കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപ് നായകനായി അഭിനയിച്ച ചിത്രം രാമലീല റിലീസ് ചെയ്യുന്നതിനു പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമാതാവ് ടോമിച്ചൻ മുളകുപാടം ഹൈക്കോടതിയിൽ ഹർജി നൽകി.
ഈ മാസം 28 ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ചിത്രത്തിന്റെ സംവിധായകൻ അരുൺ ഗോപിയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടത്. നടിയെ ആക്രമിച്ചതിന്റെ ഗൂഢാലോചനക്കേസിൽ ദിലീപ് അറസ്റ്റിലായതിനു പിന്നാലെയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചത്.
ലയൺ എന്ന ചിത്രത്തിന് ശേഷം ദിലീപ് ശക്തനായ രാഷ്ട്രീയ നേതാവായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണിത്. പുലിമുരുകന് എന്ന വൻ ഹിറ്റ് ചിത്രത്തിനു ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന സിനിമയാണ് രാമലീല. പ്രയാഗ മാർട്ടിൻ ആണ് ചിത്രത്തിൽ ദിലീപിന്റെ നായിക. രാധിക ശരത്കുമാറാണ് ദിലീപിന്റെ അമ്മ വേഷത്തിൽ എത്തുന്നത്. 24 വർഷത്തിന് ശേഷം രാധിക അഭിനയിക്കുന്ന മലയാളചിത്രം കൂടിയാണ് രാമലീല.
സലിം കുമാർ, മുകേഷ്,സിദ്ദിഖ്, വിജയരാഘവന്, കലാഭവന്‍ ഷാജോണ്‍ എന്നിവരും ചിത്രത്തിലുണ്ട്. സച്ചിയുടേതാണ് തിരക്കഥ. ബി.കെ ഹരിനാരായണന്റെ ഗാനങ്ങള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം നൽകിയിരിക്കുന്നത്.