ആദ്യ റിലീസില്‍ പ്രേക്ഷക ശ്രദ്ധനേടാന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് സിനിമാ പ്രേമികള്‍ ഹൃദയംകൊണ്ട് ഏറ്റെടുത്ത ചിത്രമാണ് ഗപ്പി. ടൊവിനോ തോസിനെയും മാസ്റ്റര്‍ ചേതനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത് ഗപ്പി വീണ്ടും തിയേറ്ററുകളിലെത്തുന്നു. ടൊവിനോ തന്നെയാണ് ഇക്കാര്യം തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പ്രഖ്യാപിച്ചത്.

ആദ്യം റിലീസ് ചെയ്തപ്പോള്‍ ഗപ്പിയ്ക്ക് തിയേറ്ററില്‍ വേണ്ടത്ര ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. ബോക്‌സോഫീസിലും ചിത്രം പരാജയമായിരുന്നു. എന്നാല്‍ ടൊറന്റില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഈ പശ്ചാത്തലത്തിലാണ് ചിത്രം വീണ്ടും തിയേറ്ററിലെത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്.

തിരുവനന്തപുരം ശ്രീ വിശാഖ്, എറണാകുളം സവിത, മലപ്പുറം നവീന്‍ എന്നിങ്ങനെ ജനുവരി 21ന് കേരളത്തിലെ മൂന്ന് തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. രാവിലെ എട്ടു മണിക്ക് ചിത്രം പ്രദര്‍ശിപ്പിക്കും.

തേജസ് വര്‍ക്കി എന്ന എൻജിനീയറായാണ് ടൊവിനോ ഗപ്പിയില്‍ പ്രത്യക്ഷപ്പെട്ടത്. ഈ കഥാപാത്രവം എക്കാലത്തും ഏറെ പ്രിയപ്പെട്ടതാണെന്ന് ടൊവിനോ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ പ്രകടനത്തിന് മാസ്റ്റന്‍ ചേതന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു.

ശ്രീനിവാസന്‍, അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ഗപ്പിയില്‍ വിഷ്ണു വിജയ് സംഗീതം നല്‍കിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook