മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ് ടൊവിനോ തോമസ്. ചെയ്ത കഥാപാത്രങ്ങളെല്ലാം മലയാളികള്‍ ഏറ്റെടുത്തു. ഇന്ന് ടൊവിനോയുടെ ജന്മദിനമാണ്. തങ്ങളുടെ പ്രിയപ്പെട്ട നായകന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് നായികമാര്‍.

പ്രളയത്തിനു ശേഷം പുറത്തിറങ്ങിയ മലയാള സിനിമകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയ തീവണ്ടിയിലെ നായിക സംയുക്തയും, ടൊവിനോയുടെ കരിയറിലെ പ്രധാന ചിത്രങ്ങളില്‍ ഒന്നായ കുപ്രസിദ്ധ പയ്യനില്‍ അദ്ദേഹത്തിന്റെ നായികയായെത്തിയ അനു സിത്താരയുമാണ് തങ്ങളുടെ പ്രിയ നായകന് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഇവരെ കൂടാതെ അനുശ്രീയും ടൊവിനോയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

View this post on Instagram

Happy birthday tovino chetta @tovinothomas

A post shared by Anu Sithara (@anu_sithara) on

View this post on Instagram

Happyyy Birthday Paul @tovinothomas

A post shared by Gayathri R Suresh (@gayathri_r_suresh) on

അഡ്വ.ഇല്ലിക്കല്‍ തോമസിന്റെയും ഷീല തോമസിന്റെയും ഇളയ മകനായി 1988ല്‍ ഇരിങ്ങാലക്കുടയിലായിരുന്നു ടൊവിനോയുടെ ജനനം. പ്രാഥമിക വിദ്യാഭ്യാസം ഇരിങ്ങാലക്കുട ഡോണ്‍ ബോസ്‌കോ വിദ്യാലയത്തിലും ബിരുദ പഠനം തമിഴ്‌നാട് കോളേജ് ഓഫ് എന്‍ജിനീയറിങ് കോയമ്പത്തൂരിലും ആയിരുന്നു. എന്നാല്‍ തന്റെ വഴി സിനിമയാണെന്ന് ടൊവിനോയ്ക്ക് എന്നേ അറിയാമായിരുന്നു.

സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ എബിസിഡി എന്ന ചിത്രത്തിലെ അഖിലേഷ് വര്‍മ്മ എന്ന രാഷ്ട്രീയക്കാരനായി നമ്മള്‍ ടൊവിനോയെ കണ്ടു. എന്നാല്‍ ‘എന്നു നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിലെ പെരുമ്പറമ്പില്‍ അപ്പു അഥവാ അപ്പുവേട്ടന്‍ എന്ന കഥാപാത്രം ടൊവിനോയുടെ തലവര തന്നെ മാറ്റി. കാഞ്ചനയെ പെണ്ണുകാണാന്‍ വരുന്ന രംഗവും അതിന് ശേഷം പാര്‍ട്ടി ഓഫീസില്‍ മൊയ്തീനെ കാണാന്‍ പോകുന്നതുമൊക്കെയായ രംഗം ടൊവിനോ അഭിനയിക്കുകയാണെന്ന് പ്രേക്ഷകര്‍ക്ക് തോന്നിയതേയില്ല. പ്രേക്ഷക മനസ്സില്‍ അപ്പുവേട്ടന്‍ എന്ന കഥാപാത്രം നായക തുല്യനാണ്. കാഞ്ചനമാലയുടെ ഒരു പഴയ ഫോട്ടോയും, അവളുടെ കൈയ്യക്ഷരം പതിച്ച നോട്ട് ബുക്കും ഒരു മയില്‍ പീലിയും ഹൃദയത്തില്‍ സൂക്ഷിച്ച അപ്പുവേട്ടന്റെ പ്രണയം എല്ലാവരിലും നോവായിരുന്നു.

Read More: മച്ചാന്‍ പണ്ടേ മാസാണ്: ടോവിനോയുടെ #10YearChallenge

പിന്നീട് ഗപ്പി എന്ന ചിത്രത്തിലെ തേജസ് വര്‍ക്കി എന്ന എന്‍ജിനീയറായി ഒരിക്കല്‍കൂടി ടൊവിനോ നമ്മളെ അത്ഭുതപ്പെടുത്തി. ഗപ്പിക്ക് തിയേറ്ററില്‍ പ്രതീക്ഷിച്ച വരവേല്‍പ് ലഭിച്ചില്ലെങ്കിലും ടൊറന്റില്‍ വന്‍ സ്വീകാര്യതയായിരുന്നു. ഈ പശ്ചാത്തലത്തില്‍ ഒരിക്കല്‍ കൂടി ഗപ്പി തിയേറ്ററുകളിലെത്തി. ഒരു മെക്സിക്കന്‍ അപാരത, ചാര്‍ലി, തരംഗം, ഗോദ എന്നീ ചിത്രങ്ങളിലും ടൊവിനോ ശ്രദ്ധേയമായ പ്രകടനം കാഴ്ച വച്ചു.

എന്നാല്‍ എക്കാലവും ഈ നടനെ ഓര്‍ക്കാന്‍ ഇന്ന് മറ്റൊരു കഥാപാത്രം ഓരോ സിനിമാ പ്രേമികളുടേയും നെഞ്ചിലുണ്ട്. മായാനദിയിലെ മാത്തന്‍. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചവരുടെ ഉള്ളിലെ നൊമ്പരമാണ് മാത്തനും, അയാളുടെ പ്രണയവും, നിസ്സഹായതയുമെല്ലാം. തട്ടിപ്പും വെട്ടിപ്പും കാട്ടുന്ന, ഭാവിയെക്കുറിച്ച് വലിയ സ്വപ്നങ്ങളുള്ള യുവാവാണ് മായാനദിയിലെ ആ മാത്തന്‍. പക്ഷെ അപ്പു അയാള്‍ക്ക് ജീവനാണ്. ഓരോ അവഗണനകളേയും അതിജീവിച്ച് അപ്പുവിലേക്ക് മടങ്ങിയെത്തുന്ന മാത്തന്‍. ഒടുവില്‍ അയാള്‍ വെടിയേറ്റു മരിക്കുകയാണ്. സ്വാഭാവിക അഭിനയം കൊണ്ട് മാത്തന്‍ എന്ന കഥാപാത്രത്തെ ഗംഭീരമാക്കി ടൊവിനോ.

അതിനു ശേഷം കൈ നിറയെ സിനിമകളായിരുന്നു ടൊവിനോയ്ക്ക്. അഭിയും അനുവും, ആമി, മറഡോണ, തീവണ്ടി, എന്റെ ഉമ്മാന്റെ പേര്, ഒരു കുപ്രസിദ്ധ പയ്യന്‍, മാരി 2, പുറത്തിറങ്ങാനിരിക്കുന്ന ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, വൈറസ്, ഉയരെ, ലൂസിഫർ.. അങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത ചിത്രങ്ങള്‍.

സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ടൊവിനോ നായകനായ അവസരങ്ങളുണ്ട്. ശ്രീജിത്തിനു നീതി തേടിയുള്ള സമരത്തില്‍ ടൊവിനോ സെക്രട്ടറിയേറ്റിനു മുന്നിലെത്തി ശ്രീജിത്തിനെ കാണുകയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കണ്ണൂരില്‍ കൊല്ലപ്പെട്ട എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ മരണത്തില്‍ അനുശോചനമറിയിച്ച് ടൊവിനോ രംഗത്തെത്തിയതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്തിന്റെ പേരിലായാലും രാഷ്ട്രീയ കൊലപാതകങ്ങള്‍ ന്യായീകരിക്കാനാവില്ലെന്ന് ടൊവിനോ പറഞ്ഞു. ഒരുമിച്ചു നിന്നൊരു സെല്‍ഫിയെടുത്ത പരിചയമേ ഈ യുവാവുമായി ഉള്ളൂ, എന്നാല്‍ ഇയാളുടെ മരണവാര്‍ത്ത തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ടൊവിനോ ഫെയ്സ്ബുക്കില്‍ കുറിച്ചു.

എന്നാല്‍ സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഈ നായകന് ജനങ്ങള്‍ കൈയ്യടിച്ചത് പ്രളയ സമയത്തായിരുന്നു. കൈമെയ് മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായ ടൊവിനോയെ എല്ലാവരും ഹൃദയത്തോട് ചേര്‍ത്തു. പച്ചക്കറിയും അരിയും ചുമക്കാനും, ദുരിതാശ്വാസ ക്യാമ്പുകളിളേക്ക് ആവശ്യമുള്ള സാധനസാമഗ്രികള്‍ എത്തിക്കാനുമെല്ലാം ടൊവിനോ മുന്നില്‍ തന്നെ ഉണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ