യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ചിത്രം ‘ലൂക്ക’യുടെ ട്രെയിലര്‍ ജൂണ്‍ 17നാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിട്ട് നാലാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഒന്‍പത് ലക്ഷത്തിന് മുകളില്‍ കാഴ്ചക്കാരുമായി ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് ട്രെയിലര്‍. ഒന്നാം സ്ഥാനത്തായിരുന്ന ലൂക്കയെ രണ്ടാം സ്ഥാനത്താക്കിയത് തൊട്ടടുത്ത ദിവസം റിലീസ് ചെയ്ത അമല പോള്‍ ചിത്രം ‘ആടൈ’യുടെ ടീസറാണ്.

ജൂണ്‍ 18ന് റിലീസ് ചെയ്ത ‘ആടൈ’ ടീസര്‍ രണ്ട് ദിവസം കഴിഞ്ഞ് മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 52 ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് സ്വന്തമാക്കിയിരിക്കുന്നത്. ഒന്നര മിനിറ്റോളം ദൈര്‍ഘ്യമുള്ള ടീസര്‍ സസ്‌പെന്‍സ് നിറഞ്ഞതാണ്. ഭയവും ആകാംക്ഷയും നിറയുന്ന ടീസറിന്റെ അവസാന ഭാഗത്താണ് കഥാപാത്രത്തെ കാണിക്കുന്നത്.

ക്രൈം തില്ലറായ ‘ആടൈ’ സിനിമയുടെ സംവിധായകന്‍ രത്‌ന കുമാറാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ടോയ്‌ലറ്റ് പേപ്പര്‍ ദേഹത്ത് ചുറ്റി, മുഖത്തും ശരീരത്തിലും രക്തക്കറകളുമായി പേടിച്ച് കരയുന്ന അമല പോളിന്റെ ചിത്രമായിരുന്നു പോസ്റ്ററില്‍ നിറഞ്ഞത്. അസ്വസ്ഥതയുണര്‍ത്തുന്ന പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന പ്രേക്ഷകരെ ലക്ഷ്യം വച്ചാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ അതിര്‍ വരമ്പുകളെ കുറിച്ചാണ് ചിത്രം സംസാരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Read More: അമല പോളിന്റെ ‘ആടൈ’യ്ക്ക് എ സർട്ടിഫിക്കറ്റ്

വിവേക് പ്രസന്ന, ബിജിലി രമേഷ് എന്നിവരാണ് മറ്റു താരങ്ങള്‍. കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്.

ലൂക്ക എന്ന ശിൽപിയുടെയും അയാളുടെ കാമുകിയായ നിഹാരികയുടെയും കഥപറയുന്ന ചിത്രമാണ് നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘ലൂക്ക’. അഹാന കൃഷ്ണകുമാര്‍ ആണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തുന്നത്.

Read More: Luca Movie Photos: താടി വളർത്തി കിടിലൻ ലുക്കിൽ ടൊവിനോ; ‘ലൂക്ക’ ചിത്രങ്ങൾ

പ്രണയത്തിനൊപ്പം ആകാംക്ഷയും സൃഷ്ടിക്കുന്നതാണ് ലൂക്കയുടെ ട്രെയിലര്‍. മൃദുല്‍ ജോർജ് തിരക്കഥയെഴുതുന്ന ലൂക്കയില്‍ നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീന കുറുപ്പ്, ദേവി അജിത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നവാഗതനായ നിമിഷ് രവിയാണ് ക്യാമറ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook