വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും തന്റേതായ ഇടം കണ്ടെത്തിയ യുവതാരമാണ് ടൊവിനോ തോമസ്. കഴിഞ്ഞ ദിവസമാണ് ടൊവിനോ നായകനാകുന്ന പുതിയ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നടന്നത്. ഓഗസ്റ്റ് സിനിമയുടെ ബാനറിൽ ഫെല്ലിനി ടി.പി സംവിധാനം ചെയ്യുന്ന ‘തീവണ്ടി’യാണ് ടൊവിനോയുടെ പുതിയ ചിത്രം.

‘ഒരു ചെയിന്‍സ് സ്‌മോക്കറുടെ കഥാപാത്രത്തെയാണ് തീവണ്ടിയില്‍ ഞാന്‍ അവതരിപ്പിക്കുന്നത്. ‘തീവണ്ടി’ ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. ചിത്രത്തിന്റെ സംവിധായകന്‍ ഫെല്ലിനിയെ എനിക്ക് ഒരുപാട് നാളായി അറിയാം. ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണ് തീവണ്ടിയിലേത്. എല്ലാ ചിത്രങ്ങളും പ്രതീക്ഷയോടു കൂടി തന്നെയാണ് ചെയ്യാറുള്ളത്. ഒരേ പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതിനെക്കാള്‍, സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാനാണ് എനിക്ക് താത്പര്യം.’

Tovino Thomas

ഈ മാസം 21നാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. രണ്ട് കാലഘട്ടങ്ങളിലൂടെ കഥ വികസിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് തീവണ്ടി. നര്‍മ പ്രധാനമായാണ് ചിത്രം ഒരുക്കുന്നത്. ചാന്ദിനി ശ്രീധരനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. പയ്യോളിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ആഷിഖ് അബു സംവിധാനം ചെയ്ത ‘മായാനദി’യാണ് ടൊവിനോയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. റൊമാന്റിക് എന്റര്‍ടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മിയാണ് നായിക. നഗര ജീവിതത്തിന്റെ സാമൂഹ്യ സാഹചര്യം പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്.

Tovino Thomas

ധനുഷിനെ നായകനാക്കി ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി 2വിലും ടൊവിനോ ഒരു പ്രധാന കഥാപാത്തത്തെ അവതരിപ്പിക്കുന്നുണ്ട്. വിഷ്ണു സംവിധാനം ചെയ്യുന്ന ‘മറഡോണ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് അവസാന ഘട്ടത്തിലാണ്. ചിത്രത്തില്‍ മറഡോണയായാണ് ടൊവിനോ എത്തുന്നത്. ധനുഷാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ചിത്രങ്ങൾക്കു കടപ്പാട്: ടൊവിനോ തോമസ് ഫെയ്സ്ബുക്ക് പേജ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook