‘മിന്നൽ മുരളി’യുടെ വിജയാഘോഷത്തിലാണ് യുവതാരം ടൊവിനോ തോമസ്. ഇപ്പോഴിതാ, ജീവിതത്തിലെ മറ്റൊരു സന്തോഷമുഹൂർത്തം കൂടി പങ്കുവയ്ക്കുകയാണ് താരം. കഴിഞ്ഞ ദിവസം രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കുടുംബസമേതം സന്ദർശിക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് താരം. ഭാര്യ ലിഡിയയ്ക്കും മക്കളായ ഇസയ്ക്കും തഹാനുമൊപ്പമാണ് ടൊവിനോ രാജ് ഭവനിൽ എത്തിയത്.
“സംഭവബഹുലവും മനോഹരവുമായ 2021 ഇതിലും മനോഹരമായി എങ്ങനെ പൂർത്തിയാക്കും. ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ ആരിഫ് മുഹമ്മദ് ഖാൻ സാറുമായുള്ള കൂടിക്കാഴ്ച വളരെ മനോഹരമായിരുന്നു. ഇസ തീർച്ചയായും അദ്ദേഹത്തിന്റെ ഒരു ആരാധകനാണ്! അവരെല്ലാവരും മിന്നൽമുരളിയെ സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്,” എന്നാണ് ടൊവിനോ കുറിച്ചത്.
തിരുവനന്തപുരത്ത് വാശി എന്ന സിനിമയുടെ ലൊക്കേഷനിലാണ് ടൊവിനോ ഇപ്പോൾ ഉള്ളത്. നവാഗതനായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കീർത്തി സുരേഷാണ് ടൊവിനോയുടെ നായികയായി എത്തുന്നത്.