എറണാകുളം: യുവതാരം ടൊവീനോ തോമസ് നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. നവാഗത സംവിധായകൻ വിഷ്ണു​ ഒരുക്കുന്ന സിനിമയ്ക്ക് മറഡോണ എന്നാണ് പേരിട്ടിരിക്കുന്നത്. പുതുമുഥ നടി ശരണ്യ ആർ. നായരാണ് ചിത്രത്തിൽ ടൊവീനോയുടെ നായികയായി എത്തുന്നത്.

ആഷിക് അബു, ദിലീഷ് പോത്തന്‍, സമീര്‍ താഹിര്‍ എന്നീ സംവിധായകരുടെ അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ച വ്യക്തിയാണ് വിഷ്ണു. ചിത്രത്തിന്റെ പ്രഖ്യാപനത്തിനായുള്ള ചടങ്ങിൽ ദിലീഷ് പോത്തനും, ആഷിഖ് അബുവും പങ്കെടുത്തിരുന്നു. മറഡോണ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസാണ്.

അങ്കമാലി ഡയറീസില്‍ യു ക്ലാമ്പ് രാജനായി അസാമാന്യ പ്രകടനം കാഴ്ച്ചവെച്ച ടിറ്റോ വില്‍സണ്‍, പോര്‍ക്ക് വര്‍ക്കിയായി അഭിനയിച്ച കിച്ചു വര്‍ക്കി, ചെമ്പന്‍ വിനോദ് ജോസ്, ബര്‍ജര്‍ പട്ടേല്‍, നിഷ്താര്‍ അഹമ്മദ്, ലിയോണ ലിഷോയ്, ജിന്‍സ് ഭാസ്‌കര്‍, നിരഞ്ജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവാഗതനായ കൃഷ്ണമൂര്‍ത്തിയുടേതാണ് തിരക്കഥ. ദീപക് ഡി മേനോന്‍ മറഡോണയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കും. സുഷിന്‍ ശ്യാമാണ് സംഗീതസംവിധാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ