യുവതാരം ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ‘കല്‍ക്കി’യുടെ ടീസര്‍ എത്തി. മാസ്സ് ലുക്കിലാണ് ചിത്രത്തില്‍ ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. ‘കല്‍ക്കി’ ഒരു ഗംഭീര ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് കഥാപാത്രങ്ങളിലൊന്നായ ഇന്‍സ്‌പെക്ടര്‍ ബല്‍റാമില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട പൊലീസ് കഥാപാത്രമായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ട്. നവാഗതനായ പ്രവീണ്‍ പ്രഭാറാം ആണ് ചിത്രത്തിന്റെ സംവിധായകന്‍. ‘സെക്കന്‍ഡ് ഷോ’, ‘തീവണ്ടി’ തുടങ്ങിയ ചിത്രങ്ങളില്‍ സംവിധാന സഹായിയായിരുന്നു പ്രവീണ്‍ പ്രഭാറാം.

കഴിഞ്ഞ ദിവസം ടൊവിനോ കല്‍ക്കിയുടെ പൂജ ചടങ്ങിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കഥയെ കുറിച്ചോ അഭിനേതാക്കളെ കുറിച്ചോ കൂടുതല്‍ വിശദാംശങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read More: ടൊവിനോ തോമസിന്റെ ‘കൽക്കി’ വരുന്നു; ചിത്രീകരണം ആരംഭിച്ചു

സുജിന്‍ സുജാതനും പ്രവീണ്‍ പ്രഭാറാമും ചേര്‍ന്ന് ‘കല്‍ക്കി’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ശങ്കറും സംഗീതസംവിധാനം ജേക്ക്‌സ് ബിജോയും നിര്‍വ്വഹിക്കും. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ കൃഷ്ണനും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

“‘കൽക്കി’ കുറച്ചു കൂടി കൊമേഴ്സ്യൽ ആസ്‌പെക്റ്റ്സ് ഉള്ള സിനിമയാണ്. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടമാവുന്ന സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹം. അതു കൊണ്ട് എന്റെ കരിയറിൽ ‘കൽക്കി’യും വേണം,” എന്നാണ് ‘കൽക്കി’യെന്ന ചിത്രത്തെ കുറിച്ച് ടൊവിനോ ഇന്ത്യൻ എക്‌സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ‘ആൻഡ് ദി ഓസ്കാർ ഗോസ്റ്റു’, ‘ഉയരെ’, ‘ലൂക്ക’, ‘വൈറസ്’, ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ എന്നു തുടങ്ങി നിരവധി ചിത്രങ്ങളാണ് ടോവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook