Latest News

അച്ഛന്റെ സൂപ്പര്‍ ഗേള്‍; ടോവിനോയുടെ സാഹസത്തിനു കൂട്ടായി കുഞ്ഞു ഇസയും

“ഇസാ, രണ്ടാമതൊന്ന് ആലോചിക്കാതെ, എന്നോടൊപ്പം എല്ലാ ഭ്രാന്തൻ സാഹസങ്ങളിലും കൂട്ടുവരുന്നതിന് നന്ദി. അപ്പ ചെയ്യുന്നതെല്ലാം നീ ചെയ്യാൻ ആഗ്രഹിക്കുന്നത് കാണുമ്പോൾ എന്റെ ഹൃദയം നിറയുന്നു”

Tovino Thomas, Tovino Thomas daughter, Tovino thomas photos, Tovino family, ടൊവിനോ തോമസ്

മകൾ ഇസ വന്നതോടെയാണ് തന്റെ ലോകം മാറിയെന്നും അഞ്ചു വർഷങ്ങൾക്കിപ്പുറവും അച്ഛനെന്ന വേഷം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നുമാണ് മകളുടെ കഴിഞ്ഞ ജന്മദിനത്തിൽ പങ്കുവച്ച കുറിപ്പിൽ ടൊവിനോ കുറിച്ചത്. മകൾ ഇസയുടെ വിശേഷങ്ങളും കുസൃതികളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി ടൊവിനോ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, മകൾക്കൊപ്പമുള്ള ഒരു വീഡിയോ പങ്കുവച്ച് കൊണ്ട് ടൊവിനോ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു തടാകത്തിന്റെ മധ്യത്തിൽ അപ്പനൊപ്പം ചിരിയോടെ നിൽക്കുന്ന ഇസയെ ആണ് വീഡിയോയിൽ കാണാനാവുക. ഇസയുടെ ആറാം ജന്മദിനമാണ് ഇന്ന്.

“ഇസാ, രണ്ടാമതൊന്ന് ആലോചിക്കാതെ, എന്നോടൊപ്പം എല്ലാ ഭ്രാന്തൻ സാഹസങ്ങളിലും കൂട്ടുവരുന്നതിന് നന്ദി. അപ്പ ചെയ്യുന്നതെല്ലാം നീ ചെയ്യാൻ ആഗ്രഹിക്കുന്നത് കാണുമ്പോൾ എന്റെ ഹൃദയം നിറയുന്നു. നീ അറിയണം, അപ്പ ചെയ്യുന്നതും അതിൽ കൂടുതലും നിനക്ക് ചെയ്യാൻ കഴിയും. എന്റെ ക്രൈം പാർട്ണറാണ് നീ!

ഒരു അഭിനേതാവ് എന്ന നിലയിൽ, വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്, എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം നിന്റെ അപ്പയായിരിക്കുക എന്നതാണ്. ഞാൻ ലോകത്തിലെ എല്ലാ ശക്തികളുമുള്ള ഒരു സൂപ്പർ ഹീറോ ആണെന്ന് നീ ഇപ്പോൾ വിശ്വസിക്കുന്നുവെന്ന് എനിക്കറിയാം, പക്ഷേ ഞാൻ അത്ര ശക്തനല്ലെന്ന് നീ ഉടൻ മനസ്സിലാക്കും. ഈ ലോകത്ത് നിർഭയയും സ്വതന്ത്രവും ശക്തവുമായ ഒരു സ്ത്രീയായി നീ വളരുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. നീ എല്ലായ്പ്പോഴും നിന്റെ തല ഉയർത്തിപ്പിടിക്കുകയും ശരിയായതിന് വേണ്ടി നിലകൊള്ളുകയും ചെയ്യും. ഈ ലോകത്തെ നിനക്ക് വളരാനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ എനിക്ക് കഴിഞ്ഞേക്കാം അല്ലെങ്കിൽ കഴിഞ്ഞേക്കില്ല. പക്ഷേ ഞാൻ തീർച്ചയായും ശ്രമിക്കും. നിന്റെ ഏറ്റവും സുന്ദരവും ആത്മവിശ്വാസമുള്ളതുമായ പതിപ്പായി നീ വളരുമെന്നത് ഞാൻ ഉറപ്പാക്കും. നീ നിന്റെ സ്വന്തം സൂപ്പർഹീറോ ആകുമെന്ന്!,” ടൊവിനോ കുറിക്കുന്നതിങ്ങനെ.

വീട്ടിലുള്ളപ്പോൾ തനിക്കൊപ്പം നിഴലു പോലെ കൂടെയുണ്ടാവുന്ന മകളെ കുറിച്ച് മുൻപും ടൊവിനോ സമൂഹമാധ്യമങ്ങളിൽ കുറിച്ചിട്ടുണ്ട്. വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ ഒരു വീഡിയോയും താരം ഷെയർ ചെയ്തിരുന്നു. “ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക്‌ഡൗൺ അവളുടെ വിനോദങ്ങളിലേക്കുള്ള വാതിൽ അടച്ചപ്പോൾ, അവളെന്റെ ജിമ്മിലേക്ക് അതു തുറന്നു. എന്റെ കേബിൾ ക്രോസ് ഓവർ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു,” ടൊവിനോ കുറിച്ചതിങ്ങനെ.

ഇസയെ കൂടാതെ ഒരു മകൻ കൂടിയുണ്ട് ടൊവിനോ- ലിഡിയ ദമ്പതികൾക്ക്. തഹാൻ ടൊവിനോ എന്നാണ് മകന് ടൊവിനോ പേരു നൽകിയിരിക്കുന്നത്.

Read more: സ്മാർട്ടായി ചെയ്തിട്ടുണ്ട് നിങ്ങൾ; മിന്നൽ മുരളിയേയും ടൊവിനോയേയും അഭിനന്ദിച്ച് കരൺ ജോഹർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Tovino thomas daughter isa turns 6 birthday note

The moderation of comments is automated and not cleared manually by malayalam.indianexpress.com