ഇന്നു വരും നാളെ വരും എന്നു പറഞ്ഞ് പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ‘മറഡോണ’. നായകനാകുന്നത് മലയാളത്തില്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന താരം ടൊവിനോ തോമസ്. കൃഷ്ണമൂര്‍ത്തിയുടെ തിരക്കഥയില്‍ ചിത്രം സംവിധാനം ചെയ്തത് വിഷ്ണു നാരായണ്‍. ദിലീഷ് പോത്തന്‍, ആഷിഖ് അബു എന്നിവരുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന  വിഷ്ണു തന്റെ ആദ്യ സംവിധാനം സംരംഭം കൊണ്ടു തന്നെ തന്റെ പ്രതിഭ തെളിയിച്ചു കഴിഞ്ഞു എന്നാണ് നിരൂപണങ്ങള്‍ സൂചിപ്പിക്കുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നിംഗ് ചിത്രം എന്ന നിലയിലാണ് ചിത്രം വിലയിരുത്തപ്പെടുന്നത്.

Read More: ‘മറഡോണ’ റിവ്യൂ

‘മറഡോണ’ വന്ന വഴികളെക്കുറിച്ച്, ചിത്രീകരണത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച്, അഭിനേതാക്കളുടേയും സാങ്കേതികപ്രവര്‍ത്തകരുടേയും പിന്തുണയേയും മികവിനേയും കുറിച്ച്, വിഷ്ണു നാരായണ്‍ ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് സംസാരിക്കുന്നു.

 • മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ് മറഡോണ, ആദ്യ സിനിമ വിജയമായി മാറിയിരിക്കുന്നു. എന്തു തോന്നുന്നു ഇപ്പോള്‍?
 • വളരെ മികച്ച പ്രതികരണങ്ങളാണ് മറഡോണയ്ക്ക് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. ഒരുപാട് സ്‌ന്തോഷമുണ്ട്. ഒരു ത്രില്ലറുടെ സ്വഭാവമുള്ള ഫീല്‍ ഗുഡ് എന്റര്‍ടെയ്‌നിംഗ് ചിത്രം എന്ന നിലയിലാണ് ചിത്രം വിലയിരുത്തപ്പെടുന്നത്. ചിത്രം കണ്ടവരൊക്കെ എടുത്തു പറയുന്നതില്‍ ഒന്ന് ഛായാഗ്രഹണത്തെ കുറിച്ചാണ്. ദീപക് ഡി മേനോനാണ് ചിത്രത്തിന്റെ ഡിഓപി. കണ്ടവരൊക്കെ അദ്ദേഹത്തിന്റെ ഫ്രെയിമുകളെ കുറിച്ച് സംസാരിക്കുന്നുണ്ട്.

  പിന്നൊന്ന് ‘മറഡോണ’യുടെ സംഗീതത്തെ കുറിച്ചാണ്. ആറ് പാട്ടുകളാണുള്ളത്. സുഷിന്‍ ശ്യാമാണ് ഗാനങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പൂര്‍ണ്ണമായും ഒരു സുഷിന്‍ ശ്യാം മ്യൂസിക്കല്‍ എന്ന രീതിയിലാണ് ചിത്രം പ്രസന്റ് ചെയ്തിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങളോടൊപ്പം തന്നെ മറ്റു താരങ്ങളുടെ പ്രകടനത്തെ കുറിച്ചും പറയാന്‍ ആഗ്രഹിക്കുന്നു. ടിറ്റോ വില്‍സണ്‍, ചെമ്പന്‍ വിനോദ്, ലിയോണ, ഹരി തമ്പുരാന്‍, ശാലു, നിസാര്‍ തുടങ്ങിയവരുടെയെല്ലാം പ്രകടനങ്ങള്‍ അഭിനന്ദിക്കപ്പെടുന്നുണ്ട്”.

  • എങ്ങനെയാണ് മറഡോണ സംഭവിക്കുന്നത്?

  ’22 ഫീമെയില്‍ കോട്ടയം’ മുതല്‍ ‘റാണി പത്മിനി’ വരെ ആഷിഖ് അബുവിന്റെ അസിസ്റ്റന്റ് ആയിരുന്നു. ‘മഹേഷിന്റെ പ്രതികാര’ത്തില്‍ ദിലീഷ് പോത്തനൊപ്പവും വര്‍ക്ക് ചെയ്തു. നേരത്തെ സമീർ താഹിറിനൊപ്പം നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമിയിലുമുണ്ടായിരുന്നു. ഇതിനിടെയാണ് ‘മറഡോണ’യെ കുറിച്ചുള്ള ആലോചനകള്‍ വരുന്നത്. ഇതിന്റെ തിരക്കഥാകൃത്തായ കൃഷ്ണ മൂര്‍ത്തി ‘ടമാര്‍ പഠാറി’ലൊക്കെ വര്‍ക്ക് ചെയ്തിരുന്നു, ‘അങ്കമാലി ഡയറീസി’ല്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പവുമുണ്ടായിരുന്നു. മഹേഷിന്‍റെ പ്രതികാരത്തില്‍ രണ്ടു പേരും വർക്ക് ചെയ്തിരുന്നു. ഞങ്ങള്‍ ഏഴെട്ട് വര്‍ഷമായി സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി നടക്കുകയായിരുന്നു. പല സബ്ജക്ടുകള്‍ ചര്‍ച്ച ചെയ്തിരുന്നു. പിന്നീട് ഇതു തന്നെ സിനിമയാക്കാം എന്നു തീരുമാനിക്കുകയും സ്‌ക്രിപ്റ്റ് വര്‍ക്കുമായി മുന്നോട്ട് പോവുകയുമായിരുന്നു.

  • ചിത്രത്തിലെ നായകനായി, മറഡോണയായി ടൊവീനോ എത്തുന്നത് എങ്ങനെ?

  നേരത്തെ തന്നെ ടൊവീനോയെ നായകനാക്കണം എന്ന് ആലോചിച്ചിരുന്നില്ല. സ്‌ക്രിപ്റ്റ് ഫൈനലൈസ് ചെയ്തതിന് ശേഷമായിരുന്നു ആര്‍ട്ടിസ്റ്റുകളെ തീരുമാനിച്ചത്. നിലവിലെ താരങ്ങളില്‍ മറഡോണ എന്ന ക്യാരക്ടറിന് ഉചിതമായ നടനാരാണെന്ന് ആലോചിരിക്കുമ്പോഴാണ് ടൊവീനോയെ പരിചയപ്പെടുന്നതും അദ്ദേഹത്തെ നായകനാക്കാം എന്ന് തീരുമാനിക്കുന്നതും. ‘ഗപ്പി’യുടെ ചിത്രീകരണത്തിനിടെയായിരുന്നു ടൊവീനോയെ പരിചയപ്പെടുന്നത്. പിന്നീട് ‘ഗോദ’യുടെ ഷൂട്ടിനിടെ ‘മറഡോണ’യുടെ കഥ അവതരിപ്പിച്ചു. അങ്ങനെയാണ് ‘മറഡോണ’ തുടങ്ങുന്നത്.

  • ‘മറഡോണ’യായി ടൊവീനോ തൃപ്തിപ്പെടുത്തിയോ?

  തീര്‍ച്ചയായും. സിനിമ കാണുന്ന എല്ലാവര്‍ക്കും ‘മറഡോണ’ എന്ന ക്യാരക്ടറിനേയും ടൊവീനോയേയും ഇഷ്ടപ്പെടുന്നുണ്ടെന്നത് അതിന്റെ തെളിവാണ്. പിന്നെ വ്യക്തിപരമായും എനിക്ക് നല്ല കംഫര്‍ട്ടബിള്‍ ആയിട്ടുള്ള നടനാണ് ടൊവീനോ. നല്ല ഊര്‍ജ്ജവും ഡെഡിക്കേഷനുമുണ്ട്. ടൊവീനോയുമായി ചിത്രത്തെ കുറിച്ച് ഒരുപാട് ഡിസ്‌കഷനൊക്കെ നടന്നിരുന്നു. അതു കൊണ്ട് തന്നെ ഇതൊരു ടീം വര്‍ക്കാണ്. ഇപ്പോള്‍ ലഭിക്കുന്ന അഭിനന്ദനങ്ങളൊക്കെ ആ ടീം വര്‍ക്കിനുള്ളതാണ്.

  Read More: മറഡോണയുടെ വിജയത്തിന് നന്ദി പറഞ്ഞ് ടോവീനോ

  Vishnu Narayan Maradona Director

  വിഷ്ണു നാരായണ്‍

  • എന്തു കൊണ്ടാണ് ചിത്രത്തിലെ നായികയായി ഒരു പുതുമുഖ നടിയെ സെലക്ട് ചെയ്തത്?

  പുതുമുഖ നായിക വന്നാല്‍ നന്നായിരിക്കുമെന്ന് നേരത്തെ തന്നെ കരുതിയിരുന്നു. പ്രവചനീയത ഇല്ലാതാക്കുകയാണെങ്കില്‍ നല്ലതാകും എന്നു തോന്നിയിരുന്നു. നേരത്തെ അറിയുന്ന നായിക ആയിരുന്നുവെങ്കില്‍ ചെറിയ തോതിലെങ്കിലും പ്രെഡിക്റ്റബിള്‍ ആവുമായിരുന്നു. അങ്ങനൊരു അണ്‍പ്രഡിക്റ്റബിളിറ്റി ശരണ്യയുടെ കഥാപാത്രം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ടാണ് ഒരു പുതുമുഖത്തെ തേടിയത്. പിന്നെ ക്യാരക്ടറിനോട് അടുത്തു നില്‍ക്കുന്ന ഒരാള്‍ വേണമെന്നുമുണ്ടായിരുന്നു. അങ്ങനെ ഒരുപാട് അന്വേഷിച്ചതിന് ശേഷമാണ് ശരണ്യയിലെത്തിയത്. തിയ്യറ്ററില്‍ നിന്നും ആ തീരുമാനം ശരിയായിരുന്നു എന്ന പ്രതികരണമാണ് ലഭിക്കുന്നത്.

  ഗുണ്ടയില്‍ നിന്നും നന്മയുള്ള മനുഷ്യനിലേക്കുള്ള നായകന്റെ പരിവര്‍ത്തനമാണല്ലോ ചിത്രം, അതിനെ കുറിച്ച്?

  ‘മറഡോണ’ ഏത് ഴോണറില്‍ പെടുന്ന ചിത്രമാണെന്ന് ചോദിക്കുമ്പോള്‍ പെട്ടെന്നു വരുന്ന ഉത്തരം ആക്ഷന്‍, ത്രില്ലര്‍, പ്രണയ ചിത്രം എന്നൊക്കെയായിരിക്കും. എന്നാല്‍ ആത്യന്തികമായി ഇതൊരു മോട്ടിവേഷണല്‍ ചിത്രമാണ്. അങ്ങനെ പറയുന്നതാകും കൂടുതല്‍ ഉചിതം. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രം വളരെയധികം നന്മയുള്ള ആളുകളുടെ ഇടയില്‍ കുറച്ച് നാള്‍ ജീവിക്കേണ്ടി വരുന്നതും അണ്‍കോണ്‍ഷ്യായി ആ സാഹചര്യം അയാളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുകയും അത് അയാളില്‍ പൊസിറ്റീവായൊരു മാറ്റമുണ്ടാക്കുന്നതുമാണ് ചിത്രം.

  തന്റെ ജീവിതത്തില്‍ മുമ്പുണ്ടായതിന് സമാനമായ ഒരു അനുഭവമുണ്ടാകുമ്പോള്‍ അയാള്‍ അതിനെ എങ്ങനെ നേരിടുന്നുവെന്നുമാണ് ചിത്രം പറയാന്‍ ശ്രമിക്കുന്നത്. ഒരു മോശം മനുഷ്യന്‍ നല്ല മനുഷ്യനായെന്നല്ല, അതിനുള്ള സാധ്യതകളെ കുറിച്ചാണ് ചിത്രം പറയുന്നത്. ഇതു പോലൊരു സാഹചര്യത്തിലെത്തിയാല്‍ സ്വാഭാവികമായും അയാളില്‍ മാറ്റമുണ്ടാകും. കാരണം അയാള്‍ ജീവിക്കുന്നത് പൊസിറ്റീവ് എനര്‍ജിയുള്ള കഥാപാത്രങ്ങള്‍ക്കൊപ്പമാണ്.

  • നടനെന്ന നിലയില്‍ ടൊവീനോയുടെ വളര്‍ച്ചയെ എങ്ങനെ നോക്കി കാണുന്നു?

  ഞങ്ങള്‍ പരിചയപ്പെടുന്ന സമയത്ത് ‘ഗപ്പി’ പോലും റിലീസ് ചെയ്തിരുന്നില്ല. ‘ഗപ്പി’ റിലീസ് ചെയ്യുന്നു, തേജസ് വര്‍ക്കി എന്ന കഥാപാത്രം ശ്രദ്ധേയമാകുന്നു. പിന്നീട് ‘ഗോദ’, ‘മെക്‌സിക്കന്‍ അപരാത’യൊക്കെ വരുന്നു. ഒടുവില്‍ ആഷിക്കേട്ടന്റെ ‘മായാനദി’. ഞങ്ങളന്ന് പരിചയപ്പെട്ട ടൊവീനോ ആയിരുന്നില്ല അപ്പോഴേക്കും. ഒരുപാട് ഫില്‍ട്ടര്‍ ചെയ്യപ്പെട്ട, കുറേക്കൂടെ എക്‌സ്പീരിയന്‍സ്ഡ് ആയ നടനായി അയാള്‍ മാറിയിരുന്നു. സ്വാഭാവികമായും അതിന്റെ എല്ലാ ഗുണങ്ങളും എനിക്ക് ‘മറഡോണ’ ചെയ്യുമ്പോള്‍ ഉപകരിച്ചിരുന്നു. അതോടൊപ്പം തന്നെ ഒരു ഫ്രണ്ട്‌ലി അറ്റ്‌മോസ്ഫിയര്‍ ആയതുകൊണ്ട് തന്നെ ടൊവീനോയും കംഫര്‍ട്ടബിള്‍ ആയിരുന്നു. വളരെ ആസ്വദിച്ചാണ് ടൊവീനോയും അഭിനയിച്ചിരിക്കുന്നത്. അതിന്റെ റിസള്‍ട്ട് തിയ്യറ്ററില്‍ കാണുമ്പോള്‍ മനസിലാക്കാവുന്നതാണ്.

  • ‘മറഡോണ’യ്ക്ക് ടൊവിനോയുടെ മാത്തനുമായി സാമ്യം വരാതിരിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നുവോ?

  രണ്ടും വളരെ വ്യത്യസ്തമായ സിനിമകളാണ്. രണ്ടും രണ്ട് കഥാപാത്രങ്ങളാണ്. രണ്ടും ഒരുപോലെയാകരുതെന്ന് ടൊവീനോയ്ക്ക് തന്നെ നിശ്ചയമുണ്ടായിരുന്നു. കുറേ നാളുകളായി വര്‍ക്ക് ചെയ്ത സ്‌ക്രിപ്റ്റ് ആയതു കൊണ്ടു തന്നെ കഥാപാത്രത്തെ കുറിച്ച് കൃത്യമായ ധാരണ എല്ലാവര്‍ക്കുമുണ്ടായിരുന്നു. ടൊവീനോയുടെ കരിയര്‍ നോക്കിയാല്‍ അറിയാന്‍ കഴിയും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുകയും അതിന് വേണ്ടി പ്രയത്‌നിക്കുകയും ചെയ്യുന്ന നടനാണ്.

  • എന്തു കൊണ്ട് ആദ്യ സിനിമ മറ്റൊരാളുടെ തിരക്കഥയിലായത്?

  കണ്ണന്‍ (കൃഷ്ണ മൂര്‍ത്തി) കഴിഞ്ഞ ഏഴെട്ട് വര്‍ഷമായി എന്റെ സുഹൃത്താണ്. ഞങ്ങളുടെ ഒരുമിച്ചുള്ള ചര്‍ച്ചകളിലൂടെയാണ് ഈ ചിത്രമുണ്ടാകുന്നത്. മുന്‍കൂട്ടി തീരുമാനിച്ചിരുന്നില്ല. കഥയെ കുറിച്ചും മെയ്ക്കിംഗിനെ കുറിച്ചുമെല്ലാം പരസ്പരം ചര്‍ച്ച ചെയ്യ്താണ് ‘മറഡോണ’യിലെത്തുന്നത്. ഇത്രയും കാലമെടുത്ത് വര്‍ക്ക് ചെയ്തുകൊണ്ട് പൂര്‍ണ്ണമായും ചിത്രത്തില്‍ ഇന്‍വോള്‍വ് ആകാന്‍ സാധിച്ചിട്ടുണ്ട്.

  കണ്ണന്‍ എഴുതിയെഴുതി പോവുകയും ഞങ്ങളത് ഡിസ്‌കസ് ചെയ്തുമാണ് ചിത്രമുണ്ടാകുന്നത്. അതൊരു ഗിവ് ആന്റ് ടെയ്ക്ക് പോളിസി പോലെയായിരുന്നു. വളരെ ബ്രില്യന്റായ റൈറ്ററാണ് കണ്ണന്‍. ഇതിനിടെ ഒരുപാട് വഴക്കുകളൊക്കെയുണ്ടായിട്ടുണ്ട്. പക്ഷെ ക്വാളിറ്റിയുള്ള സിനിമ എന്നതില്‍ യാതൊരു വിട്ടുവീഴ്ച്ചയുമില്ലായിരുന്നു. ഞാനും അവനും സിങ്കാവുന്ന ഒരു പോയന്റില്‍ എത്തുന്നത് വരെ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇപ്പോള്‍ ചിത്രം എല്ലാവരും ഇഷ്ടപ്പെടുന്നു എന്നു പറയുന്നതിന്റ കാരണവും ആ വഴക്കുകളാകും.

  • ഒട്ടും റെഡിയല്ലാത്ത ഒരാളെ അടിച്ചിടുന്നത് എന്ത് ഹീറോയസിമാണെന്ന് ചിത്രത്തില്‍ ഒരിടത്ത് നായിക ചോദിക്കുന്നുണ്ട്, നിങ്ങളുടെ അഭിപ്രായത്തില്‍ എന്താണ് ഹീറോയിസം?

  ഒരു ക്രൈം ചെയ്യുന്നവര്‍ക്ക് അത് ന്യായീകരിക്കാന്‍ അവരുടേതായ കാരണങ്ങളുണ്ടാകും. പക്ഷെ ആത്യന്തികമായ ഒരു ഹീറോയുണ്ടാകുന്നത് എപ്പോഴാണ്? ജീവിതത്തില്‍ വിജയിക്കുമ്പോളാണ് ഹീറോയാകുന്നത്. അത് ഒരാളെ അടിച്ചിട്ടതു കൊണ്ടോ ഒരു ക്രൈം ചെയ്തതു കൊണ്ടോ അല്ലെങ്കില്‍ കുറേ കാശുണ്ടാക്കിയത് കൊണ്ടോ അല്ല. സക്‌സസ് എന്നത് ഓരോരുത്തരേയും ഡിപ്പെന്റ് ചെയ്തിരിക്കുന്നു. ചിലര്‍ക്ക് സാമ്പത്തികമാകാം ചിലര്‍ക്ക് സമാധാനമാകാം. അതുകൊണ്ട് ആ രീതിയില്‍ ഹീറോയിസത്തെ കാണുന്നതാകും നല്ലതെന്ന് എനിക്ക് തോന്നുന്നു.

  • ദിലീഷ് പോത്തന്‍, ആഷിഖ് അബു എന്നിവര്‍ക്കൊപ്പമുള്ള അനുഭവം ഏത് തരത്തിലാണ് സിനിമയെ സഹായിച്ചത്?

  രണ്ടു പേരും വളരെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുള്ളവരാണ്. രണ്ടുപേരുടേയും മെയ്ക്കിംഗ് സ്റ്റൈല്‍ വ്യത്യസ്തമാണ്. രണ്ടു പേരുടേയും ചിത്രങ്ങള്‍ എനിക്ക് ഇഷ്ടമാണ്. രണ്ടു പേരും വളരെ ബ്രില്യന്റായ ഫിലിം മേക്കേര്‍സ് ആണ്. അവര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. നേരത്തെ വേറേയും സിനിമകളുടെ സെറ്റില്‍ വര്‍ക്ക് ചെയ്തിരുന്നു. എന്നാല്‍ ആഷിക്കേട്ടന്റെ സെറ്റില്‍ എത്തിയതോടെ സിനിമ ആസ്വദിക്കുന്നതിലും സിനിമയോടുള്ള കാഴ്ച്ചപ്പാടിലും ഒരുപാട് മാറ്റങ്ങള്‍ വന്നു. എല്ലാ അര്‍ത്ഥത്തിലും അവര്‍ക്കൊപ്പമുള്ള അനുഭവങ്ങള്‍ എന്നില്‍ കാര്യമായ വ്യതിയാനങ്ങള്‍ വരുത്തിയിട്ടുണ്ട്. അതൊരു പാഠശാല തന്നെയായിരുന്നു. പക്ഷെ അവരുടെ സിനിമയല്ല എന്റേത്.

  • ചിത്രത്തില്‍ മനുഷ്യ കഥാപാത്രങ്ങളെ പോലെ തന്നെ പ്രധാനപ്പെട്ടതാണല്ലോ റാംബോ എന്ന നായ്ക്കുട്ടിയും പ്രാവും. അവയുടെ പരിശീലനമൊക്കെ ഏത് തരത്തിലായിരുന്നു?

  സിനിമയില്‍ പ്രധാനപ്പെട്ടതാണ് റാംബോയുടെ റോള്‍. അതുകൊണ്ട് മാസങ്ങള്‍ക്ക് മുമ്പു തന്നെ ഞങ്ങള്‍ ബീഗിള്‍ എന്ന ഇനത്തില്‍ പെട്ട ഒരു നായയെ റാംബോയായി തിരഞ്ഞെടുത്തിരുന്നു. സാം എന്നാണ് അവന്റെ പെറ്റ് നെയിം. തൃശ്ശൂരുള്ള പ്രണവാണ് അതിനെ ട്രെയിന്‍ ചെയ്യിച്ചത്. ചിത്രത്തിലെ ഭാഗങ്ങളൊക്കെ നേരത്തെ തന്നെ പ്രണവുമായി ചര്‍ച്ച ചെയ്തിരുന്നു. അതനുസരിച്ച് പ്രണവ് സാമിനെ ട്രെയിന്‍ ചെയ്യിക്കുകയായിരുന്നു. രണ്ട് രണ്ടര മാസത്തോളം ട്രെയിനിംഗ് നടന്നു. പ്രാവിനേയും പ്രണവിനെ ഏല്‍പ്പിച്ചിരുന്നു. പക്ഷെ പ്രാവിനെ അത്ര എളുപ്പത്തില്‍ ട്രെയിന്‍ ചെയ്യിക്കാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ പ്രാവ് റിയാക്ട് ചെയ്യുന്നത് വരെ കാത്തിരുന്നാണ് സീനുകള്‍ ഷൂട്ട് ചെയ്തത്.

  • എന്തുകൊണ്ട് ‘മറഡോണ’ എന്ന പേര്, ഫുട്‌ബോള്‍ താല്‍പര്യമുള്ളത് കൊണ്ടാണോ?

  കുറേ വര്‍ഷങ്ങളായി ചര്‍ച്ചയിലുണ്ടായിരുന്ന സ്‌ക്രിപ്റ്റായിരുന്നു. നേരത്തെ ചാവക്കാടുള്ള മറഡോണ, സുധി എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു കഥ തയ്യാറാക്കിയിരുന്നത്. ഫുട്‌ബോളിനോടുള്ള അവരുടെ താല്‍പര്യവും കളിയുമൊക്കെ ആ കഥയുടെ ഭാഗമായിരുന്നു. എന്നാല്‍ പിന്നെ സിനിമ വളര്‍ന്നതോടെ ചാവക്കാട് ഫുട്‌ബോള്‍ കളിച്ചു നടന്നിരുന്നവരില്‍ നിന്നും ചിത്രത്തിന്റെ കഥാതന്തു മാറി. പിന്നീട് അവരുടെ യാത്രയില്‍ ഫുട്‌ബോളിന്റെ പശ്ചാത്തലം ആവശ്യമില്ലാതെ വന്നു. അങ്ങനെ അത് വേണ്ടാ എന്ന് തീരുമാനിക്കുകയായിരുന്നു. പക്ഷെ ഞങ്ങളുടെ ആദ്യ സിനിമ എന്ന നിലിയില്‍ ‘മറഡോണ’ എന്ന പേര് എനിക്കും കണ്ണനും തരുന്ന ഫീല്‍ വേറെ തന്നെയായിരുന്നു. അതുകൊണ്ട് ആ പേര് മാറ്റാതെ വെക്കുകയായിരുന്നു.

  • അടുത്ത പ്രൊജക്ട്?

  അടുത്തതിനെ കുറിച്ച് തീരുമാനം ആയിട്ടില്ല. ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ മറഡോണ പരമാവധി ആളുകളിലേക്ക് എത്തിക്കുക എന്നതിലാണ് ശ്രദ്ധ.

  Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook