പോയ വര്‍ഷം മലയാള സിനിമയിലെ യുവനടന്മാര്‍ക്ക് ഇടയില്‍ ഏറ്റവും ശ്രദ്ധേയമായ കുതിപ്പ് നടത്തിയ താരം ആരെന്ന് ചോദിച്ചാല്‍ ഉത്തരം ടൊവിനോ തോമസ് എന്നാകും. പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം വിജയം. മലയാളത്തിന്റെ അതിര്‍ വരമ്പ് കടന്ന് ടൊവിനോ തമിഴകത്തും തന്റെ സാന്നിധ്യമറിയിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍. ധനുഷ് ചിത്രമായ മാരിയുടെ രണ്ടാം ഭാഗത്തിലൂടെയാണ് ടൊവിനോ തമിഴകത്ത് സ്ഥാനം ഉറപ്പിക്കാനൊരുങ്ങുന്നത്.

മാരി ടുവിലെ ടൊവിനോയുടെ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഗപ്പിയിലെ നീളന്‍ താടി ലുക്കില്‍ പ്രേക്ഷകനെ ഞെട്ടിച്ച ടൊവിനോ വീണ്ടും ഞെട്ടിക്കുന്ന ലുക്കിലാണ് എത്തുന്നത്. അല്‍പ്പം മുന്നോട്ട് നീണ്ട, കൂര്‍ത്ത താടിയും നെറ്റിയിലെ മുറിവും ഒരുവശത്തേക്ക് കോതിയിട്ട മുടിയുമാണ് ടൊവിനോയുടെ മാരി ടു ലുക്കിന്റെ സവിശേഷത.

സ്‌റ്റൈലിഷ് വില്ലന്‍ ലുക്കിലുള്ള ടൊവിനോയുടെ ചിത്രം വൈറലായി മാറുമ്പോള്‍ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് മാരി ടുവിനായി കാത്തിരിക്കുന്നത്. ബാലാജി മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2016 ല്‍ പുറത്തിറങ്ങിയ മാരിയില്‍ ഗായകന്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടൊവിനോയുടെ തമിഴ് ചിത്രമായ അഭിയുടെ കഥ അനുവിന്റേയും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതെ പോയതിന്റെ ക്ഷീണം മാരി ടുവിലൂടെ മറികടക്കുമെന്നാണ് പ്രതീക്ഷ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ