്ററുകളിലെത്തിയത്.