യുവതാരങ്ങൾക്കിടയിൽ ഫിറ്റ്നസ്സിന് ഏറെ പ്രാധാന്യം നൽകുന്ന ഒരാളാണ് ടൊവിനോ തോമസ്. വീട്ടിലെ ജിമ്മിൽ വർക്കൗട്ട് നടത്തുന്നതിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസ്സിലാണ് ടൊവിനോയ്ക്ക് ക്രേസ് എങ്കിൽ സാഹസിക അഭ്യാസങ്ങളിലും യാത്രകളിലുമാണ് നടൻ പ്രണവ് മോഹൻലാലിന് താൽപ്പര്യം. തന്റെ യാത്രകളുടെയും സാഹസിക അഭ്യാസങ്ങളുടെയും വീഡിയോകൾ പ്രണവും സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യാറുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ പ്രണവും ടൊവിനോയും ആരാധകർക്കായി പങ്കുവച്ച വീഡിയോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. വടിപ്പയറ്റ് (കോല്‍ത്താരി) അഭ്യസിക്കുന്ന ടൊവിനോയെ ആണ് വീഡിയോയിൽ കാണാനാവുക. “പഠനത്തിന്റെ ഏറ്റവും മനോഹരമായ കാര്യം, നിങ്ങളിൽ നിന്ന് ആർക്കും അത് എടുത്തുകളയാൻ കഴിയില്ല എന്നതാണ്,” എന്ന കുറിപ്പോടെയാണ് ടൊവിനോ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
അതേ സമയം സ്പെയ്ൻ യാത്രയ്ക്കിടയിൽ പകർത്തിയ വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് പ്രണവ്. സ്പെയിനിന്റെ നഗരവീഥികളിലൂടെ നടക്കുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാനാവുക. മരത്തിന്റെ മുകളിലേക്ക് വലിഞ്ഞു കയറിയും റോപ്പിൽ ഊഞ്ഞാലാടിയുമൊക്കെ തന്റെ അവധിക്കാലം ആഘോഷമാക്കുകയാണ് പ്രണവ്.
“അവിടെ ആണെങ്കിൽ പ്രണവ് മോഹൻലാലിൻ്റെ മലകയറ്റവും ചാട്ടവും, ഇവിടെയാണെങ്കിൽ ടൊവിനോ ചേട്ടൻ്റെ കളരി പയറ്റ്,” എന്നാണ് ആരാധകർ വീഡിയോയ്ക്ക് കമന്റു ചെയ്യുന്നത്. എന്തായാലും താരങ്ങളുടെ അഭ്യാസപ്രകടനങ്ങൾ ശ്രദ്ധ നേടി കഴിഞ്ഞു.