ലോക്ക്ഡൗണ്‍ കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തടിവയ്ക്കുമോ എന്നാണ് പലരുടേയും ആശങ്ക. വീട്ടിലെ ഭക്ഷണവും കഴിച്ച് അവധി ദിവസങ്ങൾ ആഘോഷിക്കുകയാണ് പലരും. ഈ പേടി കാരണം ഇക്കുറി നോമ്പുകാലത്ത് 30 നോമ്പും പിടിരിച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.
Read More: അപ്പന്റെ ജിമ്മിൽ ഊഞ്ഞാൽ കെട്ടി ഇസക്കുട്ടി; വീഡിയോ പങ്കുവച്ച് ടൊവിനോ
“ഞാൻ ഒരു ഭക്ഷണപ്രിയനാണ്. വീട്ടിൽ ഇക്കുറി ചക്കയുടെ ആഘോഷം പോലെയായിരുന്നു. ഇതൊരു സീസണൽ പഴമായതുകൊണ്ടു തന്നെ, അതുകൊണ്ടുണ്ടാക്കുന്ന ഒരു വിഭവവും വേണ്ടെന്ന് വയ്ക്കാൻ എനിക്ക് പറ്റില്ല. അതിനാൽ ലോക്ക്ഡൗണിന്റെ ആദ്യ ദിവസങ്ങളിൽ ഞാൻ ഭക്ഷണ ക്രമം ഒന്നും നോക്കിയില്ല. പക്ഷെ ശരീരഭാരം കൂടുന്നു എന്ന് മനസിലായപ്പോൾ ഞാൻ നിയന്ത്രിച്ചു. കാരണം സിനിമയിലെ കഥാപാത്രത്തിന്റെ തുടർച്ച നഷ്ടമാകരുതല്ലോ. അപ്പോഴാണ് 30 ദിവസത്തെ റമസാൻ നോമ്പ് ആരംഭിച്ചത്. അങ്ങനെ ആദ്യമായി ഞാൻ 30 നോമ്പും പിടിച്ചു,” അഭിമുഖത്തിൽ ടൊവിനോ പറയുന്നു. ടൊവിനോ നായകനായ ‘മിന്നൽ മുരളി’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
ലോക്ക്ഡൗൺ കാലം ഇരിങ്ങാലക്കുടയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് മലയാളത്തിന്റെ പ്രിയതാരം. തിരക്കുകൾക്കിടയിൽ നിന്നും വീണുകിട്ടിയ ഫ്രീം ടൈം മകൾക്കും കുടുംബത്തിനുമൊപ്പം ഫലപ്രദമായി ചെലവഴിക്കുകയാണ് താരം. മകളുടെ വിശേഷങ്ങളും കുസൃതികളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ താരം ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ടൊവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ വ്യാപനം രൂക്ഷമായത്. തിയേറ്ററുകൾ അടക്കാൻ സർക്കാർ തീരുമാനം കൈകൊള്ളുന്നതിനു മുൻപു തന്നെ സാഹചര്യം കണക്കിലെടുത്ത് ചിത്രത്തിന്റെ റിലീസ് അണിയറപ്രവർത്തകർ നീട്ടിവച്ചിരുന്നു. ടൊവിനോ ചിത്രം ‘ഫോറൻസികും’ തിയേറ്ററുകളിൽ നിന്നും കൊറോണയുടെ പശ്ചാത്തലത്തിൽ പിൻവലിച്ചിരുന്നു.