മലയാളസിനിമയിൽ തന്റെ ഒമ്പതാം വർഷം ആഘോഷിക്കുകയാണ് ടൊവിനോ തോമസ് എന്ന നടൻ. എഞ്ചിനീയറായി ജോലി ചെയ്യുന്നതിനിടയിലാണ് തന്റെ പാഷനായ സിനിമയുടെ ലോകത്തേക്ക് ടൊവിനോ എത്തിപ്പെട്ടത്. 2012ൽ റിലീസ് ചെയ്ത ‘പ്രഭുവിന്റെ മക്കൾ’ ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. 2012 ഒക്ടോബർ 26നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
സിനിമയിൽ ഒമ്പതാമത്തെ വർഷം പൂർത്തിയാക്കുന്ന പ്രിയപ്പെട്ട സഹപ്രവർത്തകന് ആശംസകൾ നേർന്നുകൊണ്ട് നടി സംയുക്ത മേനോൻ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ടൊവിനോ സിനിമാമേഖലയിൽ തന്റെ ഒമ്പതാം വർഷം ആഘോഷിക്കുമ്പോൾ, ടൊവിനോയെ കുറിച്ച് ആദ്യം മനസ്സിലോർക്കുന്ന ഒരു കാര്യം, എത്രത്തോളം വിനയാന്വിതനാണ് ആളെന്നതാണ്. ഒരു മനുഷ്യനെന്ന രീതിയിലും അതിശയിപ്പിക്കുന്ന നടനെന്ന രീതിയിലുമുള്ള ടൊവിനോയുടെ വളർച്ച പുഞ്ചിരിയോടെയും സന്തോഷത്തോടെയും ഞാൻ നോക്കികാണുന്നു. ഒരു നല്ല ശ്രോതാവാകേണ്ടത് എത്ര പ്രധാനമാണെന്ന് ടൊവി എന്നെ പഠിപ്പിച്ചു. ഒരു നല്ല സുഹൃത്ത്, എപ്പോഴും ആശ്രയിക്കാവുന്ന, പ്രചോദനമാവുന്ന അതിശയിപ്പിക്കുന്ന മനുഷ്യൻ… എല്ലാ ആശംസകളും ടൊവീ..,” സംയുക്ത കുറിച്ചു.
തീവണ്ടി, ഉയരെ, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങി നാലു ചിത്രങ്ങളിലാണ് ടൊവിനോയും സംയുക്തയും ഒന്നിച്ച് അഭിനയിച്ചത്.
ചെറിയ റോളുകളിലൂടെ പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ ടൊവിനോയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം ‘എന്ന് നിന്‍റെ മൊയ്തീൻ’ ആയിരുന്നു. പിന്നീട് ഗപ്പി, ഒരു മെക്സിക്കൻ അപാരത, ഗോദ, തരംഗം, മായാനദി, ആമി, അഭിയും ഞാനും, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ, എന്റെ ഉമ്മാന്റെ പേര്, ലൂസിഫർ, ഉയരെ, വൈറസ്, ആൻഡ് ദ ഓസ്കാർ ഗോസ് ടു, ലൂക്ക, കൽക്കി, എടക്കാട് ബറ്റാലിയൻ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ടൊവിനോയ്ക്ക് ആയി. ‘മാരി 2’ എന്ന തമിഴ് ചിത്രത്തിൽ ധനുഷിന്റെ വില്ലനായി അഭിനയിച്ച് തമിഴകത്തും ടൊവിനോ ശ്രദ്ധ നേടി.
‘കാണെക്കാണെ’ ആണ് ഒടുവിൽ റിലീസിനെത്തിയ ടൊവിനോ ചിത്രം. സോണി ലൈവിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിലെ ടൊവിനോയുടെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു.

ബേസിൽ ജോസഫ് സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ എന്ന ചിത്രമാണ് ടൊവിനോയുടേതായി ഇനി തിയേറ്ററിൽ എത്താനുള്ള പ്രധാന ചിത്രങ്ങളിലൊന്ന്. ടൊവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ‘ബാംഗ്ലൂർ ഡേയ്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്.