മകൾ ഇസയുടെ വിശേഷങ്ങളും കുസൃതികളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ ഷെയർ ചെയ്യാറുണ്ട് യുവതാരം ടൊവിനോ തോമസ്. ലോക്ക്‌ഡൗൺ കാലത്തും ഇരിങ്ങാലക്കുടയിലെ വീട്ടിൽ മകൾക്കും കുടുംബത്തിനൊപ്പം ചെലവഴിച്ച രസകരമായ നിമിഷങ്ങളെ കുറിച്ചുള്ള വിശേഷങ്ങൾ ടൊവിനോ പങ്കുവച്ചിരുന്നു. മകൾ ഇസയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ടൊവിനോയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇസ വന്നതോടെ തന്റെ ലോകം മാറിയെന്നും അഞ്ചു വർഷങ്ങൾക്കിപ്പുറവും അച്ഛനെന്ന വേഷം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നുമാണ് ടൊവിനോ കുറിക്കുന്നത്.
View this post on Instagram
അടുത്തിടെ ഇസയുടെ അനിയനായി തന്റെയും ലിഡിയയുടെയും ജീവിതത്തിലേക്ക് ഒരു കുഞ്ഞ് കൂടി എത്തിയ വിശേഷവും ടൊവിനോ ആരാധകരെ അറിയിച്ചിരുന്നു. തഹാൻ ടോവിനോ’ എന്നാണ് മകന്റെ പേരെന്നും ഹാൻ എന്ന് വിളിക്കുമെന്നും ടൊവീനോ പറഞ്ഞു.
മകൾ ഇസയുടെ വിശേഷങ്ങളും ഇടയ്ക്ക് ടൊവിനോ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ ഒരു വീഡിയോയും താരം ഷെയർ ചെയ്തിരുന്നു. “ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക്‌ഡൗൺ അവളുടെ വിനോദങ്ങളിലേക്കുള്ള വാതിൽ അടച്ചപ്പോൾ, അവളെന്റെ ജിമ്മിലേക്ക് അതു തുറന്നു. എന്റെ കേബിൾ ക്രോസ് ഓവർ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു,” ടൊവിനോ കുറിക്കുന്നു.
കളിച്ചു ക്ഷീണിച്ച് മയങ്ങുന്ന മകൾ ഇസയേയും വളർത്തുനായ പ്ലാബോയേയും ഒന്നിച്ചുള്ള ഒരു ചിത്രവും അടുത്തിടെ ടൊവിനോ പങ്കുവച്ചിരുന്നു. മനുഷ്യരുമായി വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂടുകയും ചെയ്യുന്ന ബീഗിള്‍ ഇനത്തിൽ പെട്ട നായക്കുട്ടിയാണ് പാബ്ലോ.
മകൾ ഇസയ്ക്ക് ഒപ്പമുള്ള ഒരു വീഡിയോയും കുറച്ചുനാൾ മുൻപ് ടൊവിനോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. മകളെ ചുമലിലെടുത്ത് വ്യായാമം ചെയ്യുകയാണ് വീഡിയോയിൽ.
ടൊവിനോ നായകനായ ‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നതിനിടയിലാണ് കൊറോണ വ്യാപനം രൂക്ഷമായത്. പിന്നീട് ചിത്രം ടെലിവിഷൻ പ്രീമിയർ ആയി റിലീസ് ചെയ്യുകയായിരുന്നു. ടൊവിനോ ചിത്രം ‘ഫോറൻസികും’ തിയേറ്ററുകളിൽ നിന്നും കൊറോണയുടെ പശ്ചാത്തലത്തിൽ പിൻവലിച്ചിരുന്നു. മിന്നൽ മുരളി, കള എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളാണ് ഇനി ടൊവിനോയുടേതായി തിയേറ്ററുകളിൽ എത്താനുള്ളത്.