സോഷ്യൽ മീഡിയയിലൂടെ രസകരമായ വീഡിയോകൾ പങ്കുവയ്ക്കുന്ന താരമാണ് ടൊവിനോ തോമസ്. ഇപ്പോഴിതാ പതിവു പോലെ ഒരു വെറൈറ്റി വീഡിയോയുമായി എത്തുകയാണ് താരം.
കോക്ക്പിറ്റിലിരിക്കുന്ന ടൊവിനോയെ വീഡിയോയിൽ കാണാം. ‘ആലുവയിൽ സ്റ്റോപ്പില്ല, ഇടപ്പള്ളിയിലെ സ്റ്റോപ്പുള്ളൂ, ഇറങ്ങേണ്ടവർ നോക്കി ഇറങ്ങണം’ എന്നാണ് താരം പറയുന്നത്. സി ഐ ഡി മൂസ എന്ന ചിത്രത്തിലെ സലീം കുമാറിന്റെ ഡയലോഗാണിത്. ഏറെ ശ്രദ്ധ നേടിയ ആ ഡയലോഗ് അനുകരിക്കുകയാണ് താരം.
‘ഇതു ചെയ്യാതിരിക്കാനായില്ല, ഇനി നമുക്ക് പ്ലെയിൻ പൊക്കിയും താഴ്ത്തിയും കളിക്കാം’ എന്നാണ് അടികുറിപ്പായി ടൊവിനോ കുറിച്ചത്. ഈ അടുത്ത് ഇനി stop ഇല്ലട്ടാ… ബാക്കി വല്ലതും ഉണ്ടാകുവാണേൽ ആലുവയിൽ ഇറക്കാം, വണ്ടി പോകല്ല ആൾ കേറാനുണ്ട് പോട്ടെ റൈറ്റ് തുടങ്ങിയ രസകരമായ കമന്റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.
ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമായ ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ ടീസർ വെള്ളിയാഴ്ച്ച പുറത്തിറങ്ങിയിരുന്നു. ജിതിൻ ലാൽ ആണ് സംവിധായകൻ. മലയാളത്തിൽ നിന്ന് പൃഥ്വിരാജാണ് ടീസർ റിലീസ് ചെയ്തത്. അതുപോലെ ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിലെ ടീസർ പ്രമുഖ നടന്മാർ റിലീസ് ചെയ്തു. ഹിന്ദിയിൽ നിന്ന് ഹൃതിക്ക് റോഷനും തെലുങ്കിൽ നിന്ന് നാനിയുമെത്തിയപ്പോൾ കന്നഡയിൽ നിന്ന് രക്ഷിത് ഷെട്ടിയാണ് റിലീസ് ചെയ്തത്. തമിഴിൽ നിന്ന് നടൻ ആര്യയും സംവിധായകൻ ലോകേഷുമാണ് നിർവഹിച്ചത്.
ഡോ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സുജിത്ത് നമ്പ്യാരാണ്. കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ് എന്നിവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജോമോൻ ടി ജോൺ എഡിറ്റിങ്ങ് ഷമീർ മുഹമ്മദ് എന്നിവർ നിർവഹിക്കുന്നു.