യുവനടന്മാരിൽ ഏറെ ആരാധകരുള്ള താരമാണ് ടൊവിനോ തോമസ്. താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മീശ പിരിച്ചുള്ള ചിത്രമാണ് ടൊവിനോ ആരാധകർക്കായി പങ്കുവച്ചത്. ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിനു വേണ്ടിയുള്ള ലുക്കാണിതെന്നാണ് പോസ്റ്റിനു താഴെയുള്ള കമന്റിൽ നിറഞ്ഞത്. ‘മൈമൊസ്റ്റാച്ച്‌വർക്കൗട്ട്’ എന്നാണ് പോസ്റ്റിനു താഴെ ടൊവിനോ കുറിച്ചത്.
ഒരു പൊതു പരിപാടിയിൽ പങ്കെടുക്കാൻ പുതിയ ലുക്കിലെത്തിയ താരത്തിന്റെ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തലശ്ശേരി ഹെറിറ്റേജ് ടൂറിസത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊന്ന്യത്ത് അങ്കത്തിന് അതിഥിയായാണ് ടൊവിനോ എത്തിയത്. കളരിപയറ്റും മറ്റ് ആയോധന കലകളും കണ്ട് ആസ്വദിക്കുക മാത്രമല്ല അങ്കത്തിനായി തട്ടകത്തിലോട്ട് ഇറങ്ങുകയും ചെയ്തു ടൊവിനോ. താരത്തിന്റെ രസകരമായ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ടൊവിനോ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ചിയോത്തികാവ് എന്ന പ്രദേശത്തെ കള്ളന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് വ്യക്തമാകുന്നത്. ചിത്രത്തിൽ കുഞ്ഞികേളു എന്ന കഥാപാത്രമായാണ് ടൊവിനോ എത്തുന്നത്.
ജിതിൻ ലാൽ ആണ് സംവിധായകൻ. ചിത്രത്തിൽ മൂന്നു കഥാപാത്രങ്ങളായാണ് ടൊവിനോ വേഷമിടുന്നത്. സുജിത്ത് നമ്പ്യാർ തിരകഥ എഴുതുന്ന ചിത്രത്തിന്റെ നിർമാണം ഡോക്ടർ സക്കറിയ തോമസ്, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു.