മലയാളികളുടെ സ്വന്തം സൂപ്പർ ഹീറോ ടൊവിനോ തോമസന്റെ പിറന്നാളാണിന്ന്. വലിയ സിനിമാപാരമ്പര്യമോ കൈപ്പിടിച്ചുയർത്താൻ ഗോഡ് ഫാദറോ ഒന്നുമില്ലാതെ സിനിമയിലെത്തി സ്വന്തമായൊരിടം നേടിയെടുത്ത താരമാണ് നടൻ ടൊവിനോ . ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയർന്ന് നായകപദവിയോളം എത്തിയ ടൊവിനോ ഇന്ന് മലയാളസിനിമയുടെ ശ്രദ്ധേയ മുഖങ്ങളിൽ ഒന്നാണ്. പ്രഭുവിന്റെ മക്കൾ (2012) ആയിരുന്നു ടൊവിനോയുടെ അരങ്ങേറ്റ ചിത്രം. എഞ്ചിനീയറായിരുന്ന ടൊവിനോ ജോലി ഉപേക്ഷിച്ചാണ് തന്റെ പാഷനായ അഭിനയത്തിലേക്ക് എത്തിയത്. പിച്ചവെച്ചും നടന്നും വീണും ഓടിയും വിജയകുതിപ്പ് നടത്തിയും കടന്നുപോയ ടൊവിനോയുടെ കരിയറിലെ പത്തുവർഷങ്ങൾ ആരാധകരും സിനിമാലോകവും ആഘോഷമാക്കിയിരുന്നു.
പിറന്നാൾ ദിവസം ആഘോഷമാക്കാനൊരുങ്ങുകയാണ് താരത്തിന്റെ പ്രിയ കൂട്ടുകാർ. താരങ്ങളായ മാത്തുക്കുട്ടിയും ബേസിൽ ജോസഫും സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പുകളാണ് ശ്രദ്ധ നേടുന്നത്. “ഭാവിയിൽ നീ പ്രശസ്തനാകുമ്പോ ഇടാൻ വേണ്ടി പണ്ട് എടുത്ത് വെച്ച ഫോട്ടോ!! ഇനിയും വൈകിയാൽ ചിലപ്പോ പിടിച്ചാൽ കിട്ടാണ്ടാവും.കണ്ടതിൽ വെച്ചേറ്റവും വിചിത്രമായ രീതിയിൽ കിടന്നുറങ്ങുന്ന സൂപ്പർ ഹീറോക്ക് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ” എന്നാണ് രസകരമായ ചിത്രം പങ്കുവച്ച് മാത്തുക്കുട്ടി കുറിച്ചത്.
ടൊവിനോയുടെ ആത്മസുഹൃത്തും സംവിധായകനുമായ ബേസിൽ ജോസഫ് കുറിച്ചതിങ്ങനെയായിരുന്നു. “ഗോദയിൽ അഭിനയിക്കാനും അസിസ്സ്റ്റന്റ് ഡയറക്ടറായും നീ എത്തി. നീ ഡയറക്ഷനിൽ പച്ച പിടിച്ചില്ലെങ്കിലും വല്യ ഒരു നടൻ ആയല്ലൊ . അത് കൊണ്ട് പിറന്നാൾ ആശംസകൾ അളിയാ” എന്നാണ് ബേസിലിന്റെ വാക്കുകൾ.
അജയന്റെ രണ്ടാം മോഷണം, നീലവെളിച്ചം എന്നിവയാണ് ടൊവിനോയുടെ പുതിയ ചിത്രങ്ങൾ. ഇരു ചിത്രങ്ങളിലെയും ടൊവിനോയുടെ ലുക്കുകൾ അണിയറപ്രർത്തകർ പിറന്നാൾ ദിവസം പുറത്തുവിട്ടു.
ടൊവിനോയ്ക്ക് കരിയറിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം ‘എന്ന് നിന്റെ മൊയ്തീൻ’ ആയിരുന്നു. പിന്നീട് ‘ഗപ്പി’, ‘ഒരു മെക്സിക്കൻ അപാരത’, ‘ഗോദ’, ‘തരംഗം’, ‘മായാനദി’, ‘ആമി’, ‘അഭിയും ഞാനും’, ‘മറഡോണ’, ‘തീവണ്ടി’, ‘ഒരു കുപ്രസിദ്ധ പയ്യൻ’, ‘എന്റെ ഉമ്മാന്റെ പേര്’, ‘ലൂസിഫർ’, ‘ഉയരെ’, ‘വൈറസ്’, ‘ആൻഡ് ദ ഓസ്കാർ ഗോസ് ടു’, ‘ലൂക്ക’, ‘കൽക്കി’, ‘എടക്കാട് ബറ്റാലിയൻ’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം കവരാൻ ടൊവിനോയ്ക്ക് ആയി. ‘മാരി 2’ എന്ന തമിഴ് ചിത്രത്തിലൂടെ തമിഴകത്തും ശ്രദ്ധ നേടാൻ ടൊവിനോയ്ക്ക് കഴിഞ്ഞു.
കാണെക്കാണെ, മിന്നൽ മുരളി, നാരദൻ, ഡിയർ ഫ്രണ്ട്, വാശി, തല്ലുമാല എന്നിവയും ഏറെ ശ്രദ്ധിക്കപ്പെട്ട ടൊവിനോ ചിത്രങ്ങളാണ്.