scorecardresearch

ബോൾഡാണ് അഭിയും അനുവും

ടൊവിനോ ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമാണ് ഈ ചിത്രത്തിലെ അഭിമന്യു എന്ന അഭി. മലയാള സിനിമ ഇതുവരെ കൈവയ്ക്കാത്ത  വളരെ ബോള്‍ഡായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

ടൊവിനോ ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമാണ് ഈ ചിത്രത്തിലെ അഭിമന്യു എന്ന അഭി. മലയാള സിനിമ ഇതുവരെ കൈവയ്ക്കാത്ത  വളരെ ബോള്‍ഡായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

author-image
Sandhya KP
അപ്‌ഡേറ്റ് ചെയ്‌തു
New Update
ബോൾഡാണ് അഭിയും അനുവും

ടൊവിനോ തോമസ് എന്ന നടന്‍ നായക നടനിലേക്ക് ഉയര്‍ന്നത് കഠിനാദ്ധ്വാനം കൊണ്ടും, തന്റെ അവസരത്തിനായി കാത്തിരിക്കാനുള്ള ക്ഷമകൊണ്ടും തന്നെയാണ്. ചെറിയ വേഷങ്ങളിലൂടെ തുടങ്ങിയ ടൊവിനോ മലയാള സിനിമയിലെ ഫീല്‍ ഗുഡ് നായകന്‍ എന്ന നിരയിലേക്ക് ഉയര്‍ന്നു. തുടര്‍ച്ചയായ ഹിറ്റുകളാണ് ഈ നടന്റെ കരിയര്‍ ഗ്രാഫിലുള്ളത്. ടൊവിനോ തോമസിന്റെ ആദ്യ തമിഴ് ചിത്രം, ഏഷ്യയിലെ ആദ്യ വനിതാ സിനിമാറ്റോഗ്രാഫര്‍ ബി.ആര്‍.വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ചിത്രം എന്നീ ലേബലുകളോടെയാണ് 'അഭിയുടെ കഥ അനുവിന്റേയും'(അഭിയും അനുവും) ഇന്ന് തിയേറ്ററുകളില്‍ എത്തിയത്. ഒരേസമയം മലയാളത്തിലും തമിഴിലുമാണ് ചിത്രം പുറത്തിറങ്ങിയിട്ടുള്ളത്. മായാനദിയ്ക്കു ശേഷം ടൊവിനോയുടെ മുഴുനീള പ്രണയ ചിത്രം കൂടിയാണ് അഭിയുടെ കഥ അനുവിന്റേയും. പ്രിയദർശന്റെ ആമയും മുയലും എന്ന ചിത്രത്തിനു ശേഷം പിയാ വാജ്പേയ് അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണിത്.

Advertisment

സോഫ്റ്റ്‌വെയര്‍ എനജിനീയറായ അഭിമന്യു (അഭി) മാതാപിതാക്കളുടെ ഏക മകനാണ്. വീഡിയോ ബ്ലോഗറായ അനു (പിയാ ബാജ്‌പേയ്)വിനെ ഫെയ്‌സ്ബുക്കിലൂടെയാണ് അഭി അറിയുന്നത്. ഒരുപാട് നന്മയും സ്‌നേഹവുമുള്ള സ്മാര്‍ട്ടായ പെണ്‍കുട്ടിയാണ് അനു. അനുവിന് ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ടതാണ്. അമ്മയായിരുന്നു (രോഹിണി) പിന്നീട് അവള്‍ക്കെല്ലാം. സമൂഹത്തില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തന്നാല്‍ കഴിയുന്നത് ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ് അനു. സ്ഥിരമായി സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന അനുവിനെ അഭി ശ്രദ്ധിക്കുന്നു. പിന്നീട് ക്യാന്‍സര്‍ രോഗികള്‍ക്കായി അനു നടത്തുന്ന ധനസമാഹരണത്തിന്റെ ഭാഗമാകുകയും അവളുമായി കൂടുതല്‍ അടുക്കുകയും ആ അടുപ്പം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയും ചെയ്യുന്നു. വീട്ടുകാരെ അറിയിക്കാതെയാണ് വിവാഹം ചെയ്യുന്നതെങ്കിലും ഇരുവരുടേയും വീട്ടുകാര്‍ പിന്നീട് വിവാഹം അംഗീകരിക്കുന്നു. അഭിയും അനുവും ഒരുമിച്ച് ജീവിതം ആരംഭിക്കുന്നു. വൈകാതെ അനു ഗര്‍ഭിണിയാകുന്നു. അനുവിന്റെ പരിചരണത്തിനായി അമ്മ എത്തുന്നു. അഭിയുടെ അമ്മ തങ്ങളുടെ പരിചയത്തിലുള്ള മറ്റൊരു സ്ത്രീയെ അനുവിന്റെ സഹായത്തിനായി അവര്‍ക്കൊപ്പം അയയ്ക്കുന്നു. അവര്‍ വീട്ടിലെത്തുകയും അനുവിന്റെ അമ്മയെ കാണുകയും ചെയ്യുന്നതോടെയാണ് കഥയുടെ വഴിത്തിരിവ്.

ആദ്യ പകുതി മുഴുവന്‍ അഭിയുടേയും അനുവിന്റേയും പ്രണയവും സന്തോഷവുമാണെങ്കില്‍ രണ്ടാം പകുതി അങ്ങേയറ്റം പ്രശ്‌നങ്ങള്‍ നിറഞ്ഞ അവരുടെ ജീവിതമാണ് കാണിക്കുന്നത്. മലയാള സിനിമ ഇതുവരെ കൈവയ്ക്കാത്ത  വളരെ ബോള്‍ഡായ വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. സമൂഹം എന്തു വിചാരിക്കുമെന്നു കരുതി ജീവിക്കേണ്ടി വരുന്നവരുടെ ഗതികേട് ചിത്രം വരച്ചിടാന്‍ ശ്രമിച്ചിട്ടുണ്ട്.

ടൊവിനോ ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും അല്പം വ്യത്യസ്തമാണ് ഈ ചിത്രത്തിലെ അഭിമന്യു എന്ന അഭി. നിരവധി വൈകാരിക സംഘര്‍ഷങ്ങളിലൂടെയാണ് അഭിയുടെ കഥാപാത്രം രണ്ടാം പകുതിയില്‍ കടന്നു പോകുന്നത്. വളരെ പക്വതയോടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ടൊവിനോയ്ക്കായി. പിയാ ബാജ്‌പേയ് അവതരിപ്പിച്ച അനു വളരെ സ്മാര്‍ട്ട് ആയ കഥാപാത്രമാണ്. ആ സ്മാര്‍ട്ട്‌നെസ്സും, എനര്‍ജിയും ആവശ്യമായ സന്ദര്‍ഭങ്ങളില്ലെലാം ഭംഗിയായി പിയ അവതരിപ്പിച്ചിട്ടുണ്ട്. സുഹാസിനിയും പ്രഭുവും വളരെ ശക്തമായ രണ്ടു കഥാപാത്രങ്ങളെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

Advertisment

മലയാളി പ്രേക്ഷകര്‍ക്ക് വളരെ പരിചയക്കുറവുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ സ്‌ക്രീനില്‍ തെളിയുമ്പോള്‍ തലകുനിച്ച് താടിക്കു കൈവച്ചിരിക്കുന്നരെ ഇപ്പോഴും തിയേറ്ററില്‍ കാണാം.

ചിത്രത്തിന്റെ ആദ്യ പകുതിയിലെ പല ഭാഗങ്ങളും കണ്ടു മറന്ന ഏതെല്ലാമോ ബോളിവുഡ് ചിത്രങ്ങളോട് സാമ്യം പുലര്‍ത്തുന്നുണ്ട്. അതേസമയം, അതിനെ കോപ്പിയെന്ന് ആരോപിക്കാന്‍ സാധിക്കില്ല. പുതിയ കാലം, പ്രണയം അങ്ങനെ പലതും പറയുമ്പോള്‍ ഉണ്ടാകുന്ന ആവര്‍ത്തന വിരസത എവിടെയൊക്കെയോ അഭിയുടെയും അനുവിന്റേയും കഥയിലും ഉണ്ട്.

അഖിലന്റെ സിനിമോട്ടോഗ്രഫി വളരെ മികച്ചു നില്‍ക്കുന്നു. പാട്ടുകള്‍ക്കും പുതുമയുണ്ട്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ധരണ്‍ ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.  ഇന്ത്യയിലെ തന്നെ മികച്ച ഛായാഗ്രാകരിൽ ഒരാളായ സന്തോഷ് ശിവനും കൂടി ചേർന്നാണ് അഭിയും അനുവും നിർമ്മിച്ചിരിക്കുന്നത്.

ഒരു മധ്യവര്‍ഗത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. വളരെ വെല്ലുവിളി നിറഞ്ഞ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം, അതിന്റെ ക്ലൈമാക്‌സ് പ്രേക്ഷകന്റെ നീതിബോധത്തിന് വിട്ടുതന്നാണ് സിനിമ അവസാനിപ്പിക്കുന്നത്.

Tovino Thomas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: