മലയാള സിനിമയിലെ പ്രിയനടൻ ടൊവിനോ തോമസിന്റെ പിറന്നാളാണിന്ന്. ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന നീലവെളിച്ചം. പ്രശസ്ത എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് നീലവെളിച്ചം ഒരുങ്ങുന്നത്. ചിത്രത്തിൽ ബഷീറിന്റെ വേഷം ചെയ്യുന്നത് ടൊവിനോയാണ്. അതിൽ തന്നെ കൗതുകമെന്ന് തോന്നിക്കും വിധത്തിൽ ബഷീറിന്റെയും പിറന്നാളാണിന്ന്. നീലവെളിച്ചത്തിന്റെ യഥാർത്ഥ എഴുത്തുക്കാരന്റെയും ചിത്രത്തിലെ നായകന്റെയും പിറന്നാൾ ഒരു ദിവസം തന്നെ വന്നതിന്റെ കൗതുകത്തിലാണ് ആരാധകർ.
ചിത്രത്തിലെ ടൊവിനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. “ഇന്നെന്റെ ജന്മദിനമാണ്. എനിക്ക് മംഗളം ആശംസിച്ചിട്ടു പോകുവിൻ!- വൈക്കം മുഹമ്മദ് ബഷീർ (ജന്മദിനം) .നീലവെളിച്ചത്തിന്റെ നായകന് ജന്മദിനാശംസകൾ !”എന്നാണ് ചിത്രത്തിന്റെ സംവിധായകനായ ആഷിഖ് അബു പോസ്റ്റർ പങ്കുവച്ച് കുറിച്ചത്.
ടൊവിനോ എങ്ങനെ ബഷീറായി മാറി എന്നതിന്റെ മേക്കിങ്ങ് വീഡിയോയും ആഷിഖ് ഷെയർ ചെയ്തു.
“അത്രമേൽ പ്രിയപ്പെട്ട ബഷീറിന് ജന്മദിനാശംസകൾ” എന്നാണ് ടൊവിനോ ചിത്രത്തിനൊപ്പം കുറിച്ചത്.
“ബഷീർ ജനിച്ച ദേശത്ത് തന്നെ ജനിച്ച ഒരു സുന്ദര നടൻ ആദ്യം ബഷീറിനെ സ്ക്രീനിൽ അനശ്വരനാക്കിയപ്പോൾ ,ബഷീർ ജനിച്ച ദിവസം തന്നെ ജനിച്ച മറ്റൊരു പ്രിയ നടനിലേക്ക് കറങ്ങിത്തിരിഞ്ഞ് വന്നിരിക്കുകയാണു വീണ്ടും ഒരു ബഷീർ വേഷം ! നല്ല ശേലിൽ കറങ്ങുന്നുണ്ട് ഭൂമി ! ജന്മദിനമംഗളങ്ങൾ നേരുന്നു ബഷീറിനും ടോവിക്കും ! താരതമ്യങ്ങളേ ഇല്ലാത്ത രണ്ട് പേർ രണ്ട് ലോകങ്ങളിലിരുന്ന് ഒരേ വെളിച്ചം തട്ടി തിളങ്ങുന്നു! യാ ഇലാഹീ..”എന്നാണ് ഗായകൻ ഷഹബാസ് അമന്റെ വാക്കുകൾ.
മുൻപ് മതിലുകൾ എന്ന ചിത്രത്തിൽ ബഷീറായ വേഷമിട്ടത് മമ്മൂട്ടിയായിരുന്നു. ബഷീറിന്റെ സ്വദേശമായ വൈക്കം തന്നെയാണ് മമ്മൂട്ടിയുടെയും ജന്മദേശം.
റിമ കല്ലിങ്കൽ നായികയായി എത്തുന്ന ചിത്രത്തിലെ വീഡിയോ സോങ്ങ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കെ എസ് ചിത്രയുടെ സ്വരമാധുര്യത്തിൽ ഒരുങ്ങിയ “അനുരാഗ മധുചഷകം” എന്ന ഗാനം ഹിറ്റ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു.ഏപ്രിൽ 21 ന് റിലീസിനെത്തുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ഒപിഎം സിനിമാസാണ്. ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, രാജേഷ് മാധവൻ, ഉമ കെ പി, പൂജ മോഹൻരാജ്, ദേവകി ഭാഗി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.