മലയാളത്തിന്റെ ‘സൂപ്പർ ഹീറോ’ നായകൻ ടൊവിനോ തോമസിന്റെ ജന്മദിനമായിരുന്നു ഇന്ന്. സിനിമ മേഖലയിലെ സഹപ്രവർത്തകരും സുഹൃത്തുക്കളും ആരാധകരും ഉൾപ്പെടെ നിരവധി പേരാണ് ടൊവിനോയ്ക്ക് ഇന്ന് സോഷ്യൽ മീഡിയയിലൂടെ ജന്മദിനാശംസകൾ നേർന്നത്. ഇപ്പോഴിതാ, അവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ട് കുടുംബത്തോടൊപ്പം പിറന്നാൾ ആഘോഷിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ.
അച്ഛൻ, അമ്മ, ഭാര്യ, മക്കൾ, സഹോദരങ്ങൾ, അവരുടെ മക്കൾ അങ്ങനെ കുടുംബത്തിലെ ഏറ്റവും പ്രിയപ്പെട്ടവരോടൊപ്പം കേക്ക് മുറിച്ച് ബർത്ത്ഡേ ആഘോഷിക്കുന്ന വീഡിയോയാണ് ടൊവിനോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
“അതിമനോഹരമായ ആളുകൾക്കൊപ്പം ഒരു വർഷം കൂടി പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണെന്ന് ഞാൻ കരുതുന്നു, അതിർത്തികൾക്കപ്പുറം സ്വീകാര്യത ലഭിച്ച റിലീസുകൾ ഉണ്ടായിരുന്നു, നിങ്ങളോട് പറയാൻ ഒരുപാട് കഥകളും നിങ്ങൾക്ക് സമ്മാനിക്കാൻ ഒരുപാട് കഥാപാത്രങ്ങളുമായി മറ്റൊരു വർഷത്തിനായി ഞാൻ കാത്തിരിക്കുകയാണ്.
ഇന്ന് നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും ഊഷ്മളതയ്ക്കും നന്ദി!
ഫോണും നെറ്റ്വർക്കും ഇല്ലാത്ത ഒരിടത്ത് എന്റെ കുടുംബത്തോടും പ്രിയപ്പെട്ടവരോടുമൊപ്പം കുറച്ച് സമയം ചെലവഴിക്കാൻ എനിക്ക് കഴിഞ്ഞു. അതുകൊണ്ട് തന്നെ ഞാൻ മറുപടി നൽകാതിരുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഞാൻ നിങ്ങളുടെ എല്ലാ സന്ദേശങ്ങളും വായിക്കും, നിങ്ങളോട് ഓരോരുത്തരോടും ഞാൻ നന്ദിയുള്ളവനായിരിക്കും.
സ്നേഹവും പിന്തുണയുമായി ഒരു വർഷം കൂടി എന്നോടൊപ്പം നിന്നതിന് നന്ദി. വരാനിരിക്കുന്ന വർഷത്തെകുടുംബം, സുഹൃത്തുക്കൾ, സിനിമ, യാത്രകൾ, കഥകൾ തുടങ്ങി ജീവിതത്തിലെ മനോഹരമായ എല്ലാ കാര്യങ്ങൾക്കും ചിയേർസ്! സ്നേഹപൂർവം നിങ്ങളുടെ ടൊവിനോ” ടൊവിനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ഉണ്ണിമുകുന്ദൻ, അജു വർഗീസ്, ബേസിൽ ജോസഫ്, സിദീഖ്, ഗുരു സോമസുന്ദരം തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽമീഡിയയിലൂടെ ആശംസകൾ നേർന്നിരുന്നു. ‘മിന്നൽ’ പ്രഭയിൽ നിൽക്കുന്നതിനാൽ മിന്നൽ ചേർത്തായിരുന്നു മിക്കവരുടെയും ആശംസകൾ.
Also Read: മിന്നൽ മുരളിയിൽ വില്ലനാകാൻ ആഗ്രഹിച്ചു; ഷിബുവിനേക്കാൾ വില്ലന്മാരാണ് മറ്റു കഥാപാത്രങ്ങൾ: ടൊവിനോ