കേരളത്തിൽ ഏറ്റവുമധികം പണം വാരിയ അന്യ ഭാഷാ ചിത്രങ്ങളിലൊന്നാണ് ബാഹുബലി. ചിത്രത്തിലെ നായക കഥാപാത്രമായ അമരേന്ദ്ര ബാഹുബലിയോളം പ്രേക്ഷക പ്രീതി നേടിയ കഥാപാത്രമായിരുന്നു റാണ ദഗ്ഗുബാട്ടി അവതരിപ്പിച്ച പൽവാൽ ദേവൻ എന്ന വില്ലനും. പൽവാൽ ദേവൻ കാളയെ മെരുക്കുന്ന രംഗമൊന്നും ബാഹുബലി കണ്ടവർ മറക്കില്ല. പൽവാൽ ദേവനെ അനുകരിക്കാനൊരു കുഞ്ഞ് ശ്രമം നടത്തുകയാണ് മലയാളികളുടെ പ്രിയതാരം ടൊവിനോ തോമസ്.

ചൈനയിലെ ഷാങ്ഗായിലെ ബണ്ട് ബുള്ളിന്റെ മുന്നിൽ നിന്നെടുത്ത ചിത്രം ‘പൽവാൽ ദേവൻ മോഡ് ഓൺ’ എന്ന ക്യാപ്ഷനിലാണ് ടൊവിനോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ബണ്ട് ബുള്ളിന്റെ കൊമ്പുകളിൽ ആഞ്ഞ് പിടിച്ചിട്ടുണ്ട് താരം. പൽവാൽ ദേവനല്ല, ഇത് കുപ്രസിദ്ധ പയ്യനാണെന്നാണ് ആരാധകരുടെ വാദം.

പോത്തിനെ മലർത്തിയടിക്കാനും, കൊമ്പ് ഊരിയെടുക്കാനുമൊക്കെ ആരാധകര്‍ പ്രിയ താരത്തോട് പറയുന്നുണ്ട്. കട്ടപ്പയെ വിളിക്കാനാണ് മറ്റു ചിലര്‍ പറയുന്നത്. ഭാര്യയ്ക്കും മകള്‍ക്കുമൊപ്പമുള്ള ചൈന യാത്രയുടെ നിരവധി ചിത്രങ്ങള്‍ ടൊവിനോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Read More: ‘മുട്ടി മുട്ടി ഒരു പരുവമായപ്പോള്‍ അവള്‍ ആ വാതിലങ്ങ് തുറന്നു’; പ്രണയത്തെ കുറിച്ച് ടൊവിനോ

കല്‍ക്കിയാണ് ടൊവിനോയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് താരം എത്തിയത്. സംയുക്താ മേനോനായിരുന്നു നായിക. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രമാണ് ഇനി റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തില്‍ പട്ടാളക്കാരന്റെ വേഷത്തില്‍ ടൊവിനോ എത്തുമ്പോള്‍, താരത്തിന്റെ നായികയായെത്തുന്നത് സംയുക്ത മേനോനും.

‘ലഡാക്ക്’ ആയിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവിനോ തോമസിന് പൊള്ളലേറ്റത് വാര്‍ത്തയായിരുന്നു. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. നാല് വശത്തുനിന്നും തീ ഉപയോഗിച്ചുളള രംഗമായിരുന്നു ചിത്രീകരിച്ചത്. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു.

നവാഗതനായ സ്വപ്നേഷ് കെ.നായരാണ് ചിത്രത്തിന്റെ സംവിധായകൻ. പി.ബാലചന്ദ്രന്റേതാണ് തിരക്കഥ. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണം. ഡോ.ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൈലാസ് മേനോനാണ് സംഗീതം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook