“താടി നല്ലതല്ലേ? ടാക്സ് ഒന്നും കൊടുക്കേണ്ടല്ലോ? അതവിടെ ഇരിക്കട്ടെ” പറയുന്നത് മലയാളത്തിന്റെ പ്രിയതാരം ടൊവിനോ. തന്നെ അനുകരിച്ച് താടി വളർത്തുന്ന ഒരു ആരാധകനെ സപ്പോർട്ട് ചെയ്തത് സംസാരിക്കുകയായിരുന്നു ടൊവിനോ. ‘എന്റെ ഉമ്മാന്റെ പേര്’, ‘മാരി2′ എന്നീ ചിത്രങ്ങളുടെ വിജയത്തിന് പ്രേക്ഷകരോട് നന്ദി പറയാനും മുൻകൂർ ക്രിസ്മസ് ആശംസകൾ നേരാനുമായി ഫെയ്സ്ബുക്ക് ലൈവിൽ വന്നപ്പോഴാണ് താടി ക്രേസായി കൊണ്ടു നടക്കുന്ന ആരാധകന് ടൊവിനോ പിന്തുണ പ്രഖ്യാപിച്ചത്.
“എന്റെ ചേച്ചിയുടെ മകൻ ടൊവിനോയുടെ കടുത്ത ആരാധകനാണ്. ആരാധന മൂത്ത് അവൻ താടി വെട്ടുന്നില്ല,” എന്നായിരുന്നു ലൈവിലെത്തിയ ടൊവിനോയോട് ഒരു ചെറുപ്പക്കാരി പരാതി രൂപേണ പറഞ്ഞത്. “താടി നല്ലതല്ലേ, മുഖത്തിനു ഭംഗി നൽകുന്ന കാര്യമല്ലേ. കടുത്ത വെയിലിൽ നിന്നും തണുപ്പിൽ നിന്നും മുഖത്തിനു പ്രൊട്ടക്ഷൻ അല്ലേ തരുന്നത്. ടാക്സ് കൊടുക്കേണ്ടല്ലോ? അതവിടെ ഇരിക്കട്ടെ,’ എന്ന് പുഞ്ചിരിയോടെ ടൊവിനോ മറുപടിയുമേകി. ‘ലൂക്ക’ എന്ന പുതിയ ചിത്രത്തിനു വേണ്ടി താൻ താടി വളർത്തികൊണ്ടിരിക്കുകയാണെന്നും ടൊവിനോ വെളിപ്പെടുത്തി.
കട്ടത്താടിയും മാസ് ലുക്കിനും എപ്പോഴും യുവാക്കൾക്കിടയിൽ ഏറെ സ്വീകാര്യത ലഭിക്കാറുണ്ട്. പ്രത്യേകിച്ചും താരങ്ങൾ സിനിമകളിൽ അത്തരം ഗെറ്റപ്പുകളിൽ എത്തുമ്പോൾ, പിന്നെ താടി സ്റ്റൈൽ ഒക്കെ ട്രെൻഡായി മാറുന്ന കാഴ്ചകൾ മലയാളികൾക്ക് പുതുമയല്ല. 2016 ൽ കട്ടത്താടിയും കിടിലൻ ലുക്കുമായി ‘ഗപ്പി’ എന്ന ചിത്രത്തിൽ എഞ്ചിനീയർ തേജസ് വർക്കിയായി ടൊവിനോ എത്തിയതു മുതൽ ടൊവിനോയുടെ താടിയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
‘എന്റെ ഉമ്മാന്റെ പേര്’ സിനിമയുടെ സംവിധായകൻ ജോസ് സെബാസ്റ്റ്യൻ, തിരക്കഥാകൃത്ത് ശരത് ആർ നാഥ് എന്നിവരും ടൊവിനോയ്ക്ക് ഒപ്പം ലൈവിലുണ്ടായിരുന്നു. ഒരു ഉമ്മയുടെയും മകന്റെയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ കൊച്ചുചിത്രത്തെ ഏറ്റെടുത്ത പ്രേക്ഷകർക്ക് ഇരുവരും നന്ദി പറഞ്ഞു.
ക്രിസ്മസിന് നമ്മുടെ ഇരിങ്ങാലക്കുടയുണ്ടാവില്ലേ എന്നു അന്വേഷിച്ച നാട്ടുകാരന്, ”
ക്രിസ്മസിന് എറണാകുളത്ത് ഷൂട്ടിംഗാണ്. രാത്രിയെങ്കിലും വീട്ടിലേക്ക് വരണമെന്ന് ആഗ്രഹമുണ്ടെ’ന്നായിരുന്നു ടൊവിനോയുടെ മറുപടി. ‘കിസ്സിംഗ് ഇല്ലാത്ത അച്ചായൻ സിനിമകൾ ബഹിഷ്കരിച്ചിരിക്കുന്നു,’ എന്ന് പറഞ്ഞ രസികനായ ആരാധകന് ‘അങ്ങനെ ബഹിഷ്ക്കരിക്കല്ലേ. അത്രയൊന്നും പുരോഗമിച്ചിട്ടില്ലാത്ത സിനിമകളും ഇവിടെ ഓടണ്ടേ?’ എന്നായിരുന്നു ടൊവിനോയുടെ തമാശ കലർന്ന മറുപടി.
“എന്റെ ഉമ്മാന്റെ പേരും’, ‘മാരി 2’വും- സത്യത്തിൽ നിങ്ങൾ നായകനോ വില്ലനോ?” എന്നോ ചോദ്യത്തിന് ‘വില്ലനും നായകനുമൊക്കെയാവുന്നത് കാഴ്ച്ചപ്പാടുകളിൽ അല്ലേ? തനതോസിന്റെ (മാരി2 വിലെ ടൊവിനോയുടെ കഥാപാത്രം) കണ്ണിൽ മാരിയാണ് വില്ലൻ, തനതോസ് നായകനും. എല്ലാം കാഴ്ചപ്പാടുകളിലെ വ്യത്യാസ’മാണെന്നായിരുന്നു ടൊവിനോയുടെ ഉത്തരം.
പാർവ്വതി നായികയാവുന്ന ‘ഉയരെ’യും ആഷിഖ് അബു ചിത്രം ‘വൈറസും’ കാണില്ല എന്നു പറഞ്ഞ ആരാധകനോട് ” അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ? എന്തു ചെയ്യാൻ പറ്റും? നടനെന്ന രീതിയിൽ എന്നെ തേടി വരുന്ന റോളുകൾ നന്നായി ചെയ്യുക എന്നതെന്റെ ധർമ്മമാണ്. കാണാതിരിക്കാനുള്ള അവകാശവും ഓപ്ഷനും നിങ്ങൾക്കുണ്ട്,” എന്നായിരുന്നു താരത്തിന്റെ മറുപടി.