ശരീരം മുഴുവൻ ബാത്ത് ജെല്ലിന്റെ പതയുമായി ബാത്ത് ടബ്ബിൽ ചിരിയോടെ ഇരിക്കുന്ന ടൊവിനോയും മകളും. കാഴ്ചക്കാരുടെ കണ്ണുകളിൽ കൗതുകവും വാത്സല്യവും നിറയ്ക്കുന്ന ഫോട്ടോ ടൊവിനോ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ടൊവിനോ തോമസ് ഇസ്സയുടെ ബെസ്റ്റ് ഫ്രണ്ടായപ്പോൾ’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്യപ്പെട്ട ഫോട്ടോ ഇൻസ്റ്റഗ്രാമിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ഒന്നര ലക്ഷത്തിൽ ഏറെപ്പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. ഡോട്ടർലവ്, ഫോം ബാത്ത്, ഡാഡ് ലൈഫ്, ക്രേസിനസ്സ് ഓവർ ലോഡ്, ക്രേസിനസ് ഈസ് ഹാപ്പിനെസ്സ് തുടങ്ങിയ ഹാഷ് ടാഗോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന ചിത്രമാണ് ടൊവിനോയുടേതായി അടുത്തു പുറത്തിറങ്ങാനുള്ള ചിത്രം. ‘ഒഴിമുറി’ക്കു ശേഷം മധുപാല്‍ സംവിധാനം ചെയ്ത ‘ഒരു കുപ്രസിദ്ധ പയ്യൻ’ നവംബർ 9 ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നിരുന്നു.

അനു സിത്താരയും ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’, ‘ഈട’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നിമിഷ സജയനുമാണ് നായികമാർ. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശരണ്യ പൊന്‍വണനും ‘ഒരു കുപ്രസിദ്ധ പയ്യനി’ലൂടെ മലയാളത്തിലേക്ക് തിരിച്ചു വരികയാണ്.

ബാലു വര്‍ഗീസ്, നെടുമുടി വേണു, ദിലീഷ് പോത്തന്‍, സിദ്ധിഖ്, അലന്‍സിയര്‍, സുധീര്‍ കരമന തുടങ്ങിയ വലിയ താരനിരയ്ക്കൊപ്പം നിര്‍മ്മാതാവ് ജി. സുരേഷ് കുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വി. സിനിമാസ് ആണ് നിർമ്മാണം. ശാസ്ത്രലേഖനങ്ങളിലൂടെ പ്രശസ്തനായ ജീവൻ ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ചെയിൻ സ്മോക്കറായ ബിനീഷ് ദാമോദരൻ എന്ന ചെറുപ്പക്കാരന്റെ കഥ പറഞ്ഞ ‘തീവണ്ടിയാണ് ടൊവിനോയുടേതായി​ അവസാനം തിയേറ്ററിലെത്തിയ ചിത്രം. ‘തീവണ്ടി’യുടെ 50-ാം ദിനമാഘോഷവും കഴിഞ്ഞ ദിവസം ‘ഒരു കുപ്രസിദ്ധ പയ്യന്റെ’ ഓഡിയോ ലോഞ്ചിനിടെ നടന്നിരുന്നു.

ഉർവ്വശിയ്ക്കൊപ്പം അഭിനയിക്കുന്ന ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ടൊവിനോ ഇപ്പോൾ. ടൊവിനോയുടെ ഉമ്മയായാണ് ഉർവ്വശി ചിത്രത്തിലെത്തുന്നത്. ഹമീദ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുതുമുഖ സംവിധായകനായ ജോസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ നർമ്മത്തിൽ ചാലിച്ച് പറയുകയാണ്. ജോസ് സെബാസ്റ്റ്യനും ശരത് ആർ.നാഥും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തൻ, ഹരീഷ് കണാരൻ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

Read more: ഹമീദായി ടൊവിനോ; ‘എന്റെ ഉമ്മാന്റെ പേര്’ ചിത്രങ്ങൾ

ആസിഡ് ആക്രമണത്തെ അതിജീവിച്ച പെൺകുട്ടിയുടെ കഥ പറയുന്ന പാർവ്വതി കേന്ദ്രകഥാപാത്രമാകുന്ന ചിത്രമാണ് ടൊവിനോയുടെ അനൗൺസ് ചെയ്ത മറ്റൊരു ചിത്രം. രാജേഷ് പിള്ളയുടെ ചീഫ് അസോസിയേറ്റായിരുന്ന മനു അശോകനാണ് ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ സംവിധായകൻ. ബോബിയും സഞ്ജയും തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ പാർവ്വതിയ്ക്കും ടൊവിനോയ്ക്കും പുറമെ ആസിഫ് അലി, അനാർക്കലി മരിക്കാർ, രൺജി പണിക്കർ, പ്രതാപ് പോത്തൻ, പ്രേം പ്രകാശ്​ എന്നിവരും അഭിനയിക്കുന്നുണ്ട്.

Read more: അതിജീവനത്തിന്റെ കഥയുമായി പാർവ്വതിയുടെ അടുത്ത ചിത്രം

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook