മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കി നടന്‍ ടൊവിനോ തോമസ്. മലയാളത്തില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടോ എന്നു ചോദിച്ചാല്‍ അത് തര്‍ക്കവിഷയമാണെന്ന് ടൊവിനോ പറഞ്ഞു. കാസ്റ്റിങ് കൗച്ച് ഉണ്ടെന്നോ ഇല്ലെന്നോ താരം പറഞ്ഞില്ല. അതേസമയം, മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് ആവശ്യമില്ലെന്നും മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്ന് വ്യത്യസ്തമായി നട്ടെല്ലുള്ള ഇന്‍ഡസ്ട്രിയാണ് മലയാള സിനിമയെന്നും ടൊവിനോ പറഞ്ഞു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം പറഞ്ഞത്.

Read Also: ഫഹദിനും നസ്രിയയ്ക്കും ഒപ്പം സകുടുംബം ഫാസിൽ; കുടുംബചിത്രം വൈറലാവുന്നു

“കാസ്റ്റിങ് കൗച്ച് പോലൊരു രീതിയുടെ ആവശ്യം മലയാള സിനിമയിലില്ല. കാസ്റ്റിങ് കൗച്ചുകൊണ്ട് ആരും എവിടെയും എത്തുന്നില്ല. കഴിവിനു മാത്രമാണ് മലയാള സിനിമയില്‍ സ്ഥാനം. സിനിമയിലെത്താന്‍ കുറുക്കുവഴികള്‍ തേടരുത്. പരിശ്രമിച്ചുകൊണ്ടേയിരിക്കുക. കുറുക്കുവഴികളിലൂടെ ഒരു അവസരമൊക്കെ ലഭിച്ചെന്ന് വരാം. എന്നാല്‍, അതൊന്നും ശാശ്വതമല്ല. കഴിവിനാണ് ഇവിടെ പ്രാധാന്യം.” ടൊവിനോ പറഞ്ഞു.

Read Also: നിങ്ങൾ മഴ നനയുമ്പോൾ എനിക്കെന്തിന് കുട? സോഷ്യൽ മീഡിയയിൽ കൈയ്യടി നേടി ടൊവിനോ

സിനിമയിലെത്തും മുന്‍പ് തനിക്കുണ്ടായ ഒരു അനുഭവവും അഭിമുഖത്തില്‍ ടൊവിനോ പങ്കുവച്ചു. സിനിമയില്‍ അഭിനയിക്കാനുള്ള അവസരം തേടി നടന്നിരുന്ന സമയത്ത് അഭിനയിക്കാന്‍ പൈസ ചോദിച്ചവരുണ്ടെന്ന് ടൊവിനോ പറഞ്ഞു. ആദ്യ ഓഡിഷന്‍ അനുഭവത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ടൊവിനോ ഇത് പറഞ്ഞത്. ഒന്നര ലക്ഷം രൂപ വേണമെന്ന് ഒരാള്‍ ആവശ്യപ്പെട്ടു. അഭിനയിക്കാന്‍ വേണ്ടി ജോലി വരെ ഉപേക്ഷിച്ച സമയമായിരുന്നു അത്. അത്രയും പണമൊന്നും നല്‍കാന്‍ പറ്റില്ലെന്ന് അയാളോട് പറഞ്ഞു. പിന്നീട് ഒന്നര ലക്ഷമെന്നുള്ളത് ഒരു ലക്ഷമാക്കി. അതും തരാന്‍ സാധിക്കില്ലെന്ന് പറഞ്ഞപ്പോള്‍ 50,000 രൂപയെങ്കിലും വേണമെന്ന് അയാള്‍ പറഞ്ഞു. വീട്ടുകാര്‍ അറിഞ്ഞിട്ടൊന്നുമല്ല ഈ പരിപാടിക്ക് ഇറങ്ങി തിരിച്ചതെന്ന് അയാളോട് പറഞ്ഞ് താന്‍ സ്ഥലം വിട്ടതായും ടൊവിനോ പറയുന്നു. 50,000 രൂപ ഒന്നിച്ച് കണാത്ത കാലമായിരുന്നു അതെന്നും ടൊവിനോ അഭിമുഖത്തില്‍ പറഞ്ഞു.


സിനിമയിലെത്തിയപ്പോൾ എന്തുകൊണ്ട് പേര് മാറ്റിയില്ല എന്ന ചോദ്യത്തിനും ടൊവിനോ മറുപടി നൽകുന്നുണ്ട്. ടൊവിനോ എന്ന പേര് മാറ്റുന്നില്ലേ എന്നൊക്കെ സിനിമയിലെത്തിയ കാലത്ത് പലരും ചോദിച്ചിട്ടുണ്ട്. എന്നാൽ, പേര് മാറ്റേണ്ട ആവശ്യമില്ലെന്ന് തനിക്കുതോന്നി. ടൊവിനോ എന്നു വിളിച്ചാലേ വിളികേൾക്കാൻ പറ്റൂ. ടൊവിനോ എന്ന പേരുമാറ്റി വേറെ എന്തെങ്കിലും പേരിട്ടാൽ ചിലപ്പോ വിളി കേട്ടില്ലെങ്കിലോ. അപ്പോൾ, എല്ലാവരും പറയും ജാടയാണെന്ന്. അതുകൊണ്ടാണ് പേര് മാറ്റാതിരുന്നതെന്നും ടൊവിനോ ചിരിച്ചുകൊണ്ട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook