മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ചെയ്ത കഥാപാത്രങ്ങളെല്ലാം മലയാളികള്‍ ഏറ്റെടുത്തു. ആഷിഖ് അബു ചിത്രം മായാനദിയിലെ മാത്തന്‍ എന്ന കഥാപാത്രം കണ്ടിറങ്ങിയിട്ടും കാഴ്ചക്കാരുടെ ഉള്ളിലെ നോവാണ്.

മെയ് 25ന് അഭിയുടെ കഥ അനുവിന്റേയും എന്ന ചിത്രം പുറത്തിറങ്ങുകയാണ്. അതിനു മുന്നോടിയായി ആരാധകരോട് സംവദിക്കാന്‍ താരം ഫെയ്‌സ്ബുക്ക് ലൈവിലെത്തി. സിനിമാ വിശേഷങ്ങള്‍ പങ്കുവെയ്ക്കവേ, ടൊവിനോ മലയാള സിനിമയുടെ ഭാവി സൂപ്പര്‍താരമാണ് എന്നു പറഞ്ഞ ഒരു ആരാധകന് താരം നല്‍കിയ മറുപടി ശ്രദ്ധേയമാണ്. തനിക്ക് സൂപ്പര്‍സ്റ്റാറാകാന്‍ താത്പര്യമില്ലെന്നും, തന്നെ സ്‌നേഹിക്കുന്നവര്‍ ഒരു നടനായി മാത്രം കണ്ടാല്‍ മതിയെന്നുമാണ് ടൊവിനൊ പറഞ്ഞത്.

‘സൂപ്പര്‍താര പദവി ഇല്ലാതിരിക്കുന്നതാണ് എനിക്ക് ഇഷ്ടമുള്ള തരം സിനിമകള്‍ ചെയ്യാന്‍ നല്ലത് എന്നാണ് വിശ്വസിക്കുന്നത്. നിങ്ങളെല്ലാവരും എന്നെ ഒരു നല്ല നടനായി അംഗീകരിക്കുകയും ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ കാണുകയും ചെയ്താല്‍ മതി,’ ടൊവിനോ പറഞ്ഞു.

കൈനിറയേ ചിത്രങ്ങളാണ് ടൊവിനോയ്ക്കിപ്പോള്‍. തീവണ്ടി, മറഡോണ, മാരി 2, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നിവയാണ് ടൊവിനോയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. മാരി 2ല്‍ വില്ലനായാണ് താരം എത്തുന്നത്.

സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ എബിസിഡി എന്ന ചിത്രത്തിലെ അഖിലേഷ് വര്‍മ്മ എന്ന രാഷ്ട്രീയക്കാരനായി നമ്മള്‍ ടൊവിനോയെ കണ്ടു. എന്നാല്‍ ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന ചിത്തിലെ പെരുമ്പറമ്പില്‍ അപ്പു അഥവാ അപ്പുവേട്ടന്‍ എന്ന കഥാപാത്രം ടൊവിനോയുടെ തലവര തന്നെ മാറ്റി. കാഞ്ചനയെ പെണ്ണുകാണാന്‍ വരുന്ന രംഗവും അതിന് ശേഷം പാര്‍ട്ടി ഓഫീസില്‍ മൊയ്തീനെ കാണാന്‍ പോകുന്നതുമൊക്കെയായ രംഗം ടൊവിനോ അഭിനയിക്കുകയാണെന്ന തോന്നല്‍ പ്രേക്ഷകര്‍ക്ക് തോന്നിയതേയില്ല. പ്രേക്ഷക മനസ്സില്‍ അപ്പുവേട്ടന്‍ എന്ന കഥാപാത്രം നായക തുല്യനാണ്. കാഞ്ചനമാലയുടെ ഒരു പഴയ ഫോട്ടോയും, അവളുടെ കൈയ്യക്ഷരം പതിച്ച നോട്ട് ബുക്കും ഒരു മയില്‍ പീലിയും ഹൃദയത്തില്‍ സൂക്ഷിച്ച അപ്പുവേട്ടന്റെ പ്രണയം എല്ലാവരിലും നോവായിരുന്നു.

പിന്നീട് ഗപ്പി എന്ന ചിത്രത്തിലെ തേജസ് വര്‍ക്കി എന്ന എന്‍ജിനീയറായി ഒരിക്കല്‍കൂടി ടൊവിനോ നമ്മളെ അത്ഭുതപ്പെടുത്തി. ഗപ്പിക്ക് തിയേറ്ററില്‍ പ്രതീക്ഷിച്ച വരവേല്‍പ് ലഭിച്ചില്ലെങ്കിലും ടൊറന്റില്‍ വന്‍ സ്വീകാര്യതയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി ഗപ്പി തിയേറ്ററുകളിലെത്തി. ഒരു മെക്സിക്കന്‍ അപാരത, ചാര്‍ലി, തരംഗം, ഗോദ, ആമി എന്നീ ചിത്രങ്ങളിലും ടൊവിനോ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ