scorecardresearch
Latest News

Oru Kuprasidha Payyan Review: സമൂഹം കോര്‍ണര്‍ ചെയ്യുന്നവരുടെ ഹൃദയസ്പര്‍ശിയായ കഥ

Oru Kuprasidha Payyan Movie Review: ആത്മവിശ്വാസവും അധികാരവും ചേർത്തു നിർത്താൻ ആളുകളുമില്ലെങ്കിൽ ആരു വേണമെങ്കിലും പാർശ്വവൽക്കരിക്കപ്പെടാൻ സാധ്യതയുള്ള ഒരന്തരീക്ഷം ഓരോ മനുഷ്യനു ചുറ്റിലുമുണ്ട്. അത്തരമൊരു ചുഴിയിൽ വീണുപോകുന്ന അജയന്റെ കഥയാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’.

Oru Kuprasidha Payyan Review: സമൂഹം കോര്‍ണര്‍ ചെയ്യുന്നവരുടെ ഹൃദയസ്പര്‍ശിയായ കഥ

Oru Kuprasidha Payyan Review: ഇന്നിന്റെ കഥയാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’. ആത്മവിശ്വാസവും അധികാരവും ചേർത്തു നിർത്താൻ ആളുകളുമില്ലെങ്കിൽ ആരു വേണമെങ്കിലും പാർശ്വവൽക്കരിക്കപ്പെടാൻ സാധ്യതയുള്ള ഒരന്തരീക്ഷം ഓരോ മനുഷ്യനു ചുറ്റിലുമുണ്ട്. അത്തരമൊരു ചുഴിയിൽ വീണുപോകുന്ന അജയന്റെ കഥ കൂടിയാണ് ‘ഒരു കുപ്രസിദ്ധ പയ്യൻ’.

അജയനെ പോലൊരാളെ ഓരോ മലയാളിയ്ക്കും പരിചയം കാണും. അത്രമേൽ സാധാരണക്കാരനാണ് അയാൾ. സ്വന്തമെന്നു പറയാനോ, ഒരാപത്തിൽ വീണു പോയാൽ താങ്ങി നിർത്താനോ പറയത്തക്ക ബന്ധുക്കളൊന്നുമില്ലാത്തവൻ. അനാഥത്വം സമ്മാനിച്ച അരക്ഷിതാവസ്ഥകൾ മഞ്ഞു പോൽ കണ്ണിലുറഞ്ഞു കൂടിയവൻ. സ്നേഹം കൊണ്ട് അവനെ ചേർത്തു നിർത്തുന്ന അമ്മയെ പോലെയുള്ള ഒരു സാന്നിധ്യം, ചെമ്പകമ്മാൾ. ഒരു അർദ്ധരാത്രി ദുരൂഹസാഹചര്യത്തിൽ ചെമ്പകമ്മാൾ കൊല്ലപ്പെടുന്നതോടെ, ആ മരണം അജയനെയും പ്രതിക്കൂട്ടിൽ കയറ്റുന്നു.

ഒരു ക്രൈം ത്രില്ലറാണ് മധുപാൽ എന്ന സംവിധായകൻ ഇത്തവണ മലയാളികൾക്കു മുന്നിലെത്തിച്ചിരിക്കുന്നത്. നടന്ന സംഭവങ്ങളെ ആസ്പദമാക്കി സിനിമകൾ സംവിധാനം ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്ന സംവിധായകൻ, എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും ആർക്കു വേണമെങ്കിലും സംഭവിക്കാൻ സാധ്യതയുള്ള ‘ഇന്നി’ന്റെ കഥയാണ് ‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെ പറയുന്നത്. കൊമേർഷ്യൽ എലമെന്റുകൾ ചേർത്തിണക്കുമ്പോഴും കോംപ്രമൈസുകൾ ഇല്ലാതെ ചിത്രത്തിന്റെ കലാമൂല്യം ഉയർത്തിപ്പിടിക്കാൻ മധുപാൽ എന്ന സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

കഥയ്ക്കും ക്രാഫ്റ്റിനുമപ്പുറം സിനിമയെ ഒട്ടും ബോറടിപ്പിക്കാതെ മുന്നോട്ടു കൊണ്ടു പോവുന്നത് അഭിനേതാക്കളുടെ പെർഫോമൻസ് മികവാണ്. ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ടൊവിനോ തോമസും ശരണ്യ പൊൻവണ്ണനും നിമിഷ സജയനും നെടുമുടി വേണുവും സുരേഷ് കുമാറും സുജിത് ശങ്കറുമെല്ലാം കാഴ്ച വെച്ചിരിക്കുന്നത്.

‘ഒരു കുപ്രസിദ്ധ പയ്യനി’ൽ ടൊവിനോ തോമസ് എന്ന നടൻ ഇല്ല, അജയൻ എന്ന കഥാപാത്രത്തിനെ മാത്രമേ പ്രേക്ഷകർക്ക് കാണാനാവൂ. ആദിമധ്യാന്തം അയാൾ അജയനെന്ന കഥാപാത്രം മാത്രമാണ്. അരക്ഷിതാവസ്ഥകൾ ഏറെയുള്ള, അനാഥത്വത്തിന്റെ വേദനകൾ പേറുന്ന, സമൂഹത്താൽ പാർശ്വവൽക്കരിക്കപ്പെടുമ്പോൾ നിസ്സഹായനായി പോവുന്ന ചെറുപ്പക്കാരനായി അയാൾ നിറയുകയാണ് സിനിമയിൽ. ടൊവിനോ തോമസിന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ അജയൻ.

Read more: ‘ഒരു കുപ്രസിദ്ധ പയ്യന്‍’: ടൊവിനോ തോമസ്‌ സംസാരിക്കുന്നു

ശരണ്യ പൊൻവണ്ണൻ എന്ന നടിയുടെ അഭിനയത്തിന്റെ റേഞ്ച് ഏറ്റവും അടുത്തു കാണിച്ചു തന്ന ചിത്രമെന്ന രീതിയിൽ കൂടിയാവും ‘ഒരു കുപ്രസിദ്ധ പയ്യനെ’ മലയാളികൾ അടയാളപ്പെടുത്തുക. ഞൊടിയിട കൊണ്ട് ദേഷ്യവും സ്നേഹവും കരുണയും മിന്നിമായുന്ന ഭാവാഭിനയം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പികയാണ് ശരണ്യ.

 

Oru Kuprasidha Payyan Review: അജയന്റെ കഥയ്ക്കൊപ്പം ‘ഒരു കുപ്രസിദ്ധ പയ്യൻ’ അഡ്വ. ഹന്നയുടെ കൂടെ കഥയാണ്. അഡ്വ. ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തിനെ ജീവസ്സുറ്റതാക്കുന്നത് നിമിഷ സജയനാണ്. ഓരോ ചിത്രം കഴിയുന്തോറും കൂടുതൽ കൂടുതൽ രാകി മിനുക്കപ്പെടുകയാണ് നിമിഷയിലെ അഭിനേത്രി.

നിർമ്മാതാവായ സുരേഷ് കുമാറിൽ നിന്നും ഏറെ സാധ്യതകളുള്ള ഒരു അഭിനേതാവിനെ കൂടെ വെളിച്ചത്തു കൊണ്ടു വരുകയാണ് മധുപാൽ. അനു സിതാര, ബാലു വർഗ്ഗീസ്, സിദ്ദീഖ്, അലൻസിയർ, ദിലീഷ് പോത്തൻ, സുജിത് ശങ്കർ, സുധീർ കരമന, ശ്വേതാ മേനോൻ, അരുൺ, ഉണ്ണിമായ,മാലാ പാർവതി തുടങ്ങി ചെറുതും വലുതുമായി കഥയിൽ വന്നു പോവുന്ന അഭിനേതാക്കളെല്ലാം അവരുടെ ഭാഗങ്ങൾ മനോഹരമാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.

Read more: തമിഴ് നായകന്മാരുടെ അമ്മ, ഇപ്പോള്‍ ടൊവിനോയുടേയും: ശരണ്യ പൊന്‍വണ്ണന്‍ അഭിമുഖം

കെട്ടുറപ്പുള്ളൊരു തിരക്കഥ തന്നെയാണ് കുപ്രസിദ്ധ പയ്യന്റെ നട്ടെല്ല്. അത്രമേൽ കൺവീൻസിംഗ് ആയ രീതിയിൽ പറഞ്ഞുപോകുന്ന കഥാഖ്യാന രീതിയ്ക്ക്, ഒരു ക്രൈം ത്രില്ലറിന്റെ കുരുക്ക് എങ്ങനെ അഴിച്ചെടുക്കണമെന്ന ഉറച്ച ബോധ്യമുണ്ട്. ശാസ്ത്രസംബന്ധിയായ ലേഖനങ്ങളിലൂടെ ശ്രദ്ധേയനായ ജീവൻ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിന്തിപ്പിക്കുന്ന, കണ്ണുനനയിക്കുന്ന മികച്ച സംഭാഷണങ്ങളും സിനിമയ്ക്ക് കരുത്തേകുന്നു.

നൗഷാദ് ഷെരീഫിന്റെ ഛായാഗ്രഹണവും വി. സാജന്റെ എഡിറ്റിംഗും ഏറെ മികവു പുലർത്തിയിട്ടുണ്ട്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം നൽകിയൊരുക്കിയ പാട്ടുകൾ സിനിമ പുറത്തിറങ്ങും മുൻപു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണെങ്കിലും, തിരശ്ചീലയിൽ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലേക്കു വരുമ്പോൾ കൂടുതൽ ആഴവും പരപ്പും അനുഭവപ്പെടുന്നു. വി സിനിമാസ് ബാനറിൽ ടി.എസ് .ഉദയൻ, എസ്. മനോജ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം.

Read more: അമ്മ പറഞ്ഞത് കേള്‍ക്കാത്ത കുട്ടി അമ്മ പോയപ്പോള്‍ ചെയ്തത്: ശരണ്യയുടെ ജീവിത കഥ

കെട്ടുകഥകൾ കൊണ്ടും ആരോപണങ്ങൾ കൊണ്ടും അധികാരം കൊണ്ടും ആർക്കും ആരെയും കുറ്റവാളികളാക്കി മാറ്റാവുന്ന ഒരു കാലത്ത്, കനലിനകത്ത് എരിയുന്ന സത്യത്തെ കണ്ടെടുക്കേണ്ടത് കുറ്റാരോപിതന്റെ ഉത്തരവാദിത്വമായി മാറുകയാണ്. അത്തരമൊരു കെട്ടക്കാലത്ത് ‘ഒരു കുപ്രസിദ്ധ പയ്യൻ’ ഏറെ പ്രസക്തമായൊരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. മനുഷ്യത്വത്തിന്റെ പക്ഷത്തു നിൽക്കുന്ന നീതിപാലകരെ, മറ നീക്കി സത്യത്തെ പുറത്തു കൊണ്ടുവരാൻ ആർജ്ജവമുള്ള അഭിഭാഷകരെ ഈ കാലം ആവശ്യപ്പെടുന്നുണ്ടെന്നു കൂടി പറഞ്ഞു വെയ്ക്കുകയാണ് ചിത്രം.

വാർത്തകൾ കുറ്റവാളികളെന്നു മുദ്രകുത്തുന്ന എല്ലാവരും കുറ്റവാളികളാണോ? ആയിരം കള്ളങ്ങൾക്കിടയിൽ എവിടെയാണ് നാം സത്യത്തെ തിരയേണ്ടത്? നമ്മൾ നമ്മളോട് തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളിലേക്ക് കൂടി തട്ടിയുണർത്തുന്നുണ്ട് ‘ഒരു കുപ്രസിദ്ധ പയ്യൻ’.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas nimisha sajayan madhupal oru kuprasidha payyan movie release review