വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ മലയാള സിനിമയിലും പ്രേക്ഷകരുടെ മനസിലും തന്റേതായ ഇടം കണ്ടെത്തിയ യുവതാരമാണ് ടൊവിനോ തോമസ്. ടൊവിനോ നായകനാകുന്ന പുതിയ ചിത്രം തീവണ്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഫെല്ലിനി ടി.പിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരു ചെയിന്‍സ് സ്മോക്കറുടെ കഥാപാത്രത്തെയാണ് തീവണ്ടിയില്‍ ടൊവിനോ അവതരിപ്പിക്കുന്നത്. ‘തീവണ്ടി’ ഒരു ആക്ഷേപഹാസ്യ ചിത്രമാണ്. ചിത്രത്തിന്റെ സംവിധായകന്‍ ഫെല്ലിനിയെ തനിക്ക് ഒരുപാട് നാളായി അറിയാമെന്നും ഏറെ പ്രതീക്ഷയുള്ള കഥാപാത്രമാണ് തീവണ്ടിയിലേതെന്നും നേരത്തെ ഐഇ മലയാളത്തിനോട് ടൊവിനോ പറഞ്ഞിരുന്നു.

‘എല്ലാ ചിത്രങ്ങളും പ്രതീക്ഷയോടു കൂടി തന്നെയാണ് ചെയ്യാറുള്ളത്. ഒരേ പോലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതിനെക്കാള്‍, സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കിയെടുക്കാനാണ് എനിക്ക് താൽപര്യം,’ ടൊവിനോ പറഞ്ഞു.

രണ്ട് കാലഘട്ടങ്ങളിലൂടെ കഥ വികസിക്കുന്ന ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് തീവണ്ടി. നര്‍മ പ്രധാനമായാണ് ചിത്രം ഒരുക്കുന്നത്. ചാന്ദിനി ശ്രീധരനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായി എത്തുന്നത്. പയ്യോളിയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമ്മൂട്, സുരഭി ലക്ഷ്മി എന്നിവരും സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ