തൊട്ടതെല്ലാം പൊന്നാക്കുന്ന നായകനാണ് യുവതാരം ടൊവിനോ തോമസ്. നവാഗതനായ ഫെല്ലിനി ടിപിയുടെ സംവിധാനത്തില്‍ ടൊവിനോ നായകനായെത്തിയ തീവണ്ടി തീയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. തീവണ്ടിയ്ക്കു മുമ്പിറങ്ങിയ മറഡോണയും ഇപ്പോളും വിജയക്കുതിപ്പിലാണ്. അതിനിടയിലാണ് ടൊവിനോ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

നവാഗതനായ പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന കല്‍ക്കിയാണ് ടൊവിനോയുടെ അടുത്ത ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. പൊലീസ് വേഷത്തിലാണ് കല്‍ക്കിയില്‍ ടൊവിനോ പ്രത്യക്ഷപ്പെടുക എന്നതാണ് ഫസ്റ്റ് ലുക്ക് നല്‍കുന്ന സൂചന. പൃഥ്വിരാജിന്റെ എസ്രയ്ക്കു ശേഷം വീണ്ടും ടൊവിനോ പൊലീസ് വേഷത്തിലെത്തുന്ന ചിത്രമായിരിക്കും കല്‍ക്കി.

ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ പ്രവീണും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

സലിം അഹമ്മദിന്റെ ‘ദി ഓസ്‌കാര്‍ ഗോസ് ടു’ എന്ന ചിത്രത്തിലും ടൊവിനോ തന്നെയാണ് നായകനായി എത്തുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥയാണ് ചിത്രം പറയുന്നത്. അനു സിതാരയാണ് നായികാ വേഷത്തില്‍. മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിലും ടൊവിനോയും അനു സിതാരയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിമിഷ സജയനും ചിത്രത്തിലുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook