scorecardresearch
Latest News

അന്ന് 9000 രൂപയാണ് ചേട്ടന് ശമ്പളം, അതിൽ നിന്ന് പാതി എനിക്കു തരും; കഷ്ടപ്പാടിൽ താങ്ങായി നിന്ന ചേട്ടനെ കുറിച്ച് ടൊവിനോ

“ലോകത്ത് ഞാനേറ്റവും കടപ്പെട്ടിരിക്കുന്നൊരാൾ ചേട്ടനാണ്, ചേട്ടനെ കുറിച്ചു പറയുമ്പോൾ എനിക്കിപ്പോഴും കരച്ചിൽ വരും” എന്നും താങ്ങായി നിന്ന ചേട്ടനെ കുറിച്ച് വികാരനിർഭരനായി ടൊവിനോ

അന്ന് 9000 രൂപയാണ് ചേട്ടന് ശമ്പളം, അതിൽ നിന്ന് പാതി എനിക്കു തരും; കഷ്ടപ്പാടിൽ താങ്ങായി നിന്ന ചേട്ടനെ കുറിച്ച് ടൊവിനോ

വലിയ സിനിമാപാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം ഉണ്ടാക്കിയെടുത്ത താരമാണ് ടൊവിനോ തോമസ്. ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് നായകപദവിയോളം എത്താനും ടൊവിനോയ്ക്ക് സാധിച്ചു.

അവസരങ്ങൾ മുന്നിൽ വന്നുനിന്ന് ടൊവിനോയെ സിനിമയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തുകയായിരുന്നില്ല. സിനിമയോടുള്ള തീരാമോഹത്തോടെ, ഉണ്ടായിരുന്ന നല്ല ജോലിയും കളഞ്ഞ്, വീണും കിതച്ചും, അനിശ്ചിതത്വങ്ങളുടെ എണ്ണിയാലൊടുങ്ങാത്ത ദിനരാത്രങ്ങളും താണ്ടിയാണ് ടൊവിനോ തോമസ് ഇന്നു കാണുന്ന സ്റ്റാർഡത്തിലേക്ക് എത്തിച്ചേരുന്നത്. തീവ്രമായി ആഗ്രഹിച്ചാൽ, അതിനായി പരിശ്രമിച്ചാൽ സ്വപ്നങ്ങൾ കയ്യെത്തി തൊടാം എന്ന് ജീവിതം കൊണ്ട് തെളിയിച്ചൊരു ചെറുപ്പക്കാരനാണ് ടൊവിനോ.

സിനിമയ്ക്കു പിന്നാലെ അലഞ്ഞ അനിശ്ചിതത്വങ്ങളുടെ കാലത്ത് പിന്തുണയുമായി കൂടെനിന്നത്, വീണുപോവാതെ ചേർത്തുനിർത്തിയ സഹോദരൻ ടിങ്സ്റ്റണെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ധന്യ വർമയുമായുള്ള ചാറ്റ് ഷോയ്ക്ക് ഇടയിലാണ് ടൊവിനോ ചേട്ടനെ കുറിച്ച് വികാരനിർഭരമായി സംസാരിച്ചത്.

“ഞാൻ ഏറ്റവും കൂടുതൽ കടപ്പെട്ടിരിക്കുന്നവരിൽ ഒരാൾ എന്റെ ചേട്ടനാണ്. ചേട്ടനെ കുറിച്ചു പറയുമ്പോൾ എനിക്കിപ്പോഴും കരച്ചിൽ വരും, സങ്കടം കൊണ്ടല്ലാട്ടോ, സന്തോഷം കൊണ്ടാണ്‌,” ചേട്ടനെ കുറിച്ചു പറയുമ്പോഴെ ടൊവിനോയുടെ വാക്കുകൾ ഇടറി.

“ഞങ്ങളുടേത് ഒരു കൂട്ടുകുടുംബമാണ്. ഞാൻ ജോലി റിസൈൻ ചെയ്ത സമയത്ത് ചേട്ടനാകെ ഒമ്പതിനായിരം രൂപയോ മറ്റോ ആയിരുന്നു ആകെ ശമ്പളം. വളരെ താഴെ നിന്ന് തുടങ്ങിയതാണ് ചേട്ടനൊക്കെ. അന്നും കിട്ടുന്ന 9000 രൂപയിൽ നിന്ന് പകുതി ചേട്ടനെനിക്കു തരും. എനിക്ക് ഷർട്ട് വാങ്ങിക്കാനും ഓഡിഷനുപോവാനുമൊക്കെയായി. ഇപ്പോഴും ഫാമിലി നോക്കുന്നത് ചേട്ടനാണ്, ഫാമിലി മാൻ പുള്ളി തന്നെയാണ്. എന്നേക്കാളും പക്വത ചേട്ടനുണ്ട്,” ടൊവിനോ പറഞ്ഞു.

Christopher Kanagaraj on Twitter: "Tovino Thomas with his ...
സഹോദരൻ ടിങ്സ്റ്റണൊപ്പം ടൊവിനോ

“ഇന്നും ഞങ്ങൾ ഡ്രെസ്സൊക്കെ പരസ്‌പരം മാറി ഇടുന്നവരാണ്. ഞങ്ങൾ തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. എട്ടാം ക്ലാസ് വരെയൊക്കെ ഞങ്ങൾ തമ്മിൽ ഭയങ്കര ഇടിയായിരുന്നു. എന്റെ സ്ഥാനത്ത് ചേട്ടനും ചേട്ടന്റെ സ്ഥാനത്ത് ഞാനും ആയിരുന്നെങ്കിൽ ഇങ്ങനെ ആവില്ല, ചേട്ടൻ എന്നോട് ചെയ്ത അത്രയും നല്ല കാര്യങ്ങൾ ഞാൻ തിരിച്ചു ചെയ്തേക്കുമോ എന്നതിൽ എനിക്ക് സംശയമുണ്ട്.”

“ചേട്ടൻ വളരെ റിയാലിസ്റ്റാക്കായ ചിന്തകളുള്ള ഒരാളാണ്. എനിക്ക് പ്രീമിയം കാറുകൾ ഒരു മൂന്നെണ്ണം ഉണ്ട്. അതിൽ ഏതെങ്കിലും എടുത്ത് ഓടിക്കാൻ പറഞ്ഞാൽ കേൾക്കില്ല. അതൊന്നും വേണ്ട, അതിൽ സ്ക്രാച്ച് വീഴും, ഞാനെന്റെ വണ്ടിയെടുത്തോളാം എന്നു പറയും. ഞാൻ വീട്ടിൽ പിള്ളേരുടെ പേരിലൊക്കെ പിറന്നാൾ സമയത്ത് ചെറിയ ഡെപ്പോസിറ്റുകൾ ഇടും. ഒരു നാൾ ചേട്ടന്റെ കൊച്ചിന്റെ പേരിലും ഇട്ടു, അപ്പോൾ പുള്ളി എന്നോട് അത് തിരിച്ചെടുക്കാൻ പറഞ്ഞു. എന്നിട്ട് നീ ഇത്ര പൈസ കുറച്ചിട്, കാരണം നിന്റെ കൊച്ചിന് എനിക്കത്രയേ തരാൻ കഴിയൂ. അങ്ങനെ ചിന്തിക്കുന്ന ആളാണ് ചേട്ടൻ,” ടൊവിനോ പറഞ്ഞു.

പ്രഭുവിന്‍റെ മക്കൾ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. എഞ്ചിനീയറായിരുന്ന ടൊവിനോ ജോലി ഉപേക്ഷിച്ചാണ് തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്. ടൊവിനോയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം ‘എന്ന് നിന്‍റെ മൊയ്തീൻ’ ആയിരുന്നു. പിന്നീട് ‘ഗപ്പി’, ‘ഒരു മെക്സിക്കൻ അപാരത’, ‘ഗോദ’, ‘തരംഗം’, ‘മായാനദി’, ‘ആമി’, ‘അഭിയും ഞാനും’, ‘മറഡോണ’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘എന്റെ ഉമ്മാന്റെ പേര്’, ‘ലൂസിഫർ’, ‘ഉയരെ’, ‘വൈറസ്’, ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’, ‘ലൂക്ക’, ‘കൽക്കി’, ‘എടക്കാട് ബറ്റാലിയൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ടൊവിനോയ്ക്ക് ആയി. ‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞു.

ഫോറൻസിക്, കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്, കള, കാണെക്കാണെ, നാരദൻ, വാശി തുടങ്ങി സമീപകാലത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടി.

നെറ്റ്ഫ്ളിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ മിന്നൽ മുരളി ടൊവിനോയ്ക്ക് ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടി കൊടുത്ത ചിത്രമാണ്. സമീപകാലത്തിറങ്ങിയ ഡിയർ ഫ്രണ്ട് എന്ന ചിത്രവും ടൊവിനോയിലെ നടനെ സൂക്ഷ്മമായി അടയാളപ്പെടുത്തിയ ചിത്രമാണ്. കഴിഞ്ഞയാഴ്ച തിയേറ്ററുകളിലെത്തിയ തല്ലുമാല സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് ടൊവിനോ ഇപ്പോൾ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Tovino thomas gets emotional while talking about brother tingston watch video