ടൊവിനോ തോമസിനേയും ഐശ്വര്യ ലക്ഷ്മിയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി. ആദ്യമായാണ് ടൊവിനോ ഒരു ആഷിഖ് അബു ചിത്രത്തില്‍ അഭിനയിക്കുന്നതും. മികച്ച അഭിപ്രായത്തോടെ ചിത്രം തിയേറ്ററുകളില്‍ നിറഞ്ഞോടുമ്പോഴും ഒരുവശത്ത് മായാനദിക്കെതിരെ നിരവധി ആക്രമണങ്ങളും വിമര്‍ശനങ്ങളും നടക്കുന്നുണ്ട്. സിനിമ കാണില്ലെന്നും കാണാന്‍ സമ്മതിക്കില്ലെന്നും സിനിമയെ പരാജയപ്പെടുത്തുമെന്നുമെല്ലാം ആക്രോശങ്ങള്‍ ഉയരുന്നുണ്ട്. ഇതിന്റെ കാരണമാണ് ബഹുരസം. മമ്മൂട്ടി ചിത്രം കസബയിലെ സ്ത്രീവിരുദ്ധതയെ വിമര്‍ശിച്ച പാര്‍വതിയെ പിന്തുണച്ച നടി റിമ കല്ലിങ്കലിന്റെ ഭര്‍ത്താവ് ആഷിക് അബു സംവിധാനം ചെയ്ത സിനിമയാണ് ‘മായാനദി’ എന്നതാണ് ഈ ആക്രമണങ്ങള്‍ക്കു കാരണം.

മായാനദി കാണാന്‍ ആഗ്രഹമുണ്ട്, ടൊവിനോയെ ഇഷ്ടമാണ്. എന്നാല്‍ ഫെമിനിച്ചികളെ ഓര്‍ക്കുമ്പോള്‍ വേണ്ടെന്നു വയ്ക്കുകയാണെന്ന് ടോവിനോയുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഒരു യൂസര്‍ കമന്റിട്ടിരുന്നു. മായാനദിയുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളിലും ഇത്തരത്തിലുള്ള നിരവധി കമന്റുകളും ആക്രമണങ്ങളും കാണാം. ഒടുവില്‍ ഈ ആക്രമണങ്ങള്‍ക്കെല്ലാം മറുപടിയായി ടൊവിനോ തന്നെ രംഗത്തെത്തി.

സിനിമ ബഹിഷ്‌കരിക്കുന്നതിലൂടെ ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കുന്നതെന്ന് ഇയാളോട് ടൊവിനോ ചോദിച്ചു. നിങ്ങള്‍ ആരുടെ പേരിലാണോ ഇത് ചെയ്യുന്നത് അവര്‍ക്ക് പോലും സങ്കടമായിരിക്കും നിങ്ങള്‍ ഒരു സിനിമയോട് ഇങ്ങനെ ചെയ്യുന്നു എന്നറിഞ്ഞാല്‍-ടൊവിനോ പറഞ്ഞു.

Mayanadhi, Tovino Thomas

”എന്നിട്ട്? ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കാന്‍ നോക്കുന്നത്? എന്നെയോ? ഈ സിനിമയെയോ? മലയാള സിനിമയെയോ? ഇതില്‍ ജോലി ചെയ്ത നിങ്ങള്‍ ഈ പറഞ്ഞ സംഭവങ്ങളുമായി യാതൊരു രീതിയിലും ബന്ധപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലെയുള്ള നൂറ് കണക്കിന് ആളുകളെയോ? നിങ്ങള്‍ ആരുടെ പേരിലാണോ ഇതു ചെയ്യുന്നത് അവര്‍ക്കു പോലും സങ്കടം ആയിരിക്കും നിങ്ങള്‍ ഇങ്ങനെ ഒരു സിനിമയോട് ചെയ്യുന്നു എന്നറിഞ്ഞാല്‍ !ഏതായാലും എല്ലാവർക്കും നന്മയും സന്തോഷവും മാത്രം ഉണ്ടാവട്ടെ !”

വിമര്‍ശനങ്ങളും ആക്രമണങ്ങളും അരങ്ങു തകര്‍ക്കുമ്പോഴും പ്രേക്ഷക-നിരൂപക പ്രശംസയുമായി ചിത്രം നല്ല രീതിയില്‍ മുന്നേറുകയാണ്. റാണി പത്മിനിക്കു ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ചിത്രമാണ് മായാനദി. ശ്യാം പുഷ്‌ക്കരനും ദിലീഷ് നായരും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ