‘2018’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനായി തിങ്കളാഴ്ച്ച മുംബൈയിലെത്തിയതാണ് നടൻ ടൊവിനോ തോമസ്. ദി റിയൽ കേരള സ്റ്റോറി എന്നു 2018 നെ വിശേഷിപ്പിക്കുമ്പോൾ എന്താണ് തോന്നുന്നെതന്നും ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം തന്റെ ദേശത്തെ പ്രത്യേക രീതിയിൽ ചിത്രീകരിക്കുന്നത് വേദനിപ്പിക്കുന്നുണ്ടോയെന്ന ചോദ്യത്തിനും മറുപടി നൽകുകയാണ് താരം. മൂന്നു പേരെ കുറിച്ച് പറയുന്ന കഥയെ പൊതുവായ പ്രശ്നമായി കരുതരുതെന്നാണ് ടൊവിനോ പറഞ്ഞത്.
“ഞാനിതുവരെയും ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം കണ്ടിട്ടില്ല, അതു കണ്ട ആരോടും സംസാരിച്ചിട്ടുമില്ല. ട്രെയിലർ ഞാൻ കണ്ടു. അതിന്റെ ഡിസ്ക്രിപ്പ്ഷനിൽ ആദ്യം 32,000 സ്ത്രീകളെന്ന് എഴുതി പിന്നീട് അണിയറപ്രവർത്തകർ തന്നെ 3 എന്നു തിരുത്തി. അതിന്റെ അർത്ഥമെന്താണ്? എന്റെ അറിവിൽ കേരളത്തിൽ മൂന്നര കോടി ജനങ്ങളുണ്ട്. ഈ മൂന്ന് പ്രശ്നങ്ങളെ മാത്രം കണ്ട് അതൊരിക്കലും പൊതു പ്രശ്നമായി ചിത്രീകരിക്കാനാകില്ല. ഇത് കേരളത്തിൽ സംഭവിച്ച കാര്യമല്ലെന്ന് ഞാൻ പറയുന്നില്ല. സംഭവിച്ചിട്ടുണ്ടാകാം. എനിക്ക് ഇതിനെക്കുറിച്ച് വ്യക്തിപരമായ അറിവില്ല പക്ഷെ വാർത്തകളിൽ കണ്ടിട്ടുണ്ട്. ഇന്ന് നമ്മൾ കാണുന്ന പല കാര്യവും സത്യമല്ല അതു അഭിപ്രായങ്ങൾ മാത്രമാണ്. ഒരേ വാർത്ത അഞ്ചു ന്യൂസ് ചാനലുകളിൽ അഞ്ചു രീതിയിലാണ് കാണിക്കാറുള്ളത്. അതുകൊണ്ട് സത്യം എന്തെന്നോ തെറ്റേതെന്നോ എനിക്ക് അറിയില്ല ഈ അഭിപ്രായങ്ങളെല്ലാം ഞാൻ കേട്ടിട്ടുണ്ട്. ഇത് സംഭവിച്ചിട്ടില്ലെന്ന് ഞാൻ ഒരിക്കലും പറയില്ല. പക്ഷെ മൂന്നര കോടി ജനങ്ങളുള്ള നാടിനെ ഇങ്ങനെ ജനറലൈസ് ചെയ്യാൻ സാധിക്കില്ല, തെറ്റായ വിവരങ്ങൾ നൽകാതിരിക്കുക” ഇന്ത്യൻ എക്‌സ്പ്രസിനു നൽകിയ അഭിമുഖത്തിൽ ടൊവിനോ പറഞ്ഞു.
ദി കേരള സ്റ്റോറിയുടെ അണിയറപ്രവർത്തകർ എന്തുകൊണ്ട് 32,000 സത്രീകളെന്ന് ആദ്യം എഴുതിയെന്ന ചോദ്യം ടൊവിനോ ആവർത്തിക്കുകയും ചെയ്തു. “32,000 എന്ന് ആദ്യം എഴുതിയിട്ട് പിന്നീട് അത് അവർ തിരുത്തി, എന്തിന് ആദ്യം അവർ 32,000 എന്ന് കൊടുത്തു? നമുക്ക് എല്ലാവർക്കുമറിയാം 32,000 എന്നത് തെറ്റായ സഖ്യയാണെന്ന്, ഇപ്പോൾ അത് 3 എന്നായി ചുരുക്കിയിട്ടുണ്ട്. അതിന്റെ അർത്ഥമെന്താണ്? എനിക്ക് ഇവിടെ ഒന്നും തെളിയിക്കാനില്ല, അളുകൾക്ക് ഇതു കണ്ടാൽ മനസ്സിലാകുമല്ലോ. എല്ലാ കാര്യങ്ങളും കണ്ണടച്ചു വിശ്വസിക്കുന്നതിനോട് എനിക്ക് താത്പര്യമില്ല. ചില കാര്യങ്ങൾ ഞാൻ പറഞ്ഞാൽ പോലും നിങ്ങൾ വിശ്വസിക്കരുത്. ചിന്തിക്കുക, അതിനുള്ള കഴിവ് എല്ലാവർക്കുമുണ്ട് എന്നിട്ട് തീരുമാനിക്കുക. ഇത് 2023 ആണ് ഒന്നും കണ്ണടച്ച് വിശ്വസിക്കാതെ, നല്ലവണ്ണം ചിന്തിച്ചു നോക്കുക. തെറ്റായ വാർത്തകൾ നിങ്ങളെ സ്വാധീനിക്കാതെ ശ്രദ്ധിക്കുക.”
സിനിമയിൽ സാങ്കൽപികമായ കഥകൾ കാണിക്കാമെങ്കിലും ചിത്രത്തിനു ദി കേരള സ്റ്റോറി എന്നു പേര് നൽകിയത് അംഗീകരിക്കാനാകില്ലെന്നും ടൊവിനോ കൂട്ടിച്ചേർത്തു.
“സിനിമ എന്നത് സാങ്കൽപികമായ കഥകളാകാം. അങ്ങനെയൊരു സിനിമ ചെയ്യുന്നതിൽ യാതൊരു തെറ്റുമില്ല പക്ഷെ അതിനു ദി കേരള സ്റ്റോറി എന്ന പേര് അംഗീകരിക്കാനാകില്ല കാരണം അതു കേരളത്തിന്റെ കഥയല്ല. എനിക്കത് നല്ലവണ്ണം അറിയാം. ഞാൻ ജനിച്ചു വളർന്നത് കേരളത്തിലാണ്, അതല്ല കേരളത്തിന്റെ കഥ. 2018 പ്രളയത്തിന്റെ സമയത്ത് മൂന്നല്ല, 32000 അല്ല, ലക്ഷക്കണക്കിന് ആളുകളാണ് ഒന്നിച്ചു നിന്ന് മഹാപ്രളയത്തെ അതിജീവിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിയോ മതമോ ആരെയും വേർപിരിക്കുന്നത് അന്നു ഞങ്ങൾ കണ്ടില്ല. മനുഷ്യർ ഒന്നിച്ചു നിന്ന് അതിജീവിക്കുന്നതാണ് ഞാൻ കണ്ടത്.”
നല്ല സന്ദേശം നൽകാൻ ഏറ്റവും ഉചിതമായ മാർഗ്ഗമാണ് സിനിമ പക്ഷെ അതു ദുരുപയോഗം ചെയ്യരുതെന്നും താരം പറഞ്ഞു.
“സിനിമകൾക്ക് നല്ല സന്ദേശം നൽകാനാകും. തെറ്റായ കാര്യങ്ങൾ നൽകാതിരിക്കൂ എന്നതാണ് എന്റെ അഭിപ്രായം. സിനിമ എന്നത് ഒരു വിനോദത്തിനു മാർഗ്ഗമാണ്. ഇത്തരം കാര്യങ്ങൾക്ക് മനുഷ്യരുടെ മനസ്സിനെ മാറ്റാനുള്ള കഴിവുണ്ട്. ടെൻഷനിലിരിക്കുന്ന ഒരാൾക്ക് ഒരു ചിത്രം കണ്ടിട്ട് സമാധാനം തോന്നിയാൽ സിനിമ എന്താണോ ഉദ്ദേശിച്ചത് അതു നിറവേറി എന്നാണ് അർത്ഥം. ഇന്ന് ലോകത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കാൻ കഴിവുള്ള ഒന്നാണ് സിനിമ. അതുകൊണ്ട് നല്ല സന്ദേശങ്ങൾ നൽകുക എന്നത് പ്രധാനവും അതൊരു ഉത്തരവാദിത്വമായി ഏറ്റെടുക്കുകയും വേണം. വളരെ പരിശുദ്ധമായ കലയാണത്. ഒരിക്കലും ദുരുപയോഗം ചെയ്യാതിരിക്കുക” ടൊവിനോ പറഞ്ഞു.