മിഷൻ ഇംപോസിബിൾ പരമ്പരയിലെ ആറാമത്തെ സിനിമയാണ് ‘മിഷൻ ഇംപോസിബിൾ ഫാൾഔട്ട്’. നോർവേയിലെ പ്രശസ്തമായ പൾപിറ്റ് റോക്കിന് മുകളിൽവച്ചാണ് ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങൾ ഷൂട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഒന്നാണ് ഈ കിഴക്കാംതൂക്കായ പാറ.

സിനിമയിലെ ക്ലൈമാക്സിലെ ടോം ക്രൂയിസിന്റെ ആക്ഷൻ രംഗങ്ങൾ ഇവിടെവച്ചാണ് സംവിധായകൻ ക്രിസ്റ്റഫർ മക്വയർ ഷൂട്ട് ചെയ്തത്. സമുദ്രനിരപ്പിൽനിന്ന് 2,000 അടി മുകളിലാണ് പൾപിറ്റ് പാറ സ്ഥിതി ചെയ്യുന്നത്. മിഷൻ ഇംപോസിബിളിന്റെ ആരാധകർക്കായി ഇതേ സ്ഥലത്തുവച്ച് ചിത്രത്തിന്റെ പ്രദർശനം നടത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

2,000 ത്തോളം പേർ നാലു മണിക്കൂർ നടന്നാണ് ചിത്രത്തിന്റെ പ്രദർശനം കാണാനായി പൾപിറ്റ് റോക്കിലെത്തിയത്. സ്ക്രീനിങ്ങിന്റെ ചിത്രം ടോം ക്രൂയിസ് ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്.

ലോകത്താകമാനം മിഷൻ ഇംപോസിബിൾ ഫാൾഔട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം ബോക്സോഫിസിൽ ഇതിനോടകം 61.5 മില്യൻ കളക്ഷൻ നേടിയിട്ടുണ്ട്. ഇന്ത്യയിൽ അഞ്ചു ദിവസം കൊണ്ട് 56 കോടിയാണ് ചിത്രം വാരിക്കൂട്ടിയതെന്നാണ് റിപ്പോർട്ടുകൾ.

1996ലാണ് മിഷന്‍ ഇംപോസിബിളിന്‍റെ ആദ്യ ഭാഗം റിലീസ് ചെയ്തത്. 2000ൽ മിഷന്‍ ഇംപോസിബിൾ രണ്ടാം ഭാഗവും 2006ൽ മൂന്നാം ഭാഗവും പ്രദർശനത്തിന് എത്തി. 2011ലാണ് മിഷന്‍ ഇംപോസിബിള്‍ നാലാം ഭാഗം പുറത്തിറങ്ങിയത്. ഇതിൽ ഒരു ഭാഗം ഇന്ത്യയിൽ ചിത്രീകരിച്ചിട്ടുണ്ട്. 2015ലാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം പുറത്തിറങ്ങിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook