പോയ വർഷം നടൻ ടൊവിനോയ്ക്ക് നേട്ടങ്ങളുടേതായിരുന്നു. എണ്ണംപറഞ്ഞ ഹിറ്റ് ചിത്രങ്ങളിലൂടെ മലയാള സിനിമ ലോകത്ത് നായകന്മാരുടെ നിരയിലേക്ക് ഇദ്ദേഹമെത്തി. എന്നാൽ തനിക്ക് നായകനായി തന്നെ അഭിനയിക്കണമെന്നില്ലെന്നാണ് ടൊവിനോ ഇന്ത്യൻ എക്സ്‌പ്രസിന് അനുവദിച്ച അഭിമുഖത്തിൽ പറയുന്നത്. മാരി 2, മായാനദി ചിത്രങ്ങളിലെ അഭിനയത്തിന് പിന്നാലെയണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

“മായാനദി ഷോകളുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. കളക്ഷനും ഉയർന്നിട്ടുണ്ട്. എന്നാൽ അതിലുപരിയായി എനിക്ക് സന്തോഷം ലഭിക്കുന്നത് വർഷങ്ങൾക്ക് ശേഷവും കഥാപാത്രത്തെ കുറിച്ച് ആളുകൾ സംസാരിക്കുന്നതിലാണ്. അത്തരത്തിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ആഗ്രഹം”, ടൊവിനോ പറഞ്ഞു. “ഗോദ, മെക്സിക്കൻ അപാരത, എസ്ര, മായാനദി ചിത്രങ്ങളെല്ലാം ജനങ്ങളുടെ മനസിൽ പതിഞ്ഞു”, അദ്ദേഹം കൂട്ടിച്ചേർത്തു.

“ആളുകൾ സിനിമയെ വിമർശിക്കുന്നതിൽ വ്യക്തിപരമായി എനിക്ക് പ്രശ്നങ്ങളില്ല. എല്ലാവരും മനുഷ്യരാണ്. അവർക്കത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. പക്ഷെ അതുകൊണ്ട് എന്തെങ്കിലും ഇല്ലാതാകുന്നുണ്ടോ? സിനിമ വെറുപ്പിന് മുകളിലേക്ക് വളരുന്നതാണ് നമ്മൾ കാണുന്നത്. 15 പേർ സിനിമയെ വിമർശിച്ചപ്പോൾ ആയിരം പേർ അനുകൂലിക്കുന്നതാണ് കണ്ടത്. സിനിമയെ തോൽപ്പിക്കാൻ ശ്രമിച്ചവരോട് എനിക്ക് സഹതാപം തോന്നുന്നു”, ടൊവിനോ പറഞ്ഞു.

അമൽ നീരദ് ഹ്രസ്വചിത്രമായി സംവിധാനം ചെയ്യാൻ ശ്രമിച്ച കഥയാണ് മായനദിയുടേതെന്ന് ടൊവിനോ പറഞ്ഞു. രാംഗോപാൽ വർമ്മയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന കാലത്താണ് അമൽ നീരദിന് ഈ കഥ ലഭിക്കുന്നത്. പിന്നീട് അഞ്ച് സുന്ദരികളിൽ ഒരു ചിത്രമായി ഇത് അവതരിപ്പിക്കാനായിരുന്നു അദ്ദേഹം ആലോചിച്ചത്. എന്നാൽ പിന്നീട് ആഷിക് അബു ഈ കഥ സിനിമയാക്കാൻ താത്പര്യം അറിയിച്ചു. അമൽ നീരദിനും ഇത് സിനിമയാക്കണമെന്നുണ്ടായിരുന്നെങ്കിലും ആഷിക് അബുവിന്റെ താത്പര്യത്തെ പിന്തുണക്കുകയായിരുന്നു അദ്ദേഹം. മുംബൈയിലെ അധോലോക കുറ്റവാളിയെ കുറിച്ചായിരുന്നു യഥാർത്ഥ കഥ. ഞങ്ങളത് കേരളത്തിന്റെ സാഹചര്യത്തിലേക്ക് എത്തിച്ചു.

“വളരെ സെലക്ടീവായാണ് ഞാൻ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. കഥാപാത്രങ്ങൾക്ക് പരസ്പരം സാമ്യം തോന്നാതിരിക്കാൻ ശ്രമിച്ചിട്ടുണ്ട്. കാഴ്ചക്കാർക്ക് എന്റെ റോൾ ഊഹിച്ചെടുക്കാൻ സാധിക്കരുത്. മമ്മൂക്കയും ലാലേട്ടനുമാണ് എന്റെ റോൾ മോഡലുകൾ. ഒരു അഭിനേതാവെന്ന നിലയിൽ എന്റെ കഴിവുകൾ പുറത്തെടുക്കാൻ സാധിക്കുന്ന റോളുകളാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാ തരം കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു”, ടൊവിനോ വ്യക്തമാക്കി.

തമിഴ് സിനിമയിലേക്കുള്ള പ്രവേശനത്തെക്കുറിച്ചും താരം പ്രതികരിച്ചു. “എനിക്ക് കുറച്ച് തമിഴറിയാം. കോയമ്പത്തൂരിലാണ് ഞാൻ എഞ്ചിനീയറിംഗ് പഠിച്ചത്. പിന്നീട് സോഫ്റ്റുവെയർ എഞ്ചിനീയറായി ജോലി ചെയ്തതും അവിടെ തന്നെയാണ്. തമിഴ് ഉച്ഛാരണശുദ്ധിയോടെ പറയാൻ സാധിക്കില്ലെങ്കിലും സംസാരിക്കാൻ സാധിക്കും. വ്യക്തിപരമായി എനിക്ക് തമിഴ് ചിത്രങ്ങൾ ഇഷ്ടമാണ്. പണത്തിന് വേണ്ടി മാത്രമായി ഞാൻ സിനിമ ചെയ്യില്ല. ഭാഷ വ്യക്തമായി പഠിച്ച് കഥാപാത്രത്തെ അവതരിപ്പിക്കാൻ ശ്രമിക്കും”, ടൊവിനോ വ്യക്തമാക്കി.

തരംഗത്തിന്റെ സംവിധായകനും സഹ സംവിധായകകനും വഴിയാണ് നിർമ്മാതാക്കളായ വണ്ടർബാറിനെ പരിചയപ്പെട്ടത്. അവരാണ് തരംഗം നിർമ്മിച്ചത്. തരംഗം വലിയ ഹിറ്റായില്ലെങ്കിലും വീണ്ടുമൊരു ചിത്രം കൂടി എന്നെ നായകനാക്കി ചെയ്യാൻ അവർ താത്പര്യം പ്രകടിപ്പിച്ചു. മാരി 2 ൽ ധനുഷിനൊപ്പം അഭിനയിക്കാനുള്ള അവസരവും വണ്ടർബാറിലൂടെയാണ് ലഭിച്ചത്. ഷൂട്ടിംഗ്് ജനുവരി അവസാനവാരം നടക്കും.

“അടുത്ത വർഷം മലയാളത്തിലും തമിഴിലും വില്ലൻ റോളാണ് എനിക്ക് അവതരിപ്പിക്കാനുള്ളത്. നടനെന്ന നിലയിൽ മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. നായകനടനെന്ന നിലയിൽ മാത്രമായി അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഞാൻ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചില്ലെങ്കിൽ കാണികൾക്ക് ബോറടിക്കും”, ടൊവിനോ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ