/indian-express-malayalam/media/member_avatars/N5ZjXXWsNcIdzMM523Jm.jpg )
/indian-express-malayalam/media/media_files/uploads/2023/08/siddique-.jpg)
സിദ്ദിഖ്; ശുദ്ധനര്‍മ്മത്തില്‍ പൊതിഞ്ഞ നാരങ്ങാമിഠായികള്‍ പോലുള്ള കഥകൾ പറഞ്ഞ പ്രിയ സംവിധായകൻ
സിനിമാപ്രേമിയായ ഒരു ശരാശരി മലയാളിയെ പോലെ റാംജി റാവു സ്പീക്കിംഗും ഗോഡ് ഫാദറും ഇൻ ഹരിഹർ നഗറും വിയറ്റ്നാം കോളനിയുമൊക്കെ ആവർത്തിച്ചാവർത്തിച്ച് കണ്ട് ഓരോ സീനും ഡയലോഗുകളും മനപാഠമായിരുന്ന കാലം. ആ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകരിൽ ഒരാളായ സിദ്ദിഖിനെ നേരിട്ട് കണ്ട് ഒരു അഭിമുഖം തയ്യാറാക്കാനുള്ള അവസരം കിട്ടിയപ്പോൾ ആദ്യം ബഹുമാനവും ആദരവുമൊക്കെ കലർന്ന ഭീതിയുണ്ടായിരുന്നു മനസ്സിൽ. അത്യാവശ്യം ഗൗരവവും സെലിബ്രിറ്റി തലക്കനവുമൊക്കെയുള്ള ഒരാളാവും എന്നു പ്രതീക്ഷിച്ചാണ് കാണാൻ ചെല്ലുന്നത്, 2009ലാണ് ആ കൂടിക്കാഴ്ച.
ആ സമയത്ത് സിദ്ദിഖ് സാറും കുടുംബവും കറുകപ്പള്ളിയ്ക്ക് അടുത്തുള്ള ഒരു ഫ്ളാറ്റിൽ താമസിക്കുകയായിരുന്നു. വിളിച്ചപ്പോൾ വളരെ സൗമ്യമായ സ്വരത്തിൽ വഴി പറഞ്ഞുതന്നു. കൊച്ചിയിൽ എത്തിയിട്ട് അന്ന് അധിക നാളായിട്ടില്ല. നഗരത്തിന്റെ ഭൂമിശാസ്ത്രമൊക്കെ പഠിച്ചുവരുന്നതേയുള്ളൂ. സ്ഥലം പിടിക്കിട്ടാതെ ആ ഏരിയയിൽ തന്നെ വട്ടം ചുറ്റികൊണ്ടിരിക്കുന്ന എന്റെ ഫോണിലേക്ക് അടുത്ത കോളുമെത്തി. "എവിടെയായി? വഴി തെറ്റിപ്പോയോ?"
അൽപ്പമൊന്നു വട്ടം കറങ്ങിയതിനു ശേഷം ലിഫ്റ്റെല്ലാം കയറി മുകളിൽ ചെല്ലുമ്പോൾ വാതിലിനു മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു നിറച്ചിരിയോടെ…. "ആ ജംഗ്ഷനിൽ പെട്ട് ഒന്നു കുഴഞ്ഞല്ലേ…?" എന്നു കുശലം പറഞ്ഞു. അഭിമുഖത്തിനു മുൻപു തന്നെ അപരിചിതത്വത്തിൻ്റെ മഞ്ഞുരുക്കാൻ വിനയത്തോടെയും സ്നേഹത്തോടെയുമുള്ള ആ പെരുമാറ്റം എന്നെ സഹായിച്ചു.
ഭാര്യ സജിതയേയും ഇളയമകൾ സുക്കൂനെയും പരിചയപ്പെടുത്തി തന്നു. "ഇതെന്റെ ഹൃദയമാണ്," സൂക്കൂനെ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു. സുക്കൂൻ എന്നെ നോക്കി അതിമനോഹരമായി പുഞ്ചിരിച്ചു. സെറിബ്രൽ പാൾസി ബാധിച്ച കുട്ടിയായിരുന്നു സുക്കൂൻ. അഭിമുഖം തീരുന്നതുവരെ സുക്കൂനും ഞങ്ങൾക്കൊപ്പം ആ ലിവിംഗ് ഏരിയയിൽ തന്നെയുണ്ടായിരുന്നു.
ഹാജി ഇസ്മായിൽ റാവുത്തറുടെയും സൈനബയുടെയും എട്ട് മക്കളിലെ രണ്ടാമനായ തനിക്ക് മിമിക്രിയോട് ഇഷ്ടം തോന്നാൻ ഇടയാക്കിയ കഥയും കലാലയ ജീവിതവും കലാഭവൻ ജീവിതവുമൊക്കെ സംസാരിച്ചു. മിമിക്രി ലോകത്തെ പ്രിയപ്പെട്ട ചങ്ങാതിമാരെ കുറിച്ച്…. ഒരുപാട് വർഷങ്ങൾ ഒരു മനസ്സും ഇരുമെയ്യുമായി ജീവിച്ച ചങ്ങാതി ലാലിനെ കുറിച്ച്… സിനിമയ്ക്കു പിന്നാലെയുള്ള അലച്ചിലുകളെ കുറിച്ച്… നാടോടിക്കാറ്റിന്റെ കഥ ഒരുക്കിയതിനെ കുറിച്ച്….
"അപ്പോൾ യഥാർത്ഥ ജീവിതത്തിലെ ആ ദാസനും വിജയനും നിങ്ങളായിരുന്നല്ലേ?," എന്ന എന്റെ ചോദ്യത്തിന് "ഞാനും ലാലും ഒരുകാലത്ത് കണ്ടുകൂട്ടിയ സ്വപ്നങ്ങൾക്ക് കണക്കില്ല," എന്നു പറഞ്ഞു... രസകരമായ ഒരുപാട് കഥകൾ ഓർത്തെടുത്തു.
പാച്ചിക്കയെ കുറിച്ചു പറയുമ്പോഴെല്ലാം അദ്ദേഹം വാചാലനാവും. സിദ്ദിഖിനെ സംബന്ധിച്ച് സിനിമയിലെ ഗോഡ് ഫാദർ തന്നെയായിരുന്നു ഫാസിൽ. സിനിമയോട് അപാരമായ പാഷനുമായി തന്റെ മുന്നിലെത്തിയ ആ രണ്ടു ചെറുപ്പക്കാരെ കൈപ്പിടിച്ച് ഉയർത്താനും ചേർത്തുനിർത്താനും ഫാസിൽ ഒരിക്കലും മടിച്ചില്ല. സിദ്ദിഖും ലാലും ആദ്യമായി സംവിധാനം ചെയ്ത 'റാംജി റാവു സ്പീക്കിംഗ്' എന്ന ചിത്രത്തിന്റെ നിർമാതാവും ഫാസിൽ ആയിരുന്നു.
ഞങ്ങളുടെ സംസാരം നീണ്ടുപോവുമ്പോഴും ഇടയ്ക്ക് സുക്കൂനോട് സംസാരിക്കുന്നുണ്ട് അദ്ദേഹം. മകളുടെ സന്തോഷത്തിനു എന്തിനേക്കാളും വില നൽകുന്ന ആ അച്ഛനെ ഞാൻ പലപ്പോഴും കൗതുകത്തോടെയാണ് നോക്കിയത്. ഭക്ഷണവും കഴിപ്പിച്ചാണ് അന്നെന്നെ തിരികെ യാത്രയാക്കിയത്.
പിന്നീട് കണ്ടത്, ഒരു വർഷം കഴിഞ്ഞ് കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഒരു എക്സിബിഷനിടയിലായിരുന്നു. വിശിഷ്ടാതിഥിയായി എത്തിയതായിരുന്നു സാർ. തന്നെ പൊതിഞ്ഞ ഓരോ മനുഷ്യരോടും സൗമ്യനായി സംസാരിക്കുന്ന അദ്ദേഹത്തിന് അരികിലേക്ക് ഞാനും ചെന്നു. ആൾക്കൂട്ടമൊഴിഞ്ഞപ്പോൾ അടുത്തു ചെന്ന് പരിചയം പുതുക്കി. പറഞ്ഞുതുടങ്ങിയപ്പോഴേ ആളെന്നെ ഓർത്തെടുത്തു. ഞാൻ കൂടെയുണ്ടായിരുന്ന ഭർത്താവിനെ പരിചയപ്പെടുത്തി. കൈകൾ ഭവ്യതയോടെ നെഞ്ചിൽ വച്ച് പതിഞ്ഞ സ്വരത്തിൽ സാറും സ്വയം പരിചയപ്പെടുത്തി, ഞാൻ സിദ്ദിഖ്! അത്രയും ലളിതമായിരുന്നു അദ്ദേഹത്തിന്റെ രീതികൾ. പ്രശസ്തി പൊതിയുമ്പോഴും മണ്ണിൽ കാലൂന്നി നിന്ന് മനുഷ്യരോട് സമന്മാരോടെന്ന പോലെ പെരുമാറി.
2012ൽ, വീണ്ടുമൊരു അഭിമുഖത്തിനായി അദ്ദേഹത്തെ വിളിച്ചു. അപ്പോഴേക്കും സിദ്ദിഖ് സാർ ബോളിവുഡിലും തന്റെ കയ്യൊപ്പു ചാർത്തിയിരുന്നു. സൽമാൻ ഖാനെ നായകനാക്കി ബോഡിഗാർഡ് ചെയ്തിട്ട് ഹിറ്റായിരിക്കുന്ന സമയം. 250 കോടിയോളം രൂപയാണ് ആ ചിത്രം ബോക്സ് ഓഫീസിൽ നിന്നും കളക്റ്റ് ചെയ്തത്. തമ്മനത്ത് ഡിഡി വില്ലയ്ക്ക് സമീപത്തായി സിദ്ദിഖ് സാർ ഒരു പുതിയ ഓഫീസ് എടുത്തിരുന്നു ആ സമയത്ത്. മോഹൻലാലിനെ നായകനാക്കി 'ലേഡീസ് ആൻഡ് ജെന്റിൽമാൻ' എന്ന ചിത്രമൊരുക്കുന്നതുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നു അദ്ദേഹം. വിയറ്റ്‌നാം കോളനിയ്ക്ക് ശേഷം പ്രിയപ്പെട്ട മോഹന്‍ലാലിനൊപ്പം വീണ്ടും ഒന്നിക്കുന്നതിന്റെ സന്തോഷത്തിലും പ്രസരിപ്പിലുമായിരുന്നു.
അഭിമുഖം പ്ലാൻ ചെയ്തെങ്കിലും അപ്രതീക്ഷിതമായ തിരക്കുകൾ കൊണ്ട് മീറ്റിംഗ് പലകുറി മാറ്റി വയ്‌ക്കേണ്ടി വന്നു. ഒടുവിലൊന്നു ഫ്രീയായപ്പോൾ സാർ തിരിച്ചുവിളിച്ചു, "നമുക്കിന്നു കണ്ടാലോ?" ആ കാൾ വരുമ്പോൾ ടൗണിൽ തന്നെ ഉണ്ടായിരുന്നു ഞാൻ, കൂടെ ഭർത്താവും കൈകുഞ്ഞായ മകളുമുണ്ട്, ഞങ്ങളൊരു ഷോപ്പിംഗിന് ഇറങ്ങിയതായിരുന്നു. "എന്നാൽ നേരെയിങ്ങു പോന്നോളൂ, അവരെയും കൊണ്ടുവരൂ," എന്നായി സാർ. അങ്ങനെ 'കുടുംബസമേത'മാണ് ആ തവണ ഞാൻ സാറിനെ ഇന്റർവ്യൂ ചെയ്യുന്നത്.
ഒരു പഴയ കുടുംബസുഹൃത്തിനെ കണ്ടതുപോലെയായിരുന്നു അദ്ദേഹം ഞങ്ങളെ ഓഫീസിലേക്ക് സ്വാഗതം ചെയ്തത്. പോയവര്‍ഷം ബോളിവുഡിൽ കോടികള്‍ തകര്‍ത്തുവാരിയ ചിത്രത്തിന്റെ സംവിധായകനാണ് മുൻപിൽ. ഏതു സൗത്ത് ഇന്ത്യന്‍ സംവിധായകനും കൊതിക്കുന്നൊരു നേട്ടം സ്വന്തമാക്കിയതിന്റെ ഭാവമൊന്നും ആ മുഖത്തു കണ്ടില്ല. ആകെ വന്ന മാറ്റം, പുതിയ ഫോണും നോട്ട് പാഡും റേഞ്ച് റോവര്‍ കാറും മാത്രം. വിജയങ്ങളൊന്നും, പെരുമാറ്റത്തിലും സംസാരത്തിലും വിനയം മാത്രം ശീലിച്ച ഈ മനുഷ്യനെ അഹങ്കാരിയാക്കുന്നില്ല.
മകളെ കണ്ടപ്പോൾ വാത്സല്യത്തോടെ അദ്ദേഹം കൈനീട്ടി. ഒരു അപരിചത്വവും കൂടാതെ അവൾ എന്റെ കയ്യിൽ നിന്നും അദ്ദേഹത്തിന്റെ കൈകളിലേക്ക് ചാടി. "സാധാരണ ഇത്രയും ചെറിയ കുട്ടികൾ ഞാൻ കൈനീട്ടിയാൽ അടുത്തേക്ക് വരില്ല. എന്റെ താടിയൊക്കെ കണ്ടു പേടിച്ചിട്ട്. നല്ല കരച്ചിലുമാവും. ഇവളെന്നെ ഞെട്ടിച്ചു," എന്നു പറഞ്ഞ് അവളെ ലാളിച്ചു.
/indian-express-malayalam/media/media_files/uploads/2023/08/siddique-3-1.jpg)
അപ്പോഴേക്കും ഞങ്ങളുടെ ഫോട്ടോഗ്രാഫറും സ്ഥലത്തെത്തി. മകൾക്കൊപ്പം അദ്ദേഹം കുറേ ചിത്രങ്ങൾക്കു പോസ് ചെയ്തു. അവളെയും കയ്യിലെടുത്തു സംസാരിക്കുന്നതിനിടയിൽ അവളുടെ കുഞ്ഞികൈകൾ ആ താടിയൊക്കെ പിടിച്ചുവലിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനു ബുദ്ധിമുട്ടാവുമെന്നോർത്ത് ഞാനവളെ തിരികെയെടുക്കാൻ നോക്കിയപ്പോൾ, "ഏയ് കുഴപ്പമില്ല അവളിവിടെ ഇരുന്നു കളിച്ചോട്ടെ," എന്നു പറഞ്ഞു. "പെൺകുട്ടികളുടെ അച്ഛനായിരിക്കുക എന്നത് വേറെയൊരു അനുഭവമാണല്ലേ," എന്നൊക്കെ അദ്ദേഹം ഭർത്താവിനോട് സംസാരിക്കുന്നുണ്ടായിരുന്നു. ഒരിക്കലും മറക്കാനാവാത്ത മുഹൂർത്തങ്ങൾ സമ്മാനിച്ചൊരു സായാഹ്നമായിരുന്നു അത്.
/indian-express-malayalam/media/media_files/uploads/2023/08/siddique-4.jpg)
സിനിമാ പ്രമോഷൻ പരിപാടികളിലും തിയേറ്ററുകളിലുമൊക്കെ വച്ച് പിന്നീടും പലവട്ടം ഞങ്ങൾ നേരിൽ കണ്ടു. എത്ര ആൾക്കൂട്ടത്തിനിടയിൽ വച്ചു കണ്ടാലും ചിരിയോടെ കൈ ഉയർത്തും. അടുത്തുവിളിച്ച് സ്നേഹത്തോടെ സംസാരിക്കും. കാണുമ്പോഴെല്ലാം മകളെ കുറിച്ച് അന്വേഷിക്കും, ഞാൻ തിരിച്ച് സുക്കുന്റെ വിശേഷങ്ങളും തിരക്കും.
ഒടുവിൽ കണ്ടത്, 2019 ഡിസംബറിലാണ്. 'ബിഗ് ബ്രദറി'ന്റെ ഓഡിയോ ലോഞ്ച് ദർബാർ ഹാൾ ഗ്രൗണ്ടിൽ നടക്കുന്ന സമയത്തായിരുന്നു. മോഹൻലാൽ ഉൾപ്പെടെ ചിത്രത്തിലെ നിരവധി താരങ്ങൾ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഓപ്പൺ സ്റ്റേജ് പ്രോഗ്രാം ആയതിനാൽ വലിയ ക്രൗഡ് തന്നെ ഉണ്ടായിരുന്നു. ആ തിരക്കിൽ എനിക്കു ശ്വാസം മുട്ടി. പരിപാടി കഴിഞ്ഞ് ബൗൺസർമാർക്കിടയിലൂടെ തിരികെ കാറിലേക്ക് കയറുന്നതിനിടയിൽ, ഒരു മിന്നായം പോലെ അദ്ദേഹമെന്നെ കണ്ടു. കൈ ഉയർത്തി വീശി പരിചയത്തിന്റെ ചിരി സമ്മാനിച്ച്, ചുറ്റും വലയം തീർത്ത ബൗൺസർമാർക്കിടയിലൂടെ അദ്ദേഹം നടന്നു കാറിൽ കയറി. അതായിരുന്നു അവസാന കാഴ്ച.
പക്ഷേ, ആ അവസാന കാഴ്ചയേക്കാളും തിളക്കത്തിൽ എന്റെ മനസ്സിലൊരു വിഷ്വൽ പതിഞ്ഞു കിടപ്പുണ്ട്. സൂക്കൂനെ ചേർത്തുപിടിച്ച് നിറഞ്ഞ ചിരിയോടെ, അപാരമായ വാത്സല്യത്തോടെ, "ഇതെന്റെ ഹൃദയമാണ്," എന്നു ചേർത്തു നിർത്തുന്ന സിദ്ദിഖ് സാർ, ഒരു പക്ഷികുഞ്ഞിനെ പോലെ ഉപ്പയുടെ ചൂടിലേക്ക് ചേർന്നു നിൽക്കുന്ന സുക്കൂൻ, ആ കണ്ണിലെ തിളക്കം, സന്തോഷം.
തന്റെ മൂന്നു പെൺമക്കളെയും അഭിമാനമായി കാണുന്നൊരു അച്ഛനായിരുന്നു അദ്ദേഹം. അവരെ വഴക്കു പറയാത്ത, കുട്ടികളെ 'പ്രഷർ കുക്കറി'ൽ അടക്കാത്ത, സ്നേഹസമ്പന്നനായൊരു അച്ഛൻ. എഴുതുന്ന കഥകളൊക്കെ മക്കളോടും ഭാര്യയോടുമൊക്കെ ചർച്ച ചെയ്യുന്ന ഒരാൾ. അല്ലെങ്കിലും, ശുദ്ധനര്‍മ്മത്തില്‍ പൊതിഞ്ഞ നാരങ്ങാമിഠായികള്‍ പോലുള്ള കഥകൾ സിദ്ദിഖ് ലാൽമാർ കണ്ടെത്തിയത് തങ്ങളുടെ ചുറ്റുവട്ടത്തുനിന്നു തന്നെ ആയിരുന്നല്ലോ.
മരണത്തിനും ജീവിതത്തിനും ഇടയിൽ ആ ജീവൻ പിടഞ്ഞുകൊണ്ടിരുന്ന ഇന്നലെ ഞാനോർത്തതു മുഴുവനും ആ പെൺകുട്ടികളെ കുറിച്ചാണ്. ജീവിതത്തിലേക്ക് തിരികെയെത്താൻ ഒരു ശതമാനം മാത്രം പ്രതീക്ഷയേ ബാക്കിയുള്ളൂ എന്ന് ഡോക്ടർമാർ അറിയിച്ചിട്ടും ആ കുട്ടികൾ കാത്തിരുന്ന മിറാക്കിൾ അവരുടെ ഉപ്പ ഉണർന്നു വരുന്ന ആ നിമിഷത്തിനു വേണ്ടിയാവില്ലേ... മരണം മണക്കുന്ന ആ ഇടനാഴിയിൽ നിന്നും അദ്ദേഹമുണർന്ന് സുക്കൂന് അരികിലേക്ക് തിരികെയെത്തിയിരുന്നെങ്കിൽ എന്ന് വല്ലാതെ കൊതിച്ചു, പ്രാർത്ഥിച്ചു. പക്ഷേ...
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.