‘മായാനദി’ക്ക് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘നാരദൻ’. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് ‘നാരദന്‍’ ഒരുക്കിയിരിക്കുന്നത്. ഉണ്ണി. ആര്‍. ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആണ് ഇപ്പോൾ ചർച്ചയാവുന്നത്. ട്രെയ്‌ലര്‍ പുറത്തിറങ്ങിയതോടെ പല സംശയങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ടൊവിനോ ഡബിള്‍ റോളിലാണോ ചിത്രത്തില്‍ എത്തുന്നതെന്നാണ് പ്രധാന സംശയം. രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് താരം ട്രെയ്‌ലറില്‍ എത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറിന്റെ സ്വഭാവമുള്ള ചിത്രമായിരിക്കും നാരദന്‍ എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന.
ഏതൊരു പ്രേക്ഷകനും ഈ സിനിമ ഒന്നു കാണണം എന്ന തോന്നലുണ്ടാക്കുന്നുണ്ട് രണ്ടര മിനിറ്റുള്ള ട്രെയ്‌ലര്‍. വാര്‍ത്തകളിലെ ധാര്‍മികതയാണോ അതോ മാധ്യമ സ്ഥാപനങ്ങള്‍ തമ്മിലുള്ള മത്സരമാണോ ചിത്രം പറയുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ചിത്രം ജനുവരി 27 ന് തിയേറ്ററുകളില്‍ വേള്‍ഡ് വൈഡ് റിലീസ് ചെയ്യും.
ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, വിജയ രാഘവന്‍, ജോയ് മാത്യു, രണ്‍ജി പണിക്കര്‍, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഒപ്പം നിരവധി പുതുമുഖങ്ങളും. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജാഫര്‍ സാദിഖ് ആണ് ക്യാമറ, സൈജു ശ്രീധരനാണ് എഡിറ്റിംഗ്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്.