മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഒരു ഫ്രെയിമിൽ വരിക എന്നത് മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങളുടെയും ആഗ്രഹങ്ങളിൽ ഒന്നായിരിക്കും. സിനിമയിൽ അല്ലെങ്കിലും അങ്ങനെ ഒരു ആഗ്രഹം നടന്നതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെക്കുകയാണ് നടൻ ടൊവിനോ തോമസ്.
“എ മില്യൺ ഡോളർ മൊമന്റ്” എന്ന അടികുറിപ്പോടെ മമ്മൂക്കും മോഹൻലാലിനും ഒപ്പമുള്ള ചിത്രമാണ് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. “മലയാളത്തിലെ യഥാർത്ഥ സൂപ്പർഹീറോകളായ മമ്മുക്കയ്ക്കും ലാലേട്ടനും ഒപ്പം, ഞാൻ ഇത് ഫ്രെയിം ചെയ്ത് എന്റെ സ്വീകരണമുറിയിൽ എന്നെന്നേക്കുമായി വെക്കാൻ പോകുന്നു” എന്നും ടൊവിനോ ചിത്രത്തിന് താഴെ കുറിച്ചിട്ടുണ്ട്.
ഇന്ന് നടന്ന അമ്മ സംഘടനയുടെ ജനറൽ ബോഡി മീറ്റിങിനിടയിൽ എടുത്ത ചിത്രമാണിത്. ഒരു സ്വപ്നം സാക്ഷാത്കരിച്ചു എന്നും ടൊവിനോ ഫൊട്ടോയ്ക്ക് ഹാഷ്ടാഗ് നൽകിയിട്ടുണ്ട്.
Also Read: മിന്നൽ മുരളിക്ക് ഗ്രേറ്റ് ഖാലിയുടെ ‘സൂപ്പർഹീറോ ടെസ്റ്റ്’; പുതിയ വീഡിയോക്ക് കയ്യടിച്ച് ആരാധകർ
പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ‘മിന്നൽ മുരളി’യാണ് ടൊവിനോയുടെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രം. ഇടിമിന്നൽ ഏൽക്കുന്നതിലൂടെ അത്ഭുതശക്തികൾ ലഭിക്കുന്ന മുരളി എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയിരിക്കുന്ന ‘മിന്നൽ മുരളി’ നിര്‍മ്മിച്ചിരിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ്.
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമെന്ന് അണിയറപ്രവർത്തകർ വിശേഷിപ്പിക്കുന്ന ‘മിന്നൽ മുരളി’ ഡിസംബർ 24ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ളിക്സിലാണ് റിലീസ് ചെയ്യുന്നത്.