ആദിയ്ക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം പ്രഖ്യാപിച്ചു. ആദിയിലൂടെ അരങ്ങേറ്റം ഗംഭീരമാക്കിയ പ്രണവിന്റെ അടുത്ത ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയായിരുന്നു. നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടമാണ് പ്രഖ്യാപനം നടത്തിയത്.

മുളകുപാടം ഫിലിംസിന്റ ബാനറില്‍ ടോമിച്ചന്‍ തന്നെ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായകന്‍ അരുണ്‍ ഗോപിയാണ്. അരുണിന്റേയും രണ്ടാമത്തെ ചിത്രമാണിത്. ദിലീപ് നായകനായ രാമലീലയായിരുന്നു അരുണ്‍ ഗോപിയുടെ അരങ്ങേറ്റ ചിത്രം.

ജൂണ്‍ മാസത്തോടെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും ടോമിച്ചന്‍ അറിയിച്ചു. അതേസമയം, ചിത്രത്തിന്റെ പേരോ മറ്റ് താരങ്ങള്‍ ആരെന്നോ അറിയിച്ചിട്ടില്ല.

ആദ്യ ചിത്രത്തില്‍ തന്നെ കൈയ്യടി നേടിയ പ്രകടനമായിരുന്നു പ്രണവിന്റേത്. ചിത്രം സമ്മിശ്ര പ്രതികരണം നേടിയപ്പോള്‍ പ്രണവിന്റെ ആക്ഷന്‍ രംഗങ്ങളിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

ടോമിച്ചന്‍ മുളകുപാടത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘നിങ്ങളെ പോലെ എനിക്കും ഏറെ സന്തോഷം പകരുന്ന ഒരു വാര്‍ത്ത നിങ്ങളോട് പങ്കു വയ്ക്കുകയാണ്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ആദിക്ക് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന രണ്ടാമത്തെ ചിത്രം നിര്‍മ്മിക്കുന്നത് മുളകുപ്പാടം ഫിലിംസാണ്. രാമലീലക്ക് ശേഷം അരുണ്‍ ഗോപി തിരക്കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ജൂണ്‍ മാസത്തോട് കൂടി ചിത്രീകരണം ആരംഭിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയും പിന്തുണയും എന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ