ഫെബ്രുവരി 15നാണ് ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നത്. ‘ഹോപ് എലിസബത്ത് ജോസഫ്’ എന്നാണ് ബേസിൽ മകൾക്ക് പേരു നൽകിയിരിക്കുന്നത്. ഇപ്പോഴിതാ, ബേസിലിന്റെ ഹോപ്പിനെ കാണാൻ കുടുംബസമേതം ടൊവിനോ എത്തിയതിന്റെ ചിത്രങ്ങളാണ് വൈറലാവുന്നത്.
ടൊവിനോയ്ക്ക് ഒപ്പം ഭാര്യ ലിഡിയയും മക്കളും ടൊവിനോയുടെ സഹോദരൻ ടിങ്സ്റ്റണും എത്തിയിരുന്നു. ടൊവിനോയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ ബേസിൽ പങ്കിട്ടു.
ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് ടൊവിനോയും ബേസിലും. ബേസിലിന്റെ ഗോദ, മിന്നൽ മുരളി തുടങ്ങിയ ചിത്രങ്ങളിലെ നായകനും ടൊവിനോ ആയിരുന്നു. ഇരുവരുമൊന്നിച്ച് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുമുണ്ട്. അടുത്തിടെ, മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ്സ് സ്വന്തമാക്കിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ചുകൊണ്ട് ടൊവിനോ പങ്കുവച്ച കുറിപ്പും ഇരുവരുടെയും സൗഹൃദം തുറന്നു കാണിക്കുന്നതായിരുന്നു.
“ഒരു സുഹൃത്തെന്ന നിലയിലും, അവന്റെ സംവിധാനത്തിൽ അഭിനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും,ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ,അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസിൽ ജോസഫിന്റേത്. ഒരുപക്ഷെ ഈ അവാർഡ് വാങ്ങിക്കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചതും എന്നെയായിരിക്കും. മിന്നൽ മുരളിക്ക് വേണ്ടി ബേസിൽ ഈ അംഗീകാരം ഏറ്റുവാങ്ങുമ്പോൾ ഞങ്ങൾ ഒരുമിച്ച് ഒരേ സിനിമയിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് എന്നുള്ളത് മറ്റൊരു നിമിത്തമായിരിക്കും. ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ്. വളരുക, വളരുക, മാനം മുട്ടെ വളരുക !!” ടൊവിനോ കുറിച്ചു.
ആദ്യമായാണ് ബേസിലിനെക്കുറിച്ചുള്ള സീരിയത് പോസ്റ്റ് താനിടുന്നതെന്നും ടൊവിനോ കുറിച്ചു. സാധാരണയായി ബേസിലിനു പ്രാങ്ക് നൽകുന്ന വീഡിയോകളാണ് ടൊവിനോ പങ്കുവയ്ക്കാറുള്ളത്.