കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവാദ ചിത്രമായ ‘ദ കേരള സ്റ്റോറി’യ്ക്ക് ഒപ്പം വെള്ളിയാഴ്ചയാണ് 2018ഉം തിയേറ്ററുകളിലെത്തിയത്. പ്രൊപ്പഗാണ്ട സിനിമയായ കേരള സ്റ്റോറിയല്ല, മറിച്ച് 2018 ആണ് ‘ദ റിയൽ കേരള സ്റ്റോറി’ എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ വിലയിരുത്തുന്നത്.
‘2018 എവരിവണ്‍ ഈസ് എ ഹീറോ’ ആദ്യദിനത്തിൽ അണിയറപ്രവർത്തകർക്കൊപ്പം കേരളത്തിലെ തിയേറ്ററുകളിൽ കാണാൻ സാധിക്കാത്തതിന്റെ വിഷമത്തിലാണ് നടൻ ടൊവിനോ തോമസ്. കുടുംബത്തോടൊപ്പം ഫിൻലാന്റിലാണ് ടൊവിനോ ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസം ലൈവിലെത്തി ചിത്രത്തിന് പ്രേക്ഷകർ നൽകുന്ന സ്വീകാര്യതയ്ക്ക് ടൊവിനോ നന്ദി പറഞ്ഞിരുന്നു. ഇപ്പോഴിതാ, കുടുംബത്തോടൊപ്പം കേക്ക് മുറിച്ചും ഷാംപെയ്ൻ പൊട്ടിച്ചും ഫിൻലന്റിൽ 2018ന്റെ വിജയം ആഘോഷിക്കുകയാണ് താരം.
“നാട്ടിൽ ഇല്ലാത്തതിൽ ഏറ്റവും കൂടുതൽ ഞാൻ വിഷമിക്കുന്ന സമയമാണിത്. കാരണം 2018 എന്ന സിനിമ തിയറ്ററിലെത്തിയിട്ട് നൂറ് ശതമാനവും പോസിറ്റീവ് റിവ്യുകളുമായി മുന്നോട്ട് പോകുകയാണ്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണ് ഈ നിമിഷം നാട്ടിൽ ഉണ്ടാകാൻ സാധിക്കാത്തത്. എല്ലാവരും നല്ലത് പറയുമ്പോൾ, അത് നേരിട്ട് കാണാനും അറിയാനും അനുഭവിക്കാനും അവിടെ ഉണ്ടാകാനായില്ല. സിനിമയുടെ എല്ലാ അണിയറ പ്രവർത്തകർക്കും ഒപ്പമിരുന്ന് തിയറ്ററിൽ സിനിമ കാണാൻ പറ്റിയില്ല എന്നത് എന്നും നഷ്ട ബോധത്തോടെ ഓർക്കുന്ന ഒന്നായിരിക്കും. ഞാൻ ഇപ്പോൾ ഫിൻലാന്റിൽ ആണ്. രണ്ട് ദിവസത്തിൽ ഞാൻ നാട്ടിൽ എത്തും. നിറഞ്ഞ സദസിൽ കുടുംബത്തോടൊപ്പം പോയി സിനിമ കാണും. എല്ലാവർക്കും ഒരുപാട് നന്ദി,” ‘ടൊവിനോ പറഞ്ഞു.
“എളുപ്പമുള്ളൊരു ഷൂട്ടിംഗ് ആയിരുന്നില്ല സിനിമയുടേത്. നല്ല കട്ടപ്പണിയുള്ള ഷൂട്ട് ആയിരുന്നു. അന്നുണ്ടായ ബുദ്ധിമുട്ടുകളൊക്കെ തൃണവത്കരിച്ച് കൊണ്ട് ഇത്രയും വലിയ സ്വീകാര്യത ലഭിക്കുന്ന സമയത്ത് ഒരു കലാകാരൻ എന്ന നിലയ്ക്ക് ഇതിനെക്കാൾ വലിയ അംഗീകാരങ്ങളോ അല്ലെങ്കിൽ മറ്റൊന്നുമോ ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല. “
“ജൂഡ് ചേട്ടാ, ഇത് നിങ്ങളുടെ ഇത്രയും വർഷത്തെ അധ്വാനത്തിന്റെ പ്രതിഫലം ആണ് ഇപ്പോൾ കിട്ടിക്കെണ്ടിരിക്കുന്നത്. എങ്കയോ പോയിട്ടേൻ മിസ്റ്റർ ജൂഡ് ആന്റണി. മലയാള സിനിമ കാണാൻ തിയറ്ററിൽ ആളില്ലെന്ന പരാതിയൊക്കെ മാറിയില്ലേ ഇപ്പോൾ. ഓരോ കാലഘട്ടത്തിന് അനുസരിച്ച് സിനിമകൾ വരുമ്പോൾ, തീർച്ചയായും മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിക്കും എന്നുള്ളതിന്റെ തെളിവാണ് ഇത്. ഒരുപാട് സന്തോഷം,” ടൊവിനോ കൂട്ടിച്ചേർത്തു.
ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, ശിവദ, വിനിതാ കോശി തുടങ്ങി വമ്പൻ താരനിര തന്നെ ചിത്രത്തിലുണ്ട്. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോൾ സംഗീതവും വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും നിർവ്വഹിച്ചു. ‘കാവ്യാ ഫിലിംസ്’, ‘പി കെ പ്രൈം പ്രൊഡക്ഷൻസ് ‘എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.