scorecardresearch
Latest News

‘ഒരു കുപ്രസിദ്ധ പയ്യന്‍’: ടൊവിനോ തോമസ്‌ സംസാരിക്കുന്നു

പടം ഹിറ്റായി, പക്ഷേ അത് കലാപരമായി അത്രയൊന്നും കൊള്ളില്ല എന്നു പറഞ്ഞാൽ അതെനിക്കൊരു പരാജയമാണ്. ഒരു സിനിമ തിയേറ്ററിൽ വിജയിച്ചില്ല, പക്ഷേ കലാമൂല്യമുള്ളതായിരുന്നു എന്നു പറയുന്നതും എന്നെ സംബന്ധിച്ച് ഒരു പരാജയമായാണ് ഞാൻ കാണുന്നത്

‘ഒരു കുപ്രസിദ്ധ പയ്യന്‍’: ടൊവിനോ തോമസ്‌ സംസാരിക്കുന്നു

ഒരു ആൾക്കൂട്ടത്തിലേക്ക് ടൊവിനോ തോമസ് കടന്നു ചെല്ലുമ്പോൾ പിന്നെ അയാൾ അവരിൽപ്പെട്ട ഒരാളാണ്. വളരെ സ്വാഭാവികമായി അയാൾ ആ കൂട്ടത്തിലേക്ക് ചേർന്നു നിൽക്കും. തങ്ങളിലൊരാളായി ആൾക്കൂട്ടം അയാളെയും ചേർത്തു പിടിക്കും. അതു കൊണ്ടാവാം സിനിമാപ്രേക്ഷകർക്ക് ടൊവിനോ ‘അയൽപ്പക്കത്തെ പയ്യനും’ ‘നമ്മുടെ സ്വന്തം പയ്യനു’മൊക്കെവുന്നത്. നിലപാടുകൾ കൊണ്ടും ജീവിതനിരീക്ഷണങ്ങള്‍ കൊണ്ടും ശ്രദ്ധേയനായ, മാറുന്ന മലയാള സിനിമയുടെ പ്രതീക്ഷയുടെ മുഖമായ ടൊവിനോ തോമസ് തന്റെ സിനിമാ ജീവിതത്തിലെ സുപ്രധാനമായ ഒരു കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് മധുപാൽ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെ. ചിത്രം നാളെ തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുമ്പോള്‍, ടൊവിനോ തോമസ്‌ ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ് – ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ അജയനെക്കുറിച്ച്, മാറുന്ന മലയാള സിനിമയെ കുറിച്ച്, തന്റെ പുതിയ ചിത്രങ്ങളെ കുറിച്ച്, പ്രളയം പഠിപ്പിച്ച ജീവിതപാഠങ്ങളെ കുറിച്ച് …

‘ഒരു കുപ്രസിദ്ധ പയ്യൻ’ എങ്ങനെയാണ് ടൊവിനോയെ തേടിയെത്തിയത്?

മധുപാൽ സാറിനെ മുൻപൊരിക്കൽ ഞാൻ പരിചയപ്പെട്ടിരുന്നു. മൊയ്തീൻ കഴിഞ്ഞപ്പോഴാണെന്നു തോന്നുന്നു, ഇൻസ്റ്റഗ്രാമിലെ എന്റെ ഫോട്ടോകളിൽ പലതിനും അദ്ദേഹം ലൈക്ക് ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ ചിത്രങ്ങളിലേയ്ക്ക് എന്നെങ്കിലും ഒരു ചെറിയ വേഷത്തിലെങ്കിലും വിളിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. കാരണം പുള്ളിയുടെ സിനിമകൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടവയാണ്.

‘ഒരു മെക്സിക്കൻ അപാരത’യുടെ സമയത്താണ് ഒന്നു കാണണം എന്നു പറഞ്ഞ് മധു സാർ വിളിക്കുന്നത്. ‘ഒരു മെക്സിക്കൻ അപാരത’ റിലീസായതിന്റെ പിറ്റേ ദിവസം ആണ് ഞങ്ങൾ തമ്മിൽ കാണുന്നത്. ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു.

 

ആരാണ് കുപ്രസിദ്ധ പയ്യൻ? എന്താണ് ആ കഥാപാത്രത്തെ വ്യത്യസ്തനാക്കുന്നത്?

അജയൻ ഒരു അനാഥനാണ്. ഒരു അനാഥന്റേതായ എല്ലാ കോംപ്ലക്‌സുകളും അയാൾക്കുണ്ട്, ഇൻഫീരിറ്റി കോംപ്ലക്സുമുണ്ട്. അയാളുടെ അനാഥത്വം അയാളെ വളരെ നെഗറ്റീവായാണ് ബാധിച്ചിരിക്കുന്നത്. വിളറിയോടുന്ന പോത്തിനെയൊക്കെ ഒട്ടും പേടിയില്ലാതെ ഒറ്റയ്ക്ക് മൽപ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്താൻ കഴിവുള്ള ആളാണ് അയാൾ. പക്ഷേ അജയൻ തോറ്റു പോകുന്നത് മനുഷ്യർക്കു മുന്നിലാണ്. പേടിക്കുന്നതും മനുഷ്യരെയാണ്.

മനുഷ്യൻമാർ മൃഗങ്ങളെ പോലെയല്ലല്ലോ, അവർ വേറൊരു രീതിയിൽ അല്ലേ മനുഷ്യരെ ആക്രമിക്കുന്നതും കോർണർ ചെയ്യുന്നതും. മനുഷ്യൻമാരുണ്ടാക്കിയൊരു സിസ്റ്റം ആളുകളെ കോർണർ ചെയ്യാൻ തുടങ്ങി കഴിയുമ്പോൾ എത്ര ആരോഗ്യമുള്ളവനാണെങ്കിലും കാര്യമില്ല, എത്ര പവർഫുളായ ആളാണെങ്കിലും കാര്യമില്ല, ലോക്കായി പോവും.

Read More: പോത്തിനെ ഓടിച്ചിട്ട്‌ പിടിച്ച് ടൊവിനോ: ‘ഒരു കുപ്രസിദ്ധ പയ്യനി’ലെ ആക്ഷന്‍ ചിത്രീകരണ വീഡിയോ

അജയൻ എന്ന കഥാപാത്രം എത്രത്തോളം ചലഞ്ചിങ് ആയിരുന്നു?

വളരെ ഡീറ്റെയില്‍ ആയാണ് മധു സാർ കഥാപാത്രത്തെ പറഞ്ഞു തന്നത്, കണ്ണുകളുടെ ചലനം പോലും എങ്ങനെ വേണം എന്നു പറഞ്ഞു തന്നിരുന്നു. ആളുകളുടെ മുഖത്തു നോക്കാൻ മടിയുള്ള ഒരാളാണ് അജയൻ. ബേസിക്കലി പേടിയാണ് അയാളുടെ പ്രശ്നം. അതേ സമയം അയാൾ വളരെ അൺപ്രെഡിക്റ്റബിൾ ആയൊരു വ്യക്തി കൂടിയാണ്, അളമുട്ടിയാൽ ചേരയും കടിക്കും എന്നു പറയും പോലെ അയാൾ വയലന്റ് ആവും.

സിനിമയുടെ കഥാപാത്രത്തെ കുറിച്ച് ആദ്യത്തെ മൂന്നു നാലു ദിവസമേ ഞങ്ങൾക്കിടയിൽ ഡിസ്കഷൻ ഉണ്ടായിട്ടുള്ളൂ. ആ കഥാപാത്രത്തെ എനിക്കു പിടികിട്ടി എന്ന് മധു സാറിന് മനസ്സിലായതിൽ പിന്നെ തിരുത്താനൊന്നും വന്നില്ല. നല്ലൊരു അണ്ടർസ്റ്റാൻഡിംഗ് ഉണ്ടായിരുന്നു പരസ്പരം.

കഥാപാത്രമാവാൻ ആദ്യത്തെ ദിവസം കുറച്ച് പ്രയത്നം ചെയ്യേണ്ടി വന്നു. പിന്നെ ആക്ഷൻ പറയുമ്പോൾ ഓട്ടോമാറ്റിക് ആയി അങ്ങനെ ആവും.

Tovino Thomas Interview Oru Kuprasidha Payyan

പിന്നെ ചലഞ്ചിനെ കുറിച്ച് പറഞ്ഞാൽ, എനിക്കങ്ങനെ എന്തെങ്കിലും ചെയ്യാൻ പറ്റും എന്ന ഭയങ്കരമായ വിശ്വാസം ഇല്ല. ഇന്നതൊക്കെ എന്നെ കൊണ്ട് പറ്റും, ഇന്നത് പറ്റില്ല എന്നൊന്നും ഞാൻ അങ്ങനെയൊന്നും ചിന്തിച്ചു വെച്ചിട്ടില്ല. എന്തും ചെയ്തു നോക്കുക എന്നതാണ്. ചെയ്തു നോക്കാതെ ബാക്ക് ഔട്ട് ചെയ്യില്ല. സെൻസിബിളായ എന്തു കാര്യവും അത് സിനിമയ്ക്ക് ആവശ്യമാണെന്നു പറഞ്ഞാൽ ഞാൻ ചെയ്തു നോക്കുക തന്നെ ചെയ്യും. നന്നായിട്ട് ചെയ്യാൻ പറ്റുമോ എന്നെനിക്കറിയില്ല. പക്ഷേ ഞാൻ ശ്രമിക്കും, ശ്രമിക്കാതെയിരിക്കില്ല, നന്നായിട്ട് ചെയ്യാൻ തന്നെയാണ് ശ്രമിക്കുക.

നെടുമുടി വേണു, ശരണ്യ പൊൻവണ്ണൻ തുടങ്ങിയ പരിചയസമ്പന്നരായ മുതിർന്ന താരങ്ങളുമുണ്ടല്ലോ ചിത്രത്തിൽ. അവർക്കൊപ്പമുള്ള അഭിനയം എങ്ങനെയായിരുന്നു?

ശരണ്യചേച്ചിയെ കുറിച്ചു പറഞ്ഞാൽ, നമ്മുടെ വീട്ടിലൊക്കെയുള്ള, വളരെ അടുത്ത ബന്ധുവിനെയൊക്കെ പോലെ അടുപ്പം തോന്നുന്ന ഒരാളാണ്. വളരെ സിമ്പിളാണ് ചേച്ചി. അവര് തമിഴിലെ വലിയ ആർട്ടിസ്റ്റുകളുടെ കൂട്ടത്തിലുള്ള ഒരാളാണ്. നാഷണൽ അവാർഡ് വരെ കിട്ടിയ ഉഗ്രൻ ആക്ട്രസ്സാണ്. വളരെ സീനിയറാണ്. പക്ഷേ നമ്മളോടൊക്കെ പെരുമാറുമ്പോൾ എന്തു സ്നേഹമാണെന്നറിയാമോ?

Read More: തമിഴ് നായകന്മാരുടെ അമ്മ, ഇപ്പോള്‍ ടൊവിനോയുടേയും: ശരണ്യ പൊന്‍വണ്ണന്‍ അഭിമുഖം

വേണു ചേട്ടനും അതെ. ഞങ്ങളുടെ കോമ്പിനേഷൻ സീനുകൾ കോടതിക്ക് അകത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ കോടതിക്ക് പുറത്തുള്ള സീനുകളും കാണാൻ വേണുചേട്ടൻ ആഗ്രഹം പ്രകടിച്ചപ്പോൾ മധുപാൽ സാർ കാണിച്ചു കൊടുത്തു. ഒരു ദിവസം, ഞാനിങ്ങനെ നടന്നു പോവുമ്പോൾ ‘നീയിങ്ങു വാ’ എന്നു പറഞ്ഞ് വേണുചേട്ടനെന്റെ കൈയ്ക്ക് പിടിച്ചു നിർത്തി. “സീൻസ് കണ്ടിരുന്നു, നന്നായിട്ടുണ്ട്. ഒരു ആക്ടറിനെ സംബന്ധിച്ചിടത്തോളം കണ്ണ് താഴ്ത്തി പിടിച്ചുകൊണ്ട് അഭിനയിക്കുക എന്നു പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കണ്ടിടത്തോളം നീയതിൽ വിജയിച്ചിട്ടുണ്ട്,” എന്നു പറഞ്ഞു.

അധ്വാനികളായ ആളുകളുടെ കഴുത്തെപ്പോഴും മുന്നോട്ടായിരിക്കും, പിറകോട്ടായിരിക്കില്ല. അത് ലക്ഷണശാസ്ത്രത്തിൽ പറയുന്ന ഒരു കാര്യമാണ്. അവരുടെ ബോഡി ഷേപ്പ് അങ്ങനെയായിരിക്കും. ഇതൊക്കെ മധു ചേട്ടനും ഞാനും കൂടി പ്ലാൻ ചെയ്ത് ചെയ്യുന്നതാണ്. വേണുച്ചേട്ടൻ ഇതൊക്കെ ഒറ്റനോട്ടത്തിൽ മനസ്സിലാക്കിയാണ് എന്നോട് സംസാരിച്ചത്.

ഓരോ സീൻ എടുക്കുമ്പോഴും അദ്ദേഹം ഫ്രെയിമിൽ ഇല്ലെങ്കിൽ പോലും ക്യാമറയ്ക്ക് പിറകിൽ വന്നു നിന്ന് നമുക്കു ഡയലോഗ് പറഞ്ഞു തരികയും ആക്ഷൻ കാണിക്കുകയുമൊക്കെ ചെയ്യും. ചേട്ടന് വേണമെങ്കിൽ ആ സമയം പോയി ഇരിക്കുകയോ റെസ്റ്റ് എടുക്കുകയോ ചെയ്യാം. പക്ഷേ നമ്മളെ സഹായിക്കാനായി, ക്ലോസ്സ് എടുക്കുമ്പോൾ പോലും എതിർവശത്ത് വന്നു നിന്ന് ലുക്ക് തരികയും ആക്ഷൻ തരികയും ചെയ്യും. അവരിപ്പോഴും അത്രയും പാഷണേറ്റ് ആണ് സിനിമയുടെ കാര്യത്തിൽ. കണ്ടു പഠിക്കേണ്ട കുറേ കാര്യങ്ങളുണ്ട് അവരിൽ നിന്ന്. അവർ മാത്രമല്ല, എല്ലാ ആർട്ടിസ്റ്റുകളും എനിക്ക് ഓരോ പാഠങ്ങളാണ്.

Image may contain: 2 people, people smiling, suit and text

‘ഒരു കുപ്രസിദ്ധ പയ്യൻ’ മുന്നോട്ടു വെയ്ക്കുന്ന പ്രമേയം എന്താണ്?

സിനിമയെ കുറിച്ച് പറയുകയാണെങ്കിൽ, ഇത് പറയപ്പെടേണ്ട ഒരു കഥയാണ്. ആളുകൾ കണ്ടിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ്. നമ്മൾ പലപ്പോഴും പേപ്പറിൽ വായിക്കുന്നതും ടിവിയിൽ കാണുന്നതുമായ കാര്യങ്ങളാണ് വിശ്വസിക്കുന്നത്. അതിനൊക്കെ അപ്പുറത്ത്, നമ്മുടെ വിശ്വാസത്തിനും വിശ്വസിപ്പിക്കപ്പെടുന്നതുമായ കാര്യങ്ങൾക്ക് അപ്പുറം ചില സത്യങ്ങളുണ്ട്. നമ്മൾ ചിന്തിച്ചിട്ടു പോലുമില്ലാത്ത സത്യങ്ങൾ.

ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നാണ് നിയമത്തിന്റെ പോലും ആപ്തവാക്യം. പക്ഷേ നമ്മുടെ സമൂഹത്തിൽ പലപ്പോഴും കുറ്റവാളികൾ രക്ഷപ്പെടുന്നു, നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. നിരപരാധികളെ കുറ്റവാളികൾ ആക്കുന്നുമുണ്ട്. അതൊക്കെയാണ് സിനിമ പറയുന്നത്. ഇതൊരു ചിന്തിപ്പിക്കുന്ന സിനിമയായിരിക്കും.

സിനിമ ഇന്നും ആളുകളിൽ ഭയങ്കരമായ സ്വാധീനമുള്ള ഒരു മീഡിയമാണ്. അതുകൊണ്ടാണ് സിനിമ ‘എന്റർടെയിനിംഗ്’ ആവുന്നത്. ചിരിയും കളിയും പാട്ടും മാത്രമല്ലല്ലോ എന്റർടെയ്ൻമെന്റ്. പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുക  എന്നതും പ്രധാനമാണ്. അത്തരത്തിലുള്ള ഒരു ചിത്രമായിരിക്കും ‘ഒരു കുപ്രസിദ്ധ പയ്യൻ’. അതിനൊപ്പം തന്നെ ഒരു മെസേജ് കൂടി പറയുന്നു. അത് പറയപ്പെടേണ്ടതാണ്. ഒരു തരി പോലും ബോറടിപ്പിക്കാതെയാണ് ആ മെസേജ് പറഞ്ഞു പോവുന്നത്. മാറിയ മലയാള സിനിമയുടെ, മാറിയ ആസ്വാദകരുടെ ഇടയിലേയ്ക്കാണ് ഈ സിനിമ വരുന്നത് എന്നത് പ്രതീക്ഷയേകുന്നുണ്ട്.

 

നമ്മുടെ സിനിമാ ആസ്വാദകർ, അസ്വാദന നിലവാരം മാറി എന്നു വിശ്വസിക്കുന്നുണ്ടോ?

ആസ്വാദകരെ വിലകുറച്ച് കാണേണ്ട ആവശ്യമില്ല. നമ്മൾ കൊടുക്കുന്ന ക്വാളിറ്റി അനുസരിച്ചാണ് ഇവിടുത്തെ ഒരു ആസ്വാദക നിലവാരം സെറ്റ് ചെയ്യപ്പെടുന്നത്. നമ്മൾ ശീലിപ്പിക്കുന്നതല്ലേ? സിനിമയിൽ ഉള്ളവർ നല്ല സിനിമകൾ നിരന്തരമായി കൊടുത്തു കൊണ്ടിരുന്നാൽ പ്രേക്ഷകരുടെ ആസ്വാദന നിലവാരം ഉയരുകയാണ് ചെയ്യുക. മോശം സിനിമകൾ കൊടുത്തു കൊണ്ടിരുന്നാൽ അവരുടെ ഗതികേട് കൊണ്ട് അതു തന്നെ നിരന്തരം കണ്ട് ആസ്വാദന നിലവാരം ചിലപ്പോൾ താഴെ പോകുമായിരിക്കാം. അവരുടെ പ്രതീക്ഷകൾക്കൊത്ത് സിനിമകൾ ഉയരുമ്പോൾ സ്വാഭാവികമായും പ്രേക്ഷകരും സിനിമകളെ ഇഷ്ടപ്പെടുന്നു.

കഥാപാത്രത്തെ തിരഞ്ഞെടുക്കുമ്പോൾ സെലക്റ്റീവ് ആവുന്നുണ്ടോ?

ഞാൻ വന്ന കാലം മുതലേ സെലക്റ്റീവാണ്. എന്റെ സിനിമകൾ പരിശോധിച്ചാൽ അതു മനസ്സിലാവും. ഇപ്പോൾ ഒരു നൂറു സിനിമകളുടെ കഥ കേൾക്കുന്നു, അതിൽ നിന്ന് പത്തെണ്ണം പിക്ക് ചെയ്യുന്നു. പണ്ട് 10 സിനിമകളുടെ കഥ കേൾക്കുന്നു, അതിൽ നിന്നും രണ്ടു മൂന്നെണ്ണമെ ചെയ്യുമായിരുന്നുള്ളൂ. അത്രയേ വ്യത്യാസമുള്ളൂ.

 

കഥാപാത്രങ്ങളുടെ തെരെഞ്ഞെടുപ്പിൽ ടൊവിനോ എന്ന നടൻ കാണുന്ന മാനദണ്ഡങ്ങള്‍ എന്താണ്?

ചെയ്യുന്ന സിനിമകളുടെ കാര്യത്തിലായാലും കഥാപാത്രങ്ങളുടെ കാര്യത്തിലായാലും കരിയറിലായാലും എപ്പോഴും ഒരു സ്റ്റെപ്പ് അപ്പ് വേണമെന്ന് നിർബന്ധമുണ്ട്. ഞാൻ തിരഞ്ഞെടുക്കുന്ന സിനിമ, ചുരുങ്ങിയ പക്ഷം ഞാനെങ്കിലും തിയേറ്ററിൽ പോയി കാണാൻ ആഗ്രഹിക്കുന്ന സിനിമയായിരിക്കണം. എങ്കില്ലല്ലേ പ്രേക്ഷകർ വരാനായി എനിക്കു ആഗ്രഹിക്കാൻ പറ്റൂ?

സിനിമയുടെ കാര്യത്തിൽ രണ്ടു മൂന്നു ഘടകങ്ങൾക്ക് പ്രാധാന്യം നൽകാറുണ്ട്. അതിൽ രണ്ടെണ്ണമാണ് പ്രധാനം, ആദ്യത്തെ രണ്ടെണ്ണം വർക്ക് ആയി കഴിഞ്ഞാൽ മൂന്നാമത്തേതും ഓട്ടോമാറ്റിക്കായി വർക്ക് ആവും.

ആർട്ട് എന്ന രീതിയിൽ ആർട്ടിസ്റ്റിന് സംതൃപ്തി ലഭിക്കുന്ന, ആർട്ടിനോട് നീതി പുലർത്തുന്ന സിനിമ എന്നതാണ് ആദ്യത്തേത്. സിനിമയുടെ കലാമൂല്യം, ഏസ്തെറ്റിക്സ് എന്നൊക്കെയാണ് ഉദ്ദേശിച്ചത്. രണ്ടാമത്തേത് ആർട്ടിന്റെ പർപ്പസ് തന്നെ, പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിക്കുക എന്നതാണ്. സിനിമ എന്റർടെയിനിങ് കൂടിയാവണം. അപ്പോൾ സ്വാഭാവികമായും പ്രൊഡ്യൂസർക്ക് പൈസ തിരിച്ചു കിട്ടും. കിട്ടണം, കാരണം ഈ ആർട്ട് ക്രിയേറ്റ് ചെയ്യാൻ വേണ്ടി ഉള്ള ഒരു കഷ്ടപ്പാടുണ്ടല്ലോ. സീറോ ബജറ്റിൽ ചെയ്യാണെങ്കിൽ കുഴപ്പമില്ല. മണി ഇൻവോൾവ്ഡ് ആവുമ്പോൾ അയാൾ മുടക്കിയ പൈസയെങ്കിലും തിരിച്ചു കിട്ടണം, ലാഭം എന്നുള്ളത് സെക്കൻഡറിയാണ്. മുടക്കിയ പണമെങ്കിലും തിരിച്ചു കിട്ടുക എന്നു പറയുന്നത് ഇൻഡസ്ട്രിയുടെ നിലനിൽപ്പിന്റെ ഒരു ആവശ്യമാണ്.

ഈ മൂന്നു കാര്യങ്ങളാണ് ഞാൻ നോക്കുന്നത്. അപ്പോഴാണ് ഈ സിനിമ പൂർണ്ണമായും വിജയിച്ചു എന്നു പറയാനാവൂ. അല്ലെങ്കിൽ ഭാഗികമായി വിജയിച്ചു എന്നേ പറയാൻ കഴിയൂ. പടം ഹിറ്റായി, പക്ഷേ അത് കലാപരമായി അത്രയൊന്നും കൊള്ളില്ല എന്നു പറഞ്ഞാൽ അതെനിക്കൊരു പരാജയമാണ്. ഒരു സിനിമ തിയേറ്ററിൽ വിജയിച്ചില്ല, പക്ഷേ കലാമൂല്യമുള്ളതായിരുന്നു എന്നു പറയുന്നതും എന്നെ സംബന്ധിച്ച് ഒരു പരാജയമായാണ് ഞാൻ കാണുന്നത്.

‘ആമി’യിൽ ഒരു കഥാപാത്രമായി വന്നു പോകുന്നു. ഇപ്പോൾ പാർവ്വതി കേന്ദ്ര കഥാപാത്രമാകുന്ന ‘ഉയരെ’യിൽ പ്രധാനപ്പെട്ടൊരു കഥാപാത്രമായി വരുന്നു. സിനിമയുടെ കേന്ദ്രകഥാപാത്രങ്ങളെ ചെയ്യൂ, ഞാൻ നായകനാവണം തുടങ്ങിയ പിടിവാശികൾ കണ്ടിട്ടില്ല. അത്തരം സമീപനങ്ങളിൽ താൽപ്പര്യമില്ലെന്നാണോ?

എനിക്ക് അങ്ങനെ ഈ പറയുന്നതു പോലെ, എന്റെ തല, എന്റെ ഫുൾ ഫിഗർ എന്നു മാത്രം വിചാരിച്ചൊന്നും മുന്നോട്ട് പോവാൻ പറ്റില്ല. എന്നെ സംബന്ധിച്ച് എന്നെ എക്സൈറ്റ് ചെയ്യിപ്പിക്കുന്ന ഒരു കഥാപാത്രം വന്നാൽ വളരെ ചെറുതെങ്കിലും ഞാനത് സ്വീകരിക്കും.

പിന്നെ നായകനായിട്ടും അഭിനയിക്കുന്നുണ്ടല്ലോ. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത, വെറുതെ ഒരു നായകനായി ഇരിക്കാൻ എനിക്കൊട്ടും താൽപ്പര്യമില്ല. നല്ല കഥാപാത്രത്തിന് മാത്രമാണ് പ്രാധാന്യം. അപ്പോഴാണല്ലോ ഒരു നടൻ എന്ന രീതിയിൽ വളരാൻ പറ്റൂ.

‘താരമൂല്യം’ നിലനിർത്തികൊണ്ടു പോവുക എന്നത് വളരെ പ്രധാനമല്ലേ, ഒരു നടനെ സംബന്ധിച്ച്?

ഇവിടെ വേറൊരു സിസ്റ്റം ഉണ്ട്. ഒരു നടന് ഒരു ബ്രേക്ക് കിട്ടി കഴിഞ്ഞാൽ, അയാൾ ഒരു നായകനായി സിനിമയിൽ അഭിനയിച്ചു തുടങ്ങി കഴിഞ്ഞാൽ പിന്നെ ഒരുപാട് പ്രഷറുകളാണ്. ഒരു സിനിമ തിയേറ്ററിൽ വിജയിച്ചില്ലെങ്കിൽ പോലും അയാളെ എഴുതി തള്ളുക എന്നൊരു അവസ്ഥയുണ്ടാകുന്നുണ്ട്. അതിന് പ്രേക്ഷകരെ കുറ്റം പറയാൻ പറ്റില്ല, അവർക്ക് സിനിമ നന്നാവുക എന്നതാണ് പ്രധാനം.

ഒരു സിനിമ നിരൂപകരാല്‍ ഏറെ പ്രശംസിക്കപ്പെട്ടതാണെങ്കിൽ കൂടി, നാഷണൽ അവാർഡ് ഒക്കെ കിട്ടി കഴിഞ്ഞാൽ പോലും അത് തിയേറ്ററിൽ വേണ്ട വിധത്തിൽ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിൽ അതിനെ ഫ്ലോപ്പ് എന്നാണ് എല്ലാവരും വിളിക്കുക. അങ്ങനെ ഫ്ലോപ്പ് എന്നു വിളിക്കപ്പെടുന്ന എത്ര സിനിമകൾ നമുക്കു ചെയ്യാൻ പറ്റും? കുറച്ചു കഴിയുമ്പോൾ നമ്മൾ ഈ ഇൻഡസ്ട്രിയിൽ നിന്നു തന്നെ ഔട്ടായിപ്പോവും. പൈസ മുടക്കുന്ന നിർമ്മാതാക്കൾക്ക് അത് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും. മാർക്കറ്റ് വാല്യൂ ഇല്ലാതാവും. അതു കൊണ്ട് നായകനായി ഷോൾഡറിൽ സിനിമയെടുത്ത് വെയ്ക്കുമ്പോൾ അവർക്കിഷ്ടമില്ലാത്ത സിനിമകളാണെങ്കിലും ചെയ്യാൻ പലരും നിർബന്ധിതരാവുകയാണ്.

പക്ഷേ ഇപ്പോ സിനിമ കുറേയൊക്കെ മാറിയിട്ടുണ്ട്. സിനിമകളുടെ ചോയിസ് മാറിയിട്ടുണ്ട്. തൊട്ടു മുൻപുള്ള ജനറേഷന്റെ കാര്യമാണ് ഞാൻ പറഞ്ഞത്. അവർ ഫോഴ്സ്ഡ് ആവുകയാണ്, സിനിമ ഒരു ബിസിനസ്സ് കൂടി ആയതു കൊണ്ട്. പലപ്പോഴും ആർട്ടിനെ ആർട്ടാണെന്നതു മറന്ന് എന്റർടെയിൻമെന്റ് മാത്രമാണ് എന്ന കൺസെപ്റ്റിൽ പോയിരുന്നു. ഇപ്പോൾ അതൊരുപാട് മാറിയിട്ടുണ്ട്.

Image may contain: 1 person

അതെല്ലാം നടന്റെ മാത്രം ഡ്രീം ആയാണ് എപ്പോഴും പറയപ്പെടുന്നത്. എന്നാൽ ചുറ്റുമുള്ള ആൾക്കാർ മറ്റൊരു രീതിയിൽ ചിന്തിക്കുന്നില്ല. ‘എന്റെ തല, എന്റെ ഫുൾ ഫിഗർ’ എന്ന രീതിയിൽ കളിയാക്കപ്പെടുമ്പോഴും അയാൾ അയാളുടെ നിലനിൽപ്പിനു വേണ്ടി ചെയ്യുകയാണ് പലതും.

തുറന്ന മനസ്സോടെ സിനിമയെ പ്രേക്ഷകർ സമീപിക്കുകയാണെങ്കിൽ, ആര് അഭിനയിച്ചാലും നല്ല സിനിമയാണെങ്കിൽ കാണുകയും മോശം സിനിമയാണെങ്കിൽ അതിനെ ഒഴിവാക്കുകയും ചെയ്യാം. നല്ല സിനിമയാണെങ്കിൽ എന്തു വില കൊടുത്തും അതിനെ വിജയിപ്പിക്കുകയും മോശം സിനിമയാണെങ്കിൽ അത്രയൊന്നും മൈൻഡ് ചെയ്യാതെയിരിക്കുകയും ചെയ്തിരുന്നുവെങ്കിൽ, അങ്ങനെ ആയിരുന്നുവെങ്കിൽ ആർക്കും ഈ പറയുന്ന താരമൂല്യം ഉയർത്തിപ്പിടിക്കേണ്ട കാര്യം വരില്ലായിരുന്നു.

അതു പോലെ സിനിമയുമായി ബന്ധപ്പെട്ട മറ്റു ബിസിനസ്സുകളുടെ കാര്യവും, സിനിമയുടെ ക്വാളിറ്റി മാത്രം വിലയിരുത്തി കൊണ്ടാണ് നമ്മൾ ചെയ്യുന്നത് എന്നുണ്ടെങ്കിൽ ഈ പറയുന്ന സ്റ്റാർഡം ബെയ്സ് ചെയ്തിട്ടുള്ള പരിപാടികൾ ഒന്നും ഉണ്ടാകില്ലായിരുന്നു. സിനിമ നന്നാവുക എന്നതു മാത്രമായിരുന്നേനെ നമ്മുടെ ലക്ഷ്യം.

പക്ഷേ ഇപ്പോൾ അതു മാത്രം പോരാ. മാർക്കറ്റിങ്, തിയേറ്ററിൽ എത്തിക്കൽ എന്നു തുടങ്ങി ഒരുപാട് ഫാക്റ്ററുകൾ ഒരു സിനിമയുടെ വിജയത്തിനു കാരണമായേക്കാം. സിനിമ നന്നായാൽ മാത്രം പോരാ. അത് ആളുകളിലേക്ക് എത്തുകയും കൂടെ വേണം. അതിന് താരമൂല്യം വേണം. നമുക്ക് പ്രമോട്ട് ചെയ്യാൻ പറ്റണം. അതു കൊണ്ടെക്കെയാണ് ഇങ്ങനെ. അല്ലാതെ ‘എന്റെ തല, എന്റെ ഫുൾ ഫിഗർ’ എന്നത് ഒരു ക്യാരിക്കേച്ചറായി പറയുന്നതാണ്. അല്ലാതെ ആരുമങ്ങനെയൊന്നുമില്ല. നിലനിൽപ്പ് എന്നത് ആരുടെയാണ് പ്രശ്നമല്ലാത്തത്?

പുതിയ ചിത്രങ്ങൾ ഏതൊക്കെയാണ്?

‘എന്റെ ഉമ്മാന്റെ വീട്’ കഴിഞ്ഞു, തമിഴിൽ ‘മാരി 2’ ഡബ്ബ് ചെയ്തു കഴിഞ്ഞു. ‘ആൻഡ് ദി ഓസ്കാർ ഗോസ്റ്റു..’ വിന്റെ സെക്കന്റ് ഷെഡ്യൂൾ തുടങ്ങി.  നിരവധി അവാർഡുകളൊക്കെ നേടിയിട്ടുള്ള ജിയോ ബേബി എന്ന ഡയറക്ടറുടെ ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’ ആണ് ഇനി മുന്നിലുള്ള മറ്റൊരു ചിത്രം. ഒരേ സമയം നാട്ടിൽ തിയേറ്ററുകളിൽ വിജയിക്കുകയും അതേ സമയം തന്നെ ചലച്ചിത്രോത്സവങ്ങളിൽ ക്രിട്ടിക്കൽ അക്ലെയിം കിട്ടുകയും ചെയ്യുന്ന സിനിമകളാണ് ഇനി ലക്ഷ്യം വെയ്ക്കുന്നത്. ‘ഉയരെ’, ‘ലൂക്ക’, ‘വൈറസ്’, ‘കൽക്കി’ തുടങ്ങിയ ചിത്രങ്ങളും കമിറ്റ് ചെയ്തിട്ടുണ്ട്. ‘കൽക്കി’ കുറച്ചു കൂടി കൊമേഴ്സ്യൽ ആസ്‌പെക്റ്റ്സ് ഉള്ള സിനിമയാണ്. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടമാവുന്ന സിനിമകൾ ചെയ്യണമെന്നുണ്ട്. അതു കൊണ്ട് എന്റെ കരിയറിൽ ‘കൽക്കി’യും വേണം.

Read More: ഹമീദായി ടൊവിനോ: ‘എന്റെ ഉമ്മാന്റെ പേര്’ ചിത്രങ്ങൾ

ഒരു എഴുത്തുകാരൻ എന്ന റോൾ കൂടി ജീവിതത്തിൽ അണിഞ്ഞതായി കേട്ടല്ലോ? ‘ഒരു സുപ്രസിദ്ധ പയ്യന്റെ കുറിപ്പുകൾ’ എന്ന പുസ്തകത്തിലെത്തിയത് എങ്ങനെയാണ്?

അയ്യോ.. അത് വളരെ യാദൃശ്ചികമായി സംഭവിച്ചതാണ്. അതിനെ എന്റെ ഒരു നീണ്ട അഭിമുഖം എന്നു വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. അതിന്റെ പബ്ലിഷർ, എഡിറ്റർ, പിന്നെ ഒരു സുഹൃത്തും കൂടി വന്ന് എന്നോട് കുറേ സംസാരിച്ചു. ആ സംസാരത്തിന്റെ ഒരു രത്നചുരുക്കമാണ് ആ പുസ്തകം.

ഒരു മഹാപ്രളയത്തെ അതിജീവിച്ചു നിൽക്കുന്നവരാണ് നമ്മൾ. പ്രളയം ടൊവിനോ എന്ന വ്യക്തിയെ പഠിപ്പിച്ച പാഠം എന്താണ്?

വലിയ സംഭവമാണെന്നു വിചാരിക്കുന്ന പലതും വലിയ സംഭവമൊന്നുമല്ല എന്നതാണ് ആദ്യ പാഠം. നമ്മൾ ചിലപ്പോൾ വല്ലാതെ ടെൻഷൻ അടിക്കുന്ന കാര്യങ്ങളൊന്നും അത്ര വല്യ കാര്യമല്ല, അതിലും വലുത് വേറെയുണ്ട് എന്ന തിരിച്ചറിവ്.

ഭയങ്കരമായ മറ്റൊരു തിരിച്ചറിവ് കൂടിയുണ്ടായിട്ടുണ്ട്. നമുക്ക് പലതരം സിസ്റ്റങ്ങളുണ്ട്. മതം എന്ന സിസ്റ്റം, രാഷ്ട്രീയം എന്ന സിസ്റ്റം, ഗവൺമെന്റ് എന്ന സിസ്റ്റം – അങ്ങനെ വലിയ വലിയ കുറേയേറെ സിസ്റ്റങ്ങൾ. പക്ഷേ, ഈ സിസ്റ്റങ്ങളേക്കാൾ ഒക്കെ വലിയൊരു സിസ്റ്റം നമ്മുടെ അകത്തുണ്ട്. ഞാൻ മനസ്സിലാക്കിയിടത്തോളം, അത് മനുഷ്യത്വമാണ്. മറ്റെല്ലാ സിസ്റ്റങ്ങളും പരാജയപ്പെട്ടപ്പോൾ അതാണ് വർക്ക് ആയത്.

Read More: പിന്നെ എന്തിനാ മുത്തേ ചേട്ടന്‍ ജിമ്മില്‍ പോയത്: അരിച്ചാക്ക് ചുമന്നും ആശ്വസിപ്പിച്ചും ടൊവിനോ തോമസ്

മനുഷ്യൻ പലപ്പോഴും മറന്നു പോയൊരു സിസ്റ്റം കൂടിയാണ് അത്. നമ്മളെപ്പോഴും സ്പൂൺ വെച്ച് ഭക്ഷണം കഴിച്ചിട്ട് കൈ വെച്ചു കഴിക്കാൻ പറ്റും എന്ന കാര്യം മറന്നു പോവില്ലേ? അതു പോലെ ഒരു ആശ്രയത്വം വരും നമുക്ക് ഈ സിസ്റ്റങ്ങളോട്. മതം, സമൂഹം, രാഷ്ട്രീയം എന്നതിനൊക്കെ അപ്പുറം നമ്മുടെ ഉള്ളിലുള്ള സിസ്റ്റമാണ് പ്രളയം വന്നപ്പോൾ വർക്ക് ചെയ്തത്. ആരുടെയും നിർദേശത്തിനു കാത്തു നിൽക്കാതെ, ഓരോരുത്തരും സ്വമനസ്സാലേ തന്നെ പ്രവർത്തിച്ചു തുടങ്ങിയ കാഴ്ചയ്ക്ക് കൂടിയാണ് പ്രളയം സാക്ഷിയായത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas new film oru kuprasidha payyan