സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സെലിബ്രിറ്റികളില്‍ ഒരാളാണ് ടൊവിനോ തോമസ്. ഷൂട്ടിങ് സമയത്തെയും സ്വകാര്യ ജീവിതത്തിലെയും കൊച്ചു കൊച്ചു വിശേഷങ്ങള്‍ ടൊവിനോ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തവണ ഒരു വീഡിയോയാണ് ടൊവിനോ പങ്കുവച്ചിരിക്കുന്നത്. സന്തോഷത്തിനും സങ്കടത്തിനും ഇടയിലുള്ള ദൂരം-ഒരു നിമിഷം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഒന്നിനു മേലെ ഒന്നായി പലരൂപത്തില്‍ അടുക്കിവച്ചിരിക്കുന്ന ചരുത്തക്കട്ടകള്‍ക്കിടയില്‍ നിന്നും വളരെ സൂക്ഷിച്ച് താഴെ വീഴാതെ ഒരു ചതുരക്കട്ട ടൊവിനോ പുറത്തേക്കെടുക്കുകയാണ്. വളരെയധികം ശ്രദ്ധയോടെയാണ് താരം അതെടുക്കുന്നത്. ഒടുവില്‍ പതിയെ പുറത്തെടുത്ത് സന്തോഷം കൊണ്ട് കൈയ്യുയര്‍ത്തുമ്പോള്‍ അതാ പെട്ടെന്നെല്ലാം കൂടെ താഴെ വീഴുന്നു. ഇതു കണ്ട് നിരാശയോടെ തൊവിനോ തലയില്‍ കൈ വയ്ക്കുന്നത് കാണാം.

ഇവിടെ സന്തോഷം പെട്ടെന്ന് സങ്കടമായി മാറുന്നതാണ് കാണുന്നത്. വീഡിയോയ്‌ക്കൊപ്പമുള്ള അടിക്കുറിപ്പിന്റെ പ്രസക്തിയും ഇതു തന്നെ. ടൊവിനോ പോസ്റ്റ് ചെയ്ത വീഡിയോയുടെ താഴെ നിരവധി കമന്റുകള്‍ വരുന്നുണ്ട്.

ഒരുപിടി നല്ല ചിത്രങ്ങളാണ് ടൊവിനോയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. കല്‍ക്കി എന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. മാസ്സ് ലുക്കിലാണ് ടീസറില്‍ ടൊവിനോ എത്തുന്നത്. ഒരു ഗംഭീര ആക്ഷന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത് എന്നതാണ് ടീസര്‍ നല്‍കുന്ന സൂചന.

Read More: ‘അച്ചായൻ മാസല്ല, മരണമാസ്സ്’; ടൊവിനോയുടെ ‘കല്‍ക്കി’ ടീസര്‍

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങളിലൊന്നായ ഇന്‍സ്പെക്ടര്‍ ബല്‍റാമില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട പൊലീസ് കഥാപാത്രമായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. നവാഗതനായ പ്രവീണ്‍ പ്രഭാറാം ആണ് ചിത്രത്തിന്റെ സംവിധായകന്‍. ‘സെക്കന്‍ഡ് ഷോ’, ‘തീവണ്ടി’ തുടങ്ങിയ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു പ്രവീണ്‍ പ്രഭാറാം.

സുജിന്‍ സുജാതനും പ്രവീണ്‍ പ്രഭാറാമും ചേര്‍ന്ന് ‘കല്‍ക്കി’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കറും സംഗീതസംവിധാനം ജേക്ക്സ് ബിജോയും നിര്‍വ്വഹിക്കും. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ കൃഷ്ണനും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

”കല്‍ക്കി’ കുറച്ചു കൂടി കൊമേഴ്‌സ്യല്‍ ആസ്പെക്റ്റ്‌സ് ഉള്ള സിനിമയാണ്. എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന സിനിമകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. അതു കൊണ്ട് എന്റെ കരിയറില്‍ ‘കല്‍ക്കി’യും വേണം,” എന്നാണ് ‘കല്‍ക്കി’യെന്ന ചിത്രത്തെ കുറിച്ച് ടൊവിനോ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ്റ്റു’, ‘ഉയരെ’, ‘ലൂക്ക’, ‘വൈറസ്’, ‘കിലോമീറ്റേഴ്‌സ് ആന്റ് കിലോമീറ്റേഴ്‌സ്’ എന്നു തുടങ്ങി നിരവധി ചിത്രങ്ങളാണ് ടോവിനോയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook