2018 എന്ന ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി മുംബൈയിലെത്തിയതാണ് ടൊവിനോയും മറ്റു താരങ്ങളും. അഭിമുഖത്തിനിടയിൽ ടൊവിനോ പറഞ്ഞ ഒരു വാചകമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫിലിം കമ്പാനിയനു വേണ്ടി അനുപമ ചോപ്ര നടത്തിയ അഭിമുഖത്തിലായിരുന്നു ടൊവിനോയുടെ രസകരമായ മറുപടി.
സീ യൂ സൂൺ എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്ത് ഫഹദ് ഫാസിൽ, റോഷൻ മാത്യൂ, മഹേഷ് നാരായണൻ എന്നിവരുമായി പ്രശസ്ത ഫിലിം ക്രിട്ടിക്കായ അനുപമ ചോപ്ര സംസാരിച്ചിരുന്നു. ഇത്രയും നല്ല സിനിമകൾ മലയാളത്തിൽ നിന്ന് എങ്ങനെയുണ്ടാകുന്നു? നിങ്ങളെല്ലാവരും എന്താണ് കാണുന്നത്, എന്താണ് വായികുന്നത്, എന്താണ് വലിക്കുന്നത് എന്നായിരുന്നു അനുപമയുടെ ചോദ്യം. ഇതിനെതിരെ രസകരമായ ട്രോളുകൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. അതോടൊപ്പം അഭിമുഖത്തിലെ ഈ ക്ലിപ്പ് വൈറലാവുകയും ചെയ്തു. അന്ന് ഫഹദിനോടും റോഷനോടും ചോദിച്ച ചോദ്യത്തിന് ഇപ്പോഴിതാ മറുപടി നൽകുകയാണ് ടൊവിനോ.
മലയാള സിനിമയിലേക്ക് പുറത്തു നിന്നുള്ള വിതരണക്കാർ വരണമെന്ന് പറയുന്നതിനിടെയാണ് ടൊവിനോ തങ്ങൾ സ്മോക്ക് ചെയ്തിട്ടല്ല, പകരം കഠിനാധ്വാനം മാത്രമാണ് ചെയ്യുന്നതെന്ന് പറഞ്ഞത്.
“കൂടുതൽ വിതരണക്കാർ കേരളത്തിലേക്ക് വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അത് അവർ സൗജന്യമായി ചെയ്യണ്ട പകരം സിനിമ കണ്ട് ഇഷ്ടപ്പെട്ടാൽ മാത്രം മതി. ഒടിടിയിലും ടെലിഗ്രാമിൽ ചിത്രം കണ്ട് നല്ലതാണെന്ന് പറയുന്നതല്ല ഞങ്ങൾക്ക് വേണ്ടത്. ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷന്റെ ഫണ്ട് മതി ഞങ്ങൾക്കൊരു സിനിമ ചെയ്യാനായി. ഒരുപാട് കഠിനാധ്വനം ചെയ്താണ് ഞങ്ങൾ സിനിമകൾ ഒരുക്കുന്നത് അതല്ലാതെ ഒന്നും പുകച്ചിട്ടല്ല ” ടൊവിനോ പറഞ്ഞു. താരത്തിന്റെ മറുപടി കേട്ട് പൊട്ടിച്ചിരിക്കുകയാണ് വേദിയിലുള്ളവർ. ആസിഫ് അലി, തൻവി റാം, സംവിധായകൻ ജൂഡ് ആന്റണി, നിർമാതാവ് വേണു എന്നിവരെയും വേദിയിൽ കാണാം.
മെയ് 5നാണ് 2018 തിയേറ്ററുകളിൽ റിലീസിനെത്തിയത്. ഒരാഴ്ച്ച കൊണ്ട് ചിത്രം 50 കോടി കളക്ഷനോട് അടുക്കുകയാണ്. പ്രളയം പ്രമേയമാക്കി ഒരുക്കിയ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.